സൗദി അരാംകൊ കളി മാറ്റി; മൂന്നോളം വമ്പന്‍ പദ്ധതികള്‍ ഉപേക്ഷിച്ചു, പുതിയ ലക്ഷ്യത്തില്‍ ചൈനയും ഇന്ത്യയും
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകത്ത് ഏറ്റവും അധികം ലാഭമുണ്ടാക്കുന്ന കമ്പനികളുടെ പട്ടിക എടുത്താല്‍ അതില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന കമ്പനിയാണ് സൗദി അരാംകൊ. ലാഭത്തിൽ ഇടിവുണ്ടായിട്ടും ലാഭവിഹിതം 30% ഉയർത്താന്‍ അരാംകൊയ്ക്ക് കഴിഞ്ഞതായുള്ള റിപ്പോർട്ട് ഇക്കഴിഞ്ഞ മാർച്ചില്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ കമ്പനിയുടെ ലാഭം കൂടുതല്‍ ഉയർത്തുന്നതിന് വേണ്ടിയുള്ള സുപ്രധാനമായ തീരുമാനം കൈ കൊണ്ടിരിക്കുകയാണ് അരാംകൊ.
നേരത്തെ പ്രഖ്യാപിച്ചിരുന്ന ചില വമ്പന്‍ പദ്ധതികള്‍ റദ്ദാക്കിയിരിക്കുകയാണ് അരാംകൊ ഇപ്പോള്‍. ഒരു റിഫൈനറിക്കൊപ്പം കെമിക്കൽസ് പ്രോജക്ടും വികസിപ്പിക്കാനുള്ള പദ്ധതികളാണ് അരാംകൊ റദ്ദാക്കിയത്. പ്രതിദിനം 400000 ബാരൽ എണ്ണ സംസ്‌കരിക്കാനായി രൂപകൽപ്പന ചെയ്‌ത റാസൽ ഖൈറിലെ നിർദിഷ്ട പദ്ധതിയും റദ്ദാക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

നിക്ഷേപം മറ്റ് മേഖലകളിലേക്ക് വഴി തിരിച്ച് വിടുന്നതിന് വേണ്ടിയാണ് അരാംകൊ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. അതായത് റദ്ദാക്കപ്പെട്ട പദ്ധതികള്‍ക്കായി കരുതിവെച്ച നിക്ഷേപം കൂടുതല്‍ ലാഭകരമായ മറ്റ് ചില പദ്ധതികള്‍ക്കായി ചിലവഴിക്കാനാണ് അരാംകൊയുടെ തീരുമാനം. ഏഷ്യന്‍ വിപണിയിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട് മാറ്റം.
സൗദി ക്രൂഡ് ഓയിലിൻ്റെ ദീർഘകാല ഡിമാൻഡ് ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്ന ചൈനയുമായി ഒന്നിലധികം ഡീലുകൾ ഉറപ്പിക്കാനുള്ള നീക്കത്തിലുമാണ് കമ്പനി. ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന പ്രധാന ക്രൂഡ് ഓയില്‍ ഉപഭോഗ രാജ്യങ്ങളുള്ള ഏഷ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയിൽ കാലുറപ്പിക്കാനും അരാംകോ ലക്ഷ്യമിടുന്നു.
ഡിമാന്‍ഡ് ഉയരുമ്പോള്‍ സ്വാഭാവികമായും വിതരണവും കൂടുതല്‍ ശക്തമാക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ കൂടുതല്‍ ലാഭകരം ഏത് മേഖലയിലാണോ ആ മേഖലയില്‍ കൂടുതലായി നിക്ഷേപം ഇറക്കാനാണ് അരാംകൊയുടെ പദ്ധതി. അതായത് കെമിക്കൽസ് പ്രോജക്ടിനേക്കാള്‍ ലാഭകരമായ ക്രൂഡ് ഓയില്‍ ഉത്പാദനത്തിലേക്ക് കമ്പനി കൂടുതല്‍ നിക്ഷേപം ഇറക്കും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വർധിപ്പിക്കുന്നതിനായി വിതരണം കുറച്ചുകൊണ്ടുവരുന്ന തന്ത്രമാണ് സൗദി അറേബ്യ ഏറെകാലമായി പയറ്റുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ എണ്ണ ഉൽപ്പാദനം വലിയ തോതില്‍ സൗദി അറേബ്യ വർധിപ്പിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഡിസംബർ മുതല്‍ എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്നാണ് സൗദി അറേബ്യ വ്യക്തമാക്കുന്നത്. സൗദി എണ്ണ ഉത്പാദനം വർധിപ്പിക്കുകയാണെങ്കില്‍ അത് ഏറ്റവും വലിയ തിരിച്ചടിയായി മാറുക റഷ്യക്കായിരിക്കും. സൗദിയെ അപേക്ഷിച്ച് ക്രൂഡ് ഓയില്‍ ഉത്പാദനച്ചിലവ് കൂടുതലുള്ള രാജ്യമാണ് റഷ്യ.












Click it and Unblock the Notifications