ഖത്തര്‍ കൈവിട്ട കളിക്ക്; 750 കോടി ഡോളറിന് പുറമെ വീണ്ടും, കോടികളുടെ ലാഭം പ്രതീക്ഷ
ദോഹ: ഊര്‍ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഖത്തറിന്റെ കമ്പനിയാണ് ഖത്തര്‍ എനര്‍ജി. ലോകത്തിന്റെ പല ഭാഗങ്ങളിലും ഊര്‍ജ നിക്ഷേപം നടത്തുന്ന കമ്പനി കൂടിയാണിത്. ഏറ്റവും ഒടുവില്‍ ഈജിപ്തില്‍ ഖത്തര്‍ എനര്‍ജി നടത്തിയ നിക്ഷേപമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഈജിപ്തില്‍ ഇതാദ്യമായിട്ടല്ല ഖത്തര്‍ നിക്ഷേപം ഇറക്കുന്നത്. മറ്റു വന്‍കിട കമ്പനികള്‍ക്കൊപ്പമാണ് ഖത്തറിന്റെ നീക്കം.
ഖത്തറിന്റെ പുതിയ തീരുമാനങ്ങള്‍ ഈജിപ്തിന് ആശ്വാസമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈജിപ്തിന് വലിയ നിക്ഷേപം കിട്ടുന്നു എന്നതു തന്നെ നേട്ടം. ഏതാനും വര്‍ഷം മുമ്പ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്ന രാജ്യമാണ് ഈജിപ്ത്. എന്നാല്‍ 2021ല്‍ എല്ലാ തര്‍ക്കങ്ങളും ഇരുരാജ്യങ്ങളും പരിഹരിച്ച ശേഷമാണ് പുതിയ നിക്ഷേപം തുടങ്ങിയത്...

ഈജിപ്തിലെ തീരദേശങ്ങളില്‍ വലിയ തോതില്‍ പ്രകൃതി വാതകവും ക്രൂഡ് ഓയിലുമുണ്ട് എന്നാണ് കരുതുന്നത്. ഇതിന്റെ പര്യവേക്ഷണം നടക്കുകയാണ്. ലോകോത്തര കമ്പനികളാണ് ചുക്കാന്‍ പിടിക്കുന്നത്. ഒപ്പം ഈജിപ്തിന്റെ എണ്ണ കമ്പനിയും ഇതിനോട് സഹകരിക്കുന്നു. ഇത് രണ്ടാമത്തെ ഊര്‍ജ പര്യവേക്ഷണത്തിനാണ് ഈജിപ്തില്‍ ഖത്തര്‍ പണം മുടക്കുന്നത്.
നോര്‍ത്ത് ക്ലിയോപാട്ര ബ്ലോക്കിലെ നിക്ഷേപം
ബ്രിട്ടീഷ് കമ്പനിയായ ഷെല്‍, അമേരിക്കന്‍ കമ്പനിയായ ഷെവ്‌റോണ്‍, ഈജിപ്തിന്റെ തര്‍വ പെട്രോളിയം കമ്പനി എന്നിവര്‍ക്ക് ഓഹരി പങ്കാളിത്തമുള്ള ഈജിപ്തിലെ പര്യവേക്ഷണ കേന്ദ്രമാണ് നോര്‍ത്ത് ക്ലിയോപാട്ര ബ്ലോക്ക്. ഇവിടെ ഷെല്‍ കമ്പനിയില്‍ നിന്ന് 27 ശതമാനം ഓഹരി ഖത്തര്‍ എനര്‍ജി വാങ്ങിയിരിക്കുകയാണിപ്പോള്‍. ഷെല്ലിന് 36 ശതമാനവും ഷെവ്‌റോണിന് 27 ശതമാനവും തര്‍വയ്ക്ക് 10 ശതമാനവുമാണ് നിലവിലെ ഓഹരി പങ്കാളിത്തം.
മെഡിറ്ററേനിയന്‍ കടല്‍തീരത്തുള്ള ഈജിപ്തിലെ പര്യവേക്ഷണ കേന്ദ്രമായ നോര്‍ത്ത് അല്‍ ദാബ ബ്ലോക്കിലും ഖത്തറിന് 23 ശതമാനം നിക്ഷേപമുണ്ട്. ഷെവ്‌റോണിന് 40 ശതമാനം, വുഡ്‌സൈഡിന് 27 ശതമാനം, തര്‍വയ്ക്ക് 10 ശതമാനം എന്നിങ്ങനെയാണ് മറ്റു കമ്പനികള്‍ക്ക് ഈ കേന്ദ്രത്തിലുള്ള ഓഹരി പങ്കാളിത്തം. രണ്ടിടത്തും എണ്ണയും വാതകവും കണ്ടെത്തിയാല്‍ ഈജിപ്ത് വഴി യൂറോപ്പിലേക്കുള്ള കയറ്റുമതി ശക്തമാക്കാന്‍ ഖത്തറിനും മറ്റും സാധിക്കും.
ഈജിപ്തില്‍ പുതിയ നഗരം ഒരുക്കുന്ന ഖത്തര്‍
മെഡിറ്ററേനിയന്‍ കടലിലെ കെയ്‌റോ, മിസ്രി ബ്ലോക്കുകളിലും ഈസ്റ്റ് പോര്‍ട്ട് സെയ്ദ് ബ്ലോക്കിലും ഖത്തറിന് നിക്ഷേപമുണ്ട്. ഊര്‍ജ രംഗത്ത് ഈജിപ്തില്‍ നാല് ബ്ലോക്കുകളിലാണ് ഖത്തറിന്റെ നിക്ഷേപം. ലോകത്തെ പ്രധാന വാതക രാജ്യമാണ് ഖത്തര്‍. സമാനമായ വാതക ശേഖരം സാധ്യതയുള്ള സ്ഥലങ്ങളിലും ഖത്തര്‍ നിക്ഷേപം ഇറക്കുകയാണ്. അതുവഴി പ്രകൃതി വാതക മേഖലയിലെ അപ്രമാദിത്വം ഖത്തറിന് നിലനിര്‍ത്താം.
ഈജിപ്തുമായുള്ള സഹകരണം ഖത്തര്‍ പുനസ്ഥാപിച്ചത് 2021ലാണ്. 2022ല്‍ ഖത്തര്‍ 750 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു. ഊര്‍ജ മേഖലയ്ക്ക് പുറമെ റിയല്‍ എസ്റ്റേറ്റ്, ടൂറിസം എന്നീ മേഖലകളിലാണ് ഈ നിക്ഷേപം. ഒരു പുതിയ ആഡംബര നഗരം തീരദേശത്തോട് ചേര്‍ന്ന് നിര്‍മിക്കാനാണ് ഖത്തര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി കൂടുതല്‍ വിദേശികള്‍ ഈജിപ്തിലേക്ക് വരുമെന്ന് ഈജിപ്ഷ്യന്‍ ഭരണകൂടവും പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications