മരുഭൂമി ഉഴുതുമറിക്കുന്ന സംഘം; സൗദി അറേബ്യയില്‍ എത്തിയത് എന്തിന്? വിന്യാസം യമന്‍ അതിര്‍ത്തിയില്‍
റിയാദ്: പശ്ചിമേഷ്യ സംഘര്‍ഭരിതമായി തുടരവെ പാകിസ്താനില്‍ നിന്നുള്ള സൈനികര്‍ സൗദി അറേബ്യയില്‍ എത്തിയതിന്റെ ചുരുളഴിയുന്നു. ഇവരെ വിന്യസിച്ചിരിക്കുന്നത് യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മരുഭൂമിയില്‍ ആണത്രെ. മരുഭൂമിയില്‍ എങ്ങനെ നീങ്ങണം എന്ന് വ്യക്തമായ പരിശീലനം നേടിയ പാക് സൈന്യത്തിലെ പ്രത്യേക സംഘമാണ് സൗദിയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്.
പാകിസ്താന്‍ സൈന്യത്തിലെ 25ാം മെക്കനൈസ്ഡ് ഡിവിഷനിലെ സൈനികരെയാണ് യമന്‍ അതിര്‍ത്തിയിലേക്ക് നിയോഗിച്ചത്. കറാച്ചി കേന്ദ്രമായുള്ള ചാര്‍ജിങ് ബുള്‍ ഡിവിഷന്‍ എന്നും ഈ സംഘം അറിയപ്പെടുന്നുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും ടാങ്കുകളും റോക്കറ്റുകളുമെല്ലാം സൈനികര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ദി വീക്ക് റിപ്പോര്‍ട്ട് ചെയ്തു.

സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ കഴിഞ്ഞ വര്‍ഷം പ്രതിരോധ സഹകരണ കരാര്‍ ഒപ്പുവച്ചിരുന്നു. ഇതിന് ശേഷം രണ്ടാമത്തെ സൈനിക സംഘമാണ് പാകിസ്താനില്‍ നിന്ന് സൗദിയില്‍ എത്തുന്നത്. സൗദിയുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിന് പകരമായി സാമ്പത്തികമായ സഹായം പാകിസ്താന് ലഭിക്കും. പാകിസ്താന്‍ സൈനിക-സുരക്ഷാ പ്രതിസന്ധി നേരിടുമ്പോള്‍ സൗദി അറേബ്യ സഹായിക്കുകയും ചെയ്യുമെന്നാണ് കരാര്‍.
നിലവില്‍ സൗദി അറേബ്യയില്‍ 23000 പാകിസ്താന്‍ സൈനികരുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൂത്തികളെ നേരിടാനാണ് യമന്‍ അതിര്‍ത്തിയില്‍ ഇവരെ വിന്യസിച്ചത് എന്നും സൂചനയുണ്ട്. യമനില്‍ ഇറാന്റെ പിന്തുണയുള്ള സായുധ സംഘമാണ് ഹൂത്തികള്‍. അമേരിക്കക്കും ഇസ്രായേലിനും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സേനക്കുമെതിരെ നേരത്തെ ശക്തമായ ആക്രമണം നടത്തിയവരാണ് ഇവര്‍.
പാകിസ്താന് സൗദി പണം കൈമാറി
ഏതാനും വര്‍ഷം മുമ്പ് വരെ സൗദിയെ നിരന്തരം ആക്രമിച്ചിരുന്നു ഹൂത്തികള്‍. ഒമാന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു. അമേരിക്കയും ഇസ്രായേലും ആക്രമണം തുടങ്ങിയതു കാരണം ഇറാന്‍ ഹോര്‍മുസ് അടച്ചിരിക്കുകയാണ്. ഈ വേളയില്‍ സൗദിയുടെ ചരക്കുകള്‍ ചെങ്കടല്‍ വഴിയാണ് വിദേശത്തേക്ക് അയക്കുന്നത്. ബാബുല്‍ മന്തിബ് കടലിടുക്ക് കടന്നുവേണം ചരക്കുകള്‍ക്ക് പോകാന്‍. ഇവിടെ നിയന്ത്രണമുള്ള സംഘമാണ് ഹൂത്തികള്‍.
ഇറാനുമായി ചേര്‍ന്ന് ഹൂത്തികള്‍ സൈനിക നീക്കം നടത്തുമോ എന്ന ആശങ്കയും സൗദി അറേബ്യയ്ക്കുണ്ട്. ഈ ഘട്ടത്തില്‍ കൂടിയാണ് പാകിസ്താന്‍ സൈനികരെ യമന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. അതേസമയം, പാകിസ്താന് സൗദി അറേബ്യയുടെ വക കോടികളുടെ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ ഇന്നലെ 200 കോടി ഡോളര്‍ സഹായം ലഭിച്ചു എന്ന് പാകിസ്താന്‍ കേന്ദ്രബാങ്ക് അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താന്‍. ഹോര്‍മുസ് പത അടച്ചത് പാകിസ്താനില്‍ ഊര്‍ജ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. യുഎഇ നേരത്തെ നല്‍കിയ കടം തിരിച്ചുചോദിച്ചതും ഈ വേളയിലാണ്. സൗദി അറേബ്യയും ഖത്തറും നല്‍കുന്ന സാമ്പത്തിക സഹായം യുഎഇയുടെ കടം തിരിച്ചടയ്ക്കാന്‍ പാകിസ്താന്‍ ഉപയോഗിച്ചേക്കും. പാകിസ്താന്റെ കൈവശമുള്ള വിദേശ കരുതല്‍ ധനം 2100 കോടി ഡോളറായി എന്നാണ് ഏറ്റവും പുതിയ വിവരം.















Click it and Unblock the Notifications