സൗദി അറേബ്യയ്ക്ക് പണിയാകുമോ? ചൈനയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വന്‍ ഇടിവ്; കാരണം ഇതാണ്
പരമ്പരാഗതമായി ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരില ഒരാളാണ് സൗദി അറേബ്യ. ഇറാഖും സൗദിയുമായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ 2022 ലെ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തോടെ ഈ സാഹചര്യം മാറി. പാശ്ചാത്യ ഉപരോധം മറികടക്കാന്‍ വന്‍ വിലക്കിഴിവോടെ റഷ്യ ഇന്ത്യക്ക് ക്രൂഡ് ഓയില്‍ വിതരണം ചെയ്യാന്‍ തുടങ്ങി. ഇതോടെ റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരായി മാറുകയും ഇറാഖും സൗദി അറേബ്യയും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
സമീപകാലത്ത് റഷ്യയുടെ വിഹിതത്തില്‍ ഇടിവുണ്ടായപ്പോള്‍ ഇറാഖ് ഇന്ത്യയിലേക്കുള്ള തങ്ങളുടെ വിഹിതം വർധിപ്പിച്ചെങ്കിലും സൗദിക്ക് ഒരു തിരിച്ച് വരവ് ഇപ്പോഴും സാധ്യമായിട്ടില്ല. ഇന്ത്യ ഇറക്കുമതി വൈവിധ്യവത്കരിച്ചതും സൗദി തങ്ങളുടെ വില്‍പ്പന വില വർധിപ്പിച്ചതുമെല്ലാം ഇന്ത്യന്‍ വിപണിയിലേക്കുള്ള ഗള്‍ഫ് രാഷ്ട്രത്തിന്റെ തിരിച്ച് വരവിന് തടസ്സമായി നിലനില്‍ക്കുന്നു.

റഷ്യയുടെ വരവോടെ ഇന്ത്യന്‍ വിപണിയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോഴും സൗദി അറേബ്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഉപഭോക്താവായി ചൈന തുടരുന്നുണ്ടായിരുന്നു. എന്നാല്‍ ചൈനയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിലും താല്‍ക്കാലികമായെങ്കിലും ഒരു തിരിച്ചടി സൗദി നേരിടാന്‍ പോകുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ചൈനയിലേക്കുള്ള സൗദി അറേബ്യയുടെ അസംസ്കൃത എണ്ണ കയറ്റുമതി ഏപ്രിലിൽ ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുമെന്ന് വ്യാപാര വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
സിനോപെക്കിന്റെ ഉടമസ്ഥതയിലുള്ള ചൈനീസ് റിഫൈനറികളിലെ അറ്റകുറ്റപ്പണികളാണ് സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്ന പ്രധാന ഘടകം. ഏപ്രിലിൽ ഏകദേശം 35.5 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് സൗദി അറേബ്യയില്‍ നിന്നും ചൈനീസ് റിഫൈനറികള്‍ വാങ്ങുന്നത്. എന്നാല്‍ മുന്‍ മാസങ്ങളില്‍ ഇത് 41 ദശലക്ഷം ആയിരുന്നുവെന്ന് റോയിട്ടേഴ്സ് ഡാറ്റകള്‍ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിലില്‍ ക്രൂഡ് ഓയില്‍ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നീക്കവുമായി ഒപെക് + കൂട്ടായ്മ മുന്നോട്ട് പോകുന്നതിന് ഇടയിലാണ് സൗദി എണ്ണയ്ക്കുള്ള ചൈനയുടെ ആവശ്യകതയിൽ കുറവുണ്ടാകുന്നത്. മാർച്ച് പകുതി മുതൽ മെയ് വരെ യാങ്‌സി, ജിയുജിയാങ്, ഗാവോക്യാവോ തുടങ്ങിയ തങ്ങളുടെ റിഫൈനറികളില്‍ സിനോപെക് അറ്റകുറ്റപണികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അറ്റകുറ്റപണികള്‍ പൂർത്തിയാകുന്ന മുറയ്ക്ക് സൗദി അറേബ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി പഴയപടി തന്നെയായിരിക്കും. ഇറക്കുമതിയിലെ ഇടിവിനോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ സൗദി അരാംകോയും സിനോപെക്കും തയ്യാറായിട്ടില്ല.
അതേസമയം, ഏഷ്യന്‍ ഉപഭോക്താക്കള്‍ക്കുള്ള ക്രൂഡ് ഓയിലിന്റെ വില്‍പ്പന വില സൗദി അറേബ്യ അടുത്തിടെ കുറച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി വർധിപ്പിച്ചതിന് ശേഷമാണ് ഇത്തരമൊരു നീക്കം ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഉത്പാദക കമ്പനിയായ സൗദി ആരാംകോയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് അറബ് ലൈറ്റ് ക്രൂഡിന്റെ ഏപ്രിൽ മാസത്തെ ഔദ്യോഗിക വിൽപ്പന വില (OSP) ഒമാൻ, ദുബായ് വിലകളുടെ ശരാശരിയേക്കാൾ 40 സെന്റ് കുറച്ചുകൊണ്ട് ബാരലിന് 3.50 ഡോളർ എന്ന നിരക്കിലേക്കാണ് അരാംകോ എത്തിച്ചിരിക്കുന്നത്.
ഈ വർഷം ആദ്യം റഷ്യൻ എണ്ണക്കമ്പനികള്‍ അവരുടെ ചരക്ക് കൈകാര്യം ചെയ്യുന്ന കപ്പലുകള്‍ക്ക് യുഎസ് ഉപരോധം ആഗോള വ്യാപാര മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലായിരുന്നു സൗദിയും തങ്ങളുടെ വില്‍പ്പന വില വർധിപ്പിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം അറബ് ലൈറ്റിന്റെ വില്‍പ്പന 3.90 ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.












Click it and Unblock the Notifications