ഖത്തര്‍ അമീര്‍ പങ്കെടുത്ത പ്രാര്‍ഥന; പിന്നോട്ടില്ലെന്ന് ഹമാസ്, പാകിസ്താന്‍ പ്രധാനമന്ത്രി ദോഹയില്‍
ദോഹ: ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഖബറടക്കി. ദോഹയിലെ ഇമാം അബ്ദുല്‍ വഹാബ് പള്ളിയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. അഞ്ച് ഹമാസ് പ്രവര്‍ത്തകരും ഒരു ഖത്തര്‍ സൈനികനനുമാണ് കൊല്ലപ്പെട്ടിരുന്നത്. അഞ്ചുപേരെ പലസ്തീന്‍ പതാക പുതച്ചും ഒരാളെ ഖത്തരി പതാക പുതച്ചുമാണ് കിടത്തിയത്.
മിസൈമീര്‍ ഖബറിസ്താനിലായിരുന്നു സംസ്‌കാരം. ഹുമാന്‍ അല്‍ ഹയ്യ, ജിഹാദ് ലബാദ്, അഹമ്മദ് മംലൂക്ക്, അബ്ദുല്ല അബ്ദുല്‍ വഹദ്, മുഅ്മിന്‍ ഹസൗന്‍, ബാദിര്‍ സഅദ് മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിനെതിരെ അറബ് രാജ്യങ്ങളില്‍ കടുത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. മധ്യസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ ബന്ദി മോചന പ്രതീക്ഷകള്‍ അസ്തമിച്ചു എന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് പറഞ്ഞു.

Courtesy- Qatar Emir X Account
അമേരിക്കയുമായുള്ള സുരക്ഷാ പങ്കാളിത്ത കരാറില്‍ നിന്ന് പിന്നോട്ട് പോകുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ തള്ളി. അതേസമയം, ഖത്തറിലെ പുതിയ സംഭവങ്ങള്‍ കാരണം തങ്ങള്‍ പിന്തിരിയില്ല എന്ന് ഹമാസ് വ്യക്തമാക്കി. മുന്നോട്ടുവച്ച ഉപാധികള്‍ ഹമാസ് നേതൃത്വം ആവര്‍ത്തിക്കുകയും ചെയ്തു. അമേരിക്ക ഖത്തര്‍ വഴി കൈമാറിയ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളില്‍ ചര്‍ച്ച നടക്കവെയാണ് ഇസ്രായേല്‍ ആക്രമിച്ചത് എന്ന് ഹമാസ് നേതാവ് ഫൗസി ബര്‍ഹൂം പറഞ്ഞു.
ഹമാസിന്റെ ആവശ്യങ്ങള്‍ ഇതാണ്
സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം, ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറണം, ബന്ദികളെ കൈമാറുന്നതിന് പകരം ഇസ്രായേല്‍ ജയിലിലുള്ള പലസ്തീന്‍കാരെ വിട്ടയക്കണം, മാനുഷിക സഹായങ്ങളും പുനര്‍ നിര്‍മണ പ്രവര്‍ത്തനങ്ങളും തടയരുത് എന്നിവയാണ് തങ്ങളുടെ ആവശ്യങ്ങള്‍ എന്ന് ഹമാസ് നേതാവ് ആവര്‍ത്തിച്ചു.
പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദോഹയിലെത്തി ഖത്തര്‍ അമീറുമായി ചര്‍ച്ച നടത്തി. ഖത്തറിന് പിന്തുണ അറിയിക്കാനാണ് ദോഹ സന്ദര്‍ശിച്ചത് എന്ന് ഷഹ്ബാസ് പറഞ്ഞു. ഖത്തറിന്റെ പരമാധികാരം ലഘിച്ചതിനെ അദ്ദേഹം വിമര്‍ശിച്ചു. ഖത്തറിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പാകിസ്താന്‍ ഉണ്ടാകുമെന്നും ഷഹ്ബാസ് ഉറപ്പ് നല്‍കി.
ഖത്തറില്‍ സുപ്രധാന യോഗം
ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദര്‍ ഉള്‍പ്പെടെയുള്ള ഉന്നത പ്രതിനിധി സംഘവും പാകിസ്താന്‍ പ്രധാനമന്ത്രിക്കൊപ്പം ഖത്തറിലെത്തിയിരുന്നു. അതിനിടെ വിഷയം ചര്‍ച്ച ചെയ്യണമെന്ന പാകിസ്താന്റെ അഭ്യര്‍ഥന മാനിച്ച് യുഎന്‍ രക്ഷാസമിതി ന്യൂയോര്‍ക്കില്‍ ചേരാന്‍ തീരുമാനിച്ചു. മുസ്ലിം രാജ്യങ്ങള്‍ ഒന്നിച്ചു നിന്ന് ഇസ്രായേലിനെതിരെ നീങ്ങണം എന്നാണ് പാകിസ്താന്റെ നിലപാട്.
ഏതാനും ദിവസങ്ങള്‍ക്കിടെ ആറ് അറബ് രാജ്യങ്ങളെയാണ് ഇസ്രായേല്‍ ആക്രമിച്ചത്. ഈ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അറബ്-ഇസ്ലാമിക് രാജ്യങ്ങളുടെ യോഗം വിളിച്ചിരിക്കുകയാണ് ഖത്തര്‍. വരുന്ന ഞായര്‍-തിങ്കള്‍ ദിവസങ്ങളിലാണ് യോഗം. ഇസ്രായേലിനെതിരെ കടുത്ത തീരുമാനം ഈ യോഗം എടുക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications