ഖത്തര്‍ കളിമാറ്റുന്നു; അമേരിക്കയെ കൈവിട്ടേക്കും, ഇറാനുമായി പുതിയ കരാര്‍, സുരക്ഷയ്ക്ക് പകരം പണം
ജിസിസി രാജ്യങ്ങള്‍ക്ക് ഇതുവരെ സുരക്ഷ ഒരുക്കിയിരുന്നത് അമേരിക്കയായിരുന്നു. പകരം അമേരിക്കയെ സഹായിക്കാന്‍ ക്രൂഡ് ഓയില്‍ ഡോളറില്‍ വില്‍പ്പന നടത്തുക, സാമ്പത്തിക സഹകരണം തുടരുക എന്നതാണ് നയം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തര്‍ തുര്‍ക്കിയുമായി പ്രതിരോധ കരാറുണ്ടാക്കി. ഇതിന്റെ ഭാഗമായി അമേരിക്കന്‍ സൈനികര്‍ക്ക് പുറമെ തുര്‍ക്കി സൈന്യവും ഖത്തറില്‍ തമ്പടിക്കാന്‍ ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷമാണ് സൗദി അറേബ്യ പാകിസ്താനുമായി പ്രതിരോധ കരാറുണ്ടാക്കിയത്. യുഎഇ ഇന്ത്യയുമായും കരാറുണ്ടാക്കി. ജിസിസി രാജ്യങ്ങള്‍ സുരക്ഷാ കാര്യങ്ങളില്‍ വിവിധ രാജ്യങ്ങളുമായി സഹകരിക്കുന്നു എന്നതാണ് പുതിയ മാറ്റം. അമേരിക്കയുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്ന നീക്കങ്ങളാണ് ജിസിസി മേഖലയില്‍. അതിനിടെയാണ് ഇറാനുമായി സുരക്ഷാ കരാറുണ്ടാക്കാന്‍ ഖത്തര്‍ ആലോചിക്കുന്നത്.

ജിസിസി രാജ്യങ്ങള്‍ ഇറാനുമായി സുരക്ഷാ കരാറുണ്ടാക്കുന്നത് സംബന്ധിച്ചാണ് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് അബ്ദുറഹ്മാന്‍ അല്‍ത്താനി പറയുന്നത്. ഏതെങ്കിലും ഒരു വിദേശ ശക്തിയെ മാത്രം ആശ്രയിക്കുന്നതിന് പകരം സഹകരണത്തിലൂടെ സുസ്ഥിരതയുണ്ടാക്കാനാണ് ആലോചിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. ഇറാനുമായി സുരക്ഷാ കരാറുണ്ടാക്കുകയും പകരം സാമ്പത്തിക സഹകരണം ശക്തമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു.
പശ്ചിമേഷ്യയിലെ വന്‍ സൈനിക ശക്തിയാണെന്ന് ഇറാന്‍ ഇതിനകം തെളിയിച്ചുകഴിഞ്ഞു. അമേരിക്കയുമായും ഇസ്രായേലുമായും ഒരേ സമയം യുദ്ധം ചെയ്ത് കരുത്ത് കാണിച്ച ഇറാനുമായി ഇനിയും അകന്നു നില്‍ക്കുന്നതില്‍ അര്‍ഥമില്ല എന്ന നിലപാടാണ് ജിസിസി രാജ്യങ്ങള്‍ക്ക്. പരസ്പരം സഹകരിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലത് എന്ന് ഖത്തര്‍ സൂചിപ്പിക്കുന്നു.
ഇറാന്റെ വളര്‍ച്ചയാണ് ഖത്തറിന്റെ താല്‍പ്പര്യം
ഇറാന്റെ വളര്‍ച്ചയാണ് ഖത്തര്‍ താല്‍പ്പര്യപ്പെടുന്നത് എന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. ഇതിനോട് ഇറാന്റെ മുഖ്യ നയതന്ത്രജ്ഞന്‍ മുഹമ്മദ് ബാഗിര്‍ ഗാലിബഫ് അനുകൂലമായിട്ടാണ് പ്രതികരിച്ചത്. അയല്‍ രാജ്യങ്ങളുമായി സുരക്ഷാ കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇറാന്‍ തയ്യാറായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ, സാമ്പത്തിക സഹകരണ കരാറുകളാണ് ഇറാന്റെ ലക്ഷ്യം.
ജിസിസി രാജ്യങ്ങളില്‍ ഇറാനുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന രാജ്യമാണ് ഖത്തര്‍. ഒരേസമയം അമേരിക്കയുമായും ഇറാനുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്ന രാജ്യമാണിത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളം ഖത്തറിലാണ്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് ഖത്തറിന്റെ ഏറ്റവും വലിയ വാതക പാടം.
ഇറാനും അമേരിക്കയും കൊമ്പുകോര്‍ത്തപ്പോള്‍ ഇറാന്‍ തിരിച്ചടി നല്‍കിയത് ജിസിസി രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങളിലായിരുന്നു. ഇത് എല്ലാ ജിസിസി രാജ്യങ്ങളെയും ബാധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇറാനുമായി സഹകരിച്ചു മുന്നോട്ട് പോകുന്നതാണ് മേഖലയുടെ സുരക്ഷയ്ക്ക് നല്ലത് എന്ന് ഖത്തര്‍ മനസിലാക്കുന്നത്. യുഎഇ ഒഴികെയുള്ള മറ്റു ജിസിസി രാജ്യങ്ങള്‍ക്കും ഇതേ നിലപാടാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.














Click it and Unblock the Notifications