ഒമാൻ: ബാങ്ക് ഉദ്യോഗസ്ഥനാണെന്ന വ്യാജേന ഫോൺ ചെയ്തു; ഒടിപി പങ്കുവെച്ച യുവതിയുടെ 10000 റിയാൽ നഷ്ടമായി
മസ്ക്കറ്റ്: യുവതിയുടെ അക്കൗണ്ടിൽ നിന്ന് പതിനായിരം റയാൽ നഷ്ടമായി. ബാങ്കിംഗ് വിവരങ്ങൾ അപഡേറ്റ് ചെയ്യാൻ എന്ന് പറഞ്ഞ് വിളിച്ച ആൾക്ക് ഒ ടി പി ( വൺ ടൈം പാസ് വേഡ്) പറഞ്ഞുകൊടുത്തതോടെയാണ് യുവതിയുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്. തട്ടിപ്പ് തടത്തിയ ആളെ ദാഹിറ ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തു.
ഏഷ്യൻ പൗരനായ വ്യക്തിയാണ് ബാങ്ക് ഉദ്യോഗസ്ഥനാണെന്നും അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്നും പറഞ്ഞ് യുവതിയെ വിളിച്ചത്. ഇയാളുടെ സംസാരത്തിൽ സംശയം ഒന്നും തോന്നാത്തതിനാൽ യുവതി ഒ ടി പി കൈമാറി. തൊട്ട് പിന്നാലെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതോടെയാണ് തട്ടിപ്പിന് ഇരയായി എന്നത് യുവതിക്ക് വ്യക്തമായത്.

ഓൺലൈൻ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് റോയൽ ഒമാൻ പോലീസും ബാങ്കിംഗ് അധികൃതരും ദിവസേന ബോധവത്ക്കരണം നടത്തുന്നുണ്ടെങ്കിലും ഇത്തരം സംഘം നടത്തുന്ന തട്ടിപ്പിൽ പലരും വീണുപോവുകയാണ്. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതരായ വ്യക്തികൾക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പോലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ നിർദ്ദേശങ്ങളിലാണ് ബാങ്ക് കാർഡിന്റെ വിശദാംശങ്ങൾ, സി വി വി കോഡ്, ഒ ടി പി എന്നിവ കൈമാറരുതെന്ന് ആർ ഒ പി നിർദ്ദേശിച്ചിരിക്കുന്നത്. വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഒ ടി പി ( വൺ ടൈം പാസ് വേഡ് ) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺകോളുകളെക്കുറിച്ചും മെസേജുകളെക്കുറിച്ചും ജാഗ്രത തുടരണമെന്നാണ് ബാങ്കിംഗ് മേഖലയിൽ ഉള്ളവർ നൽകുന്ന നിർദ്ദേശം.
വിവരങ്ങൾ ശേഖരിച്ച് കഴിഞ്ഞ് അക്കൗണ്ടിൽ നിന്ന് പണം തട്ടുന്നരീതിയാണ് വ്യാപകമായി സ്വീകരിച്ചുവരുന്നത്. ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങുന്നതിനും തട്ടിപ്പ് സംഘം ഇത്തരം രീതി ഉപയോഗിക്കുന്നുണ്ട്. ഫോൺകോൾ, ടെക്സ്റ്റ് മെസേജ്, സോഷ്യൽ മീഡിയ എന്നിവയിലൂടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാതിരിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലോ മറ്റ് ഡിജിറ്റൽ ഉപകരണത്തിലോ ഒരു ലോഗിൻ സെഷനോ ഇടപാടിനോ മാത്രം സാധുതയുള്ള പാസ്‌വേഡാണ് ഒ ടി പി.












Click it and Unblock the Notifications