15 യുദ്ധവിമാനങ്ങള്‍ ഖത്തറിലെത്തിയത് ആരും കണ്ടില്ല? 2000 കിലോമീറ്റര്‍ പറന്ന്; സൗദി അറേബ്യക്ക് മുകളിലൂടെ
ഇസ്രായേല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ സംശയങ്ങളുമായി വിദഗ്ധര്‍. രണ്ട് രാജ്യങ്ങള്‍ കടന്നാണ് ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ഖത്തറിലെത്തിയത്. മറ്റൊരു രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്നത് പൊടുന്നനെ സംഭവിക്കുന്നതല്ല എന്നാണ് നിരീക്ഷണം. മാത്രമല്ല, ചില ഒത്തുകളികള്‍ നടന്നുവെന്ന് സംശയിക്കുന്നവരുമുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ഖത്തറില്‍ ആക്രമണം നടത്തിയത്. ജനവാസ മേഖലയിലായിരുന്നു ആക്രമണം. സ്‌കൂളുകളും വിദേശ നയതന്ത്ര കാര്യാലയലങ്ങളുമുള്ള ഭാഗത്തായിരുന്നു ബോംബുകള്‍ വര്‍ഷിച്ചത്. ഹമാസ് നേതാക്കള്‍ താമസിക്കുന്ന കെട്ടിടം മാത്രം ലക്ഷ്യമിട്ട യുദ്ധവിമാനങ്ങള്‍ക്ക് പിന്നീട് എന്തു സംഭവിച്ചു എന്ന ഔദ്യോഗിക വിശദീകരണം വന്നിട്ടുമില്ല.

ആക്രമണം നടന്ന പ്രദേശത്തിന് അടുത്ത് സ്‌കൂളുകളും വിദേശ രാജ്യങ്ങളുടെ എംബസികളുമുണ്ട്. ഇവിടെ നിന്ന് അധികം ദൂരമില്ല ദോഹയിലേക്ക്. അമേരിക്കന്‍ സൈനികരുള്ള അല്‍ ഉദൈദ് താവളം 25 കിലോമീറ്റര്‍ ചുറ്റളവിലാണ്. 15 ഇസ്രായേലി യുദ്ധവിമാനങ്ങള്‍ 10 ബോംബുകള്‍ ജനവാസ മേഖലയില്‍ വര്‍ഷിക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന വിവരം.
ശക്തമായ സംവിധാനങ്ങള്‍ മറികടന്നു
ഖത്തറിന് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുണ്ട്. അമേരിക്കന്‍ നിര്‍മിത പാട്രിയോട്ട്, താഡ് എന്നിവ ഖത്തറില്‍ സജ്ജമാണ്. മിസൈലുകള്‍ എത്തുന്നത് നേരത്തെ തിരിച്ചറിയാന്‍ ഇവയ്ക്ക് സാധിക്കും. എന്നാല്‍ ഇതൊന്നും ഇസ്രായേലിന്റെ ആക്രമണം തടയാന്‍ പര്യാപ്തമായില്ല. റഡാറില്‍ കാണാന്‍ സാധിക്കാത്ത ആയുധമാണ് ഇസ്രായേല്‍ ഉപയോഗിച്ചത് എന്നാണ് ഖത്തര്‍ അറിയിച്ചത്.
ആക്രമണം നടക്കുമെന്ന് ഖത്തറിനെ അറിയിച്ചു എന്നാണ് അമേരിക്ക പറഞ്ഞത്. ആക്രമണം നടക്കുന്ന വേളയിലാണ് വിവരം കിട്ടിയത് എന്ന് ഖത്തറും പറയുന്നു. ഇത്രയും വലിയ സൈനിക നീക്കം നടക്കണം എങ്കില്‍ മാസങ്ങള്‍ നീണ്ട ഒരുക്കം വേണമെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുന്നു. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒരിക്കലും സാധ്യമല്ലെന്ന് പ്രതിരോധ വിദഗ്ധന്‍ ഹംസി അത്തര്‍ അല്‍ ജസീറയോട് പറഞ്ഞു.
2000 കിലോമീറ്റര്‍ കടന്ന്
ഖത്തറിന് അകത്തേക്ക് ഇസ്രായേലിന്റെ യുദ്ധ വിമാനങ്ങള്‍ എത്തിയിട്ടുണ്ട്. സൗദി അറേബ്യയ്ക്കും ജോര്‍ദാനും മുകളിലൂടെ ഏകദേശം 2000 കിലോമീറ്റര്‍ പറന്നാണ് ഇവ വന്നത്. ഒരു രാജ്യവും ഇസ്രായേലിന്റെ യുദ്ധ വിമാനങ്ങള്‍ പറക്കുന്നത് അറിഞ്ഞില്ലേ എന്ന സംശയവും ന്യായമാണ്. തുര്‍ക്കിയും ഈജിപ്തും ഹമാസ് നേതാക്കള്‍ക്ക് സുരക്ഷ ശക്തമാക്കണം എന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു എന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്.
പശ്ചിമേഷ്യയില്‍ സമാധാന ചര്‍ച്ച വിജയം കാണാത്തതില്‍ ഖത്തര്‍ അസ്വസ്ഥമായിരുന്നുവത്രെ. അമേരിക്ക മുന്നോട്ടുവച്ച സമാധാന കരാറില്‍ അനുകൂലമായി പ്രതികരിക്കാന്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ഹമാസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു എന്നും വാര്‍ത്ത വന്നിരുന്നു. ഇസ്രായേലിന് ഹമാസിനെ ഇല്ലാതാക്കണം, ഡൊണാള്‍ഡ് ട്രംപിന് യുദ്ധം അവസാനിപ്പിക്കണം, ഖത്തറിന് മധ്യസ്ഥ ചര്‍ച്ചകളില്‍ നിന്ന് പുറത്തുകടക്കണം- ഈ മൂന്ന് താല്‍പ്പര്യവും ആക്രമണത്തിന് പിന്നിലുണ്ട് എന്നാണ് അമേരിക്കന്‍ എഴുത്തുകാരന്‍ മുസബ് ഹസന്‍ യൂസഫ് പറയുന്നത്.












Click it and Unblock the Notifications