വന്‍ ലാഭം കൊയ്ത് ഖത്തര്‍ എയര്‍വേയ്‌സ്; തുണയായത് ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്
ദോഹ: ലോകത്തെ പ്രധാന വിമാന കമ്പനികളിലൊന്നാണ് ഖത്തര്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഖത്തര്‍ എയര്‍വേയ്‌സ്. കൊവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലായ കമ്പനി വീണ്ടും പച്ചപിടിച്ചിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 120 കോടി ഡോളറിന്റെ ലാഭമാണ് കൊയ്തത്. ദോഹയില്‍ നടന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരമാണ് ലാഭത്തിന് വഴിയൊരുക്കിയത്.
ഖത്തര്‍ എയര്‍വേയ്‌സിന്റെ വരുമാനം ഇതോടെ 2100 കോടി ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 45 ശതമാനം അധികമാണിത്. കഴിഞ്ഞ വര്‍ഷം മൂന്ന് കോടിയിലധികം പേര്‍ യാത്ര ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 71 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങളുമായി ബന്ധപ്പെട്ട് 14 ലക്ഷം യാത്രക്കാരാണ് ഖത്തര്‍ എയര്‍വേയ്‌സിനെ ആശ്രയിച്ചത്.

160 ലധികം കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് വിപുലീകരിച്ചിട്ടുണ്ട്. യുഎഇയുടെ എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നിവയാണ് ഖത്തര്‍ എയര്‍വേയ്‌സുമായി മല്‍സരിക്കുന്ന മറ്റു രണ്ടു വിമാന കമ്പനികള്‍. കൊവിഡ് കാലത്ത് ലോകത്തെ മിക്ക വിമാന കമ്പനികളും പ്രതിസന്ധിയിലായിരുന്നു. സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യമായിരുന്നു അത്.
കൊവിഡ് കാലത്ത് സര്‍ക്കാരുകളുടെ പിന്തുണയോടെയാണ് പ്രധാന വിമാന കമ്പനികളെല്ലാം പിടിച്ചുനിന്നത്. 300 കോടി ഡോളറാണ് അന്ന് ഖത്തര്‍ ഭരണകൂടം ഖത്തര്‍ എയര്‍വേയ്‌സിന് നല്‍കിയത്. സമാനമായ അവസ്ഥ തന്നെയായിരുന്നു എമിറേറ്റ്‌സിനും. ദുബായ് ഭരണകൂടം കോടികളാണ് എമിറേറ്റ്‌സിന് വേണ്ടി മാറ്റിവച്ചിരുന്നത്.
ഖത്തര്‍ എയര്‍വേയ്‌സിനെ കുറിച്ച്...
ദോഹയിലെ ഖത്തര്‍ എയര്‍വേയ്‌സ് ടവറിലാണ് കമ്പനിയുടെ പ്രധാന ഓഫീസ്. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, അമേരിക്ക, ഓഷ്യാന എന്നീ മേഖലകളിലേക്കെല്ലാം സര്‍വീസ് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മിക്ക ആഫ്രിക്കന്‍-യൂറോപ്പ് യാത്രക്കാരും ഖത്തര്‍ വഴിയുള്ള യാത്രയാണ് തിരഞ്ഞെടുക്കാറ്. 200ലധികം വിമാനങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സിന് കീഴില്‍ സര്‍വീസ് നടത്തുന്നുണ്ട്. 43000 പേര്‍ ജോലി ചെയ്യുന്ന കമ്പനിയാണിത്.
ഖത്തര്‍ എയര്‍വേയ്‌സ് 1993ലാണ് സ്ഥാപിതമായത്. തൊട്ടടുത്ത വര്‍ഷം സര്‍വീസ് ആരംഭിച്ചു. ആദ്യഘട്ടത്തില്‍ മന്ദഗതിയില്‍ മുന്നോട്ട് പോയ കമ്പനി 2000ത്തിന് ശേഷം കുതിച്ചു. ഇന്ന് ലോകത്തെ എണ്ണം പറഞ്ഞ വിമാന കമ്പനികളിലൊന്നാണ് ഖത്തര്‍ എയര്‍വേയ്‌സ്. 1995ല്‍ 75 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം ദോഹയില്‍ നടന്നത് ഖത്തര്‍ എയര്‍വേയ്‌സിന് കരുത്തേകിയെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications