Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ മാത്രമല്ല സൗദി അറേബ്യയും സ്വന്തമാക്കി താഡ്; ആകാശത്ത് സുരക്ഷാവലയം യുഎസ് വക

റിയാദ്: സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തി താഡ് (ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ്) മിസൈല്‍ പ്രതിരോധ സിസ്റ്റം സ്ഥാപിച്ച് സൗദി അറേബ്യ. ശത്രുക്കളുടെ മിസൈലുകള്‍ ആകാശത്ത് വച്ചുതന്നെ തകര്‍ക്കാന്‍ കഴിയുന്ന സംവിധാനമാണിത്. അമേരിക്ക നിര്‍മിക്കുന്ന ഈ മിസൈല്‍ പ്രതിരോധ സംവിധാനം പശ്ചിമേഷ്യയില്‍ യുഎഇയാണ് ആദ്യം സ്വന്തമാക്കിയത്. അടുത്തിടെ ഇസ്രായേലിനും അമേരിക്ക നല്‍കിയിരുന്നു.

ജിദ്ദയിലെ എയര്‍ ഡിഫന്‍സ് ഫോഴ്‌സ് ഇന്‍സ്റ്റിറ്റൂട്ടില്‍ നടന്ന ചടങ്ങിലാണ് താഡ് സ്ഥാപിച്ചത്. അമേരിക്കക്ക് പുറത്ത് താഡ് ആദ്യം സ്വന്തമാക്കിയത് യുഎഇയാണ്. 2011ലാണ് യുഎഇക്ക് ഈ സംവിധാനം അമേരിക്ക കൈമാറിയത്. 2016 മുതല്‍ യുഎഇയില്‍ രണ്ട് താഡ് ബാറ്ററികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയില്‍ നിന്ന് താഡ് സ്വന്തമാക്കാന്‍ ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്.

saudi arabia thaad system-

കഴിഞ്ഞ മെയ് മാസത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദോഹ സന്ദര്‍ശിച്ച വേളയിലാണ് ഖത്തറും അമേരിക്കയും ഇക്കാര്യത്തില്‍ ധാരണയായത്. 4200 കോടി ഡോളറിന്റെ സൈനിക കരാറാണ് ഇരുരാജ്യങ്ങളും അന്ന് ഒപ്പുവച്ചത്. സൗദി അറേബ്യയ്ക്ക് താഡ് നല്‍കുമെന്ന് 2019ല്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിരുന്നു. 11000 കോടിയുടെ സൈനിക കരാര്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു.

ഇസ്രായേലിന് രണ്ട് താഡ് സംവിധാനം അമേരിക്ക കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കൈമാറിയിരുന്നു. ഇറാന്റെ മിസൈലുകള്‍ പ്രതിരോധിക്കാന്‍ താഡും ഇസ്രായേല്‍ സൈന്യത്തെ സഹായിച്ചു. അയണ്‍ ഡോം, ആരോ തുടങ്ങിയ മിസൈല്‍ പ്രതിരോധ സംവിധാനം ഇസ്രായേലിന് സ്വന്തമായുണ്ട്. എന്നാല്‍ എല്ലാ പ്രതിരോധ സംവിധാനങ്ങളെയും മറികടന്ന് ഇറാന്റെ മിസൈലുകള്‍ ഇസ്രായേലില്‍ പതിച്ചിരുന്നു.

ഇറാന്‍ ആക്രമിക്കുമെന്ന ഭീഷണി ചൂണ്ടിക്കാട്ടിയാണ് ഗള്‍ഫിലെ രാജ്യങ്ങള്‍ക്ക് അമേരിക്ക താഡ് സംവിധാനം വില്‍ക്കുന്നത്. അതേസമയം, ഏഷ്യയില്‍ അമേരിക്ക താഡ് വില്‍ക്കുന്നത് ഉത്തര കൊറിയയുടെയും ചൈനയുടെയും ഭീഷണി ചൂണ്ടിക്കാട്ടിയാണ്. ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ താഡ് സിസ്റ്റം ഉപയോഗിക്കുന്നുണ്ട്.

താഡ് എങ്ങനെ പ്രവര്‍ത്തിക്കുന്നു

താഡ് സിസ്റ്റം എന്നത് ഹ്രസ്വ, ഇടത്തരം, പരിമിതമായ ദൂരങ്ങളിലുള്ള ബാലിസ്റ്റിക് മിസൈലുകളെ തടയുന്നതിനും നശിപ്പിക്കുന്നതിനും വേണ്ടി അമേരിക്ക വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനമാണ്. താഡ് മിസൈലുകള്‍ക്ക് സ്‌ഫോടക വാര്‍ഹെഡുകള്‍ ഇല്ല. പകരം, അവ ലക്ഷ്യമിടുന്ന മിസൈലുമായി നേരിട്ട് കൂട്ടിയിടിച്ച് നശിപ്പിക്കുന്നു. ഇത് മിസൈലിന്റെ സ്‌ഫോടന സാധ്യതയും അതുവഴിയുണ്ടാകുന്ന നാശനഷ്ടങ്ങളും കുറയ്ക്കുന്നു.

ആകാശത്തുവച്ച് മിസൈലുകളെ തടയാന്‍ കഴിവുള്ള ഏക യുഎസ് സംവിധാനമാണിത്. മണിക്കൂറില്‍ 10000 കിലോമീറ്ററിലധികം വേഗത കൈവരിക്കാന്‍ കഴിയും. ഏകദേശം 200 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലുള്ള മിസൈലുകളെയും 150 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ലക്ഷ്യങ്ങളെയും തടയാന്‍ ഇതിന് സാധിക്കും. അമേരിക്കന്‍ സൈന്യത്തിനുവേണ്ടി ലോക്ക്ഹീഡ് മാര്‍ട്ടിന്‍ ആണ് ഇത് നിര്‍മ്മിക്കുന്നത്.

വേഗത്തില്‍ വിന്യസിക്കാനും മറ്റൊരിടത്തേക്ക് മാറ്റാനും സാധിക്കുന്ന ഒന്നാണിത്. ട്രക്കുകളില്‍ ഘടിപ്പിച്ച ലോഞ്ചറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു താഡ് ബാറ്ററിയില്‍ സാധാരണയായി ആറ് ട്രക്ക് ലോഞ്ചറുകള്‍, 48 ഇന്റര്‍സെപ്റ്ററുകള്‍, റഡാര്‍ സംവിധാനം, കമ്മ്യൂണിക്കേഷന്‍സ് ഘടകം എന്നിവ ഉള്‍പ്പെടുന്നു. 1991-ലെ ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖിന്റെ സ്‌കഡ് മിസൈല്‍ ആക്രമണങ്ങള്‍ നേരിട്ടതിന് ശേഷമാണ് അമേരിക്ക താഡ് സംവിധാനം വികസിപ്പിക്കാന്‍ തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+