ഒമാന്‍ വിളിച്ചു; സഹായിക്കാമെന്ന് കേരളം, ആദ്യം 100 ബോട്ടുകള്‍, നല്ല ശമ്പളത്തില്‍ ജോലി സാധ്യത
മസ്‌കത്ത്: കേരളവുമായി നൂറ്റാണ്ടുകളുടെ ബന്ധമുള്ള രാജ്യമാണ് ഒമാന്‍. കേരളത്തിലേതിന് സമാനമായ കാലാവസ്ഥയും ഒമാനെ മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. തീരദേശമായതിനാല്‍ സമുദ്രോല്‍പ്പന്നങ്ങളില്‍ വലിയ പ്രതീക്ഷയാണ് ഒമാന്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത കാരണം ചില വെല്ലുവിളികള്‍ നേരിടുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ സഹായം തേടിയിരിക്കുന്നത്.
കേരളത്തില്‍ നിന്ന് ഒമാനിലേക്ക് വൈകാതെ ഫൈബര്‍ ബോട്ടുകള്‍ എത്തും. മൂന്ന് ദിവത്തിലധികം കടലില്‍ തങ്ങാനും മീന്‍ പിടിക്കാനും സാധിക്കുന്ന ബോട്ടുകള്‍. അരൂരിലെ സമുദ്ര ഷിപ്പ് യാര്‍ഡ് എന്ന കമ്പനിയാണ് ബോട്ടുകള്‍ നിര്‍മിച്ച് ഒമാനിലേക്ക് അയക്കുന്നത്. മറ്റു പല കമ്പനികളും വൈകാതെ ഇതിന്റെ ഭാഗമാകുമെന്നാണ് വിവരം. ഒട്ടേറെ ജോലി സാധ്യതകള്‍ കൂടി ഒരുങ്ങുന്നുണ്ട്.

മല്‍സ്യബന്ധന മേഖല കൂടുതല്‍ സജീവമാക്കാനാണ് ഒമാന്റെ തീരുമാനം. ആഴക്കടല്‍ മല്‍സ്യബന്ധനം ശക്തമാക്കും. ഇതിനു വേണ്ടിയാണ് കേരളത്തില്‍ നിന്ന് ഫൈബര്‍ ബോട്ടുകള്‍ നിര്‍മിച്ച് കൊണ്ടുപോകുന്നത്. ഒമാന്റെ ഫിഷറീസ് മന്ത്രാലയം മുന്‍കൈയ്യെടുക്കുന്ന ഈ പദ്ധതി ഇന്തോ ഗള്‍ഫ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തിലാണ്.
ആദ്യ ഘട്ടത്തില്‍ 100 ബോട്ടുകള്‍ നിര്‍മിച്ച് അയക്കും. ഏകദേശം ചുറ്റുഭാഗവും എന്ന പോലെ കടല്‍തീരമുള്ള രാജ്യമാണ് ഒമാന്‍. എങ്കിലും അതിന്റെ നേട്ടം കൊയ്യാന്‍ അവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. അടിസ്ഥാന സൗകര്യം വിപുലീകരിച്ചാല്‍ സമുദ്രോല്‍പ്പന്ന കയറ്റുമതി കൂടുതല്‍ മെച്ചപ്പെടുത്താമെന്ന് ഒമാന്‍ ഭരണകൂടം മനസിലാക്കുന്നു. ഹാര്‍ബറുകളും ബോട്ടുകളും അത്യാധുനിക ഉപകരങ്ങളും ഒരുക്കാനാണ് ഒമാന്റെ ശ്രമം.
ജോലിയും മികച്ച ശമ്പളവും പ്രതീക്ഷിക്കാം
ഒമാനിലെ മീന്‍ പിടിത്തക്കാര്‍ സാധാരണ ഉപയോഗിക്കുന്നത് ഒരു ദിവസം മല്‍സ്യബന്ധനം സാധ്യമാക്കുന്ന ബോട്ടുകളാണ്. എന്നാല്‍ കേരളത്തിലെ മല്‍സ്യത്തൊഴിലളികള്‍ ഒരാഴ്ച വരെ കടലില്‍ തങ്ങാവുന്ന നിലയിലുള്ള ബോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്രയും ദിവസങ്ങള്‍ കഴിക്കാനുള്ള ഭക്ഷണവും മല്‍സ്യം ലഭിച്ചാല്‍ സംഭരിക്കാനുമുള്ള സൗകര്യവും ബോട്ടിലുണ്ട്. സമാനമായ ബോട്ടുകള്‍ ഒമാനിലേക്ക് അയക്കാനാണ് ശ്രമം.
15 മീറ്റര്‍ വരെ നീളമുള്ള ബോട്ടുകളാണ് കേരളത്തില്‍ നിന്ന് ഒമാന് കൈമാറുക. ആറ് ടണ്ണില്‍ അധികം സംഭരണ ശേഷിയും ഇതിനുണ്ടാകും. 15ല്‍ അധികം തൊഴിലാളികള്‍ക്ക് ഒരുമിച്ച് ജോലി ചെയ്യാന്‍ സാധിക്കുന്നതാകും ബോട്ട്. കേരളത്തില്‍ 30ല്‍ അധികം പേര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന ബോട്ടുകളുണ്ട്. പുതിയ ബോട്ടുകള്‍ ലഭിച്ചാല്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മല്‍സ്യം കൂടുമെന്നാണ് പ്രതീക്ഷ.
മത്തി, അയല, അയക്കൂറ, ആവോലി തുടങ്ങിയ മീനുകളെല്ലാം ഒമാനില്‍ നിന്ന് നിലവില്‍ കേരളത്തിലെത്തുന്നുണ്ട്. ഒമാന്റെ മത്തിയാണ് ഇതില്‍ എടുത്തു പറയേണ്ടത്. അല്‍പ്പം വലിപ്പക്കൂടുതലുള്ളതാണ് ഒമാന്റെ മത്തിക്ക്. ബോട്ടുകള്‍ ഒമാനില്‍ എത്തുന്നതോടെ അവിടെയുള്ള മലയാളി പ്രവാസികള്‍ക്ക് ജോലി അവസരവും ഒരുങ്ങും. ആഴക്കടല്‍ മല്‍സ്യബന്ധനത്തില്‍ പ്രാവീണ്യമുള്ളവര്‍ക്ക് നേട്ടമാകും. ലോകത്ത് ഏറ്റവും മൂല്യമുള്ള കറന്‍സികളിലൊന്നാണ് ഒമാന്‍ റിയാല്‍. അതുകൊണ്ടുതന്നെ മികച്ച ശമ്പളവും പ്രതീക്ഷിക്കാം.












Click it and Unblock the Notifications