ഖത്തറിനും സൗദിക്കും പൂട്ട് വീഴുമോ? നയം മാറ്റി ഇന്ത്യ: ക്രൂഡ് ഓയിലിനും എല്‍എന്‍ജിക്കുമായി യുഎസിലേക്ക്
അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഊർജ്ജ (ക്രൂഡ് ഓയില്‍, പ്രകൃതി വാതകം) കയറ്റുമതിയില്‍ സമീപകാലത്ത് വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ഊർജ്ജ ഇടപാട് കഴിഞ്ഞ വർഷത്തെ 15 ബില്യൺ ഡോളറിൽ നിന്ന് സമീപഭാവിയിൽ തന്നെ 25 ബില്യൺ ഡോളറായി ഉയരുമെന്നാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ഫെബ്രുവരിയിൽ അമേരിക്ക ഇന്ത്യയിലേക്ക് പ്രതിദിനം 357000 ബാരൽ (ബി പി ഡി) ക്രൂഡ് ഓയിലാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വ്യാപാരം ഏകദേശം 221000 ബി പി ഡി മാത്രമായിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവും ഇറക്കുമതിക്കാരുമായ ഇന്ത്യ യുഎസിൽ നിന്നുള്ള എണ്ണ, വാതക വാങ്ങൽ വർദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണ്.

ഇന്ത്യയിലേക്ക് അസംസ്കൃത എണ്ണ, പെട്രോളിയം ഉൽപന്നങ്ങൾ, ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) എന്നിവയുടെ മുൻനിര വിതരണക്കാരായി മാറുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇതോടെ സ്വാഭാവികമായും തിരിച്ചടി നേരിടേണ്ടി വരിക ഖത്തറും ഇറാഖും സൗദി അറേബ്യയും അടങ്ങുന്ന അറബ് രാജ്യങ്ങള്‍ക്കായിരിക്കും. ദ്രവീകൃത പ്രകൃതിവാതക മേഖലയില്‍ ഇന്ത്യയുടെ പ്രധാന ഇറക്കുമതിക്കാർ ഖത്തറാണ്. പരമ്പരാഗതമായി തന്നെ ഇറാഖും സൗദിയും ഇന്ത്യയിലേക്ക് വന്‍ തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നു.
2023-24 ൽ ഇന്ത്യ ആകെ 234.26 ദശലക്ഷം ടൺ അസംസ്കൃത എണ്ണയായിരുന്നു ഇറക്കുമതി ചെയ്തത്. അളവിന്റെ അടിസ്ഥാനത്തിൽ മുന്‍വർഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം ഒരേ തോതിലുള്ള നിരക്കിലാണ് നടന്നത്. എന്നാൽ ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് കാരണം 2023-24 ലെ ഇറക്കുമതി ബിൽ 133.37 ബില്യൺ ഡോളറായി കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്. 2022-23 ൽ എണ്ണ ഇറക്കുമതി ബിൽ 157.53 ബില്യൺ ഡോളറായിരുന്നു.
എല്‍ എന്‍ ജിയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ 2023-24 ൽ, രാജ്യം 13.405 ബില്യൺ ഡോളർ മൂല്യമുള്ള 31.80 ബില്യൺ ക്യുബിക് മീറ്റർ (ബിസിഎം) ഇന്ധനമാണ് ഇറക്കുമതി ചെയ്തത്. മുൻ സാമ്പത്തിക വർഷത്തിലെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ 17.11 ബില്യൺ ഡോളറിന് 26.30 ബില്യൺ ക്യുബിക് മീറ്റർ (ബിസിഎം) ആയിരുന്നു ഇറക്കുമതിയെന്നും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
സമീപ വർഷങ്ങളിൽ, ഇന്ത്യക്ക് എൽ എൻ ജി നൽകുന്ന ഏറ്റവും വലിയ വിതരണക്കാരിൽ ഒരാളായി അമേരിക്ക ഉയർന്ന് വന്നു. റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ പിൻവലിച്ചാൽ, യൂറോപ്പ് വീണ്ടും റഷ്യയിൽ നിന്ന് പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത് പുനരാരംഭിച്ചേക്കാം. ഇതോടെ നിലവിലുള്ള മറ്റ് ഉപഭോക്താക്കൾക്കുള്ള വിതരണം വർദ്ധിപ്പിക്കുന്നതിനും പുതിയ വിപണികൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള ശ്രമങ്ങൾ അമേരിക്ക ശക്തമാക്കും. അമേരിക്കയില്‍ നിന്ന് മാത്രമല്ല ബ്രസീൽ, അർജന്റീന, സുരിനാം, കാനഡ, ഗയാന എന്നിവിടങ്ങളില്‍ നിന്നെല്ലാം എണ്ണ ഇറക്കുമതി ശക്തമാക്കുമെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications