സൗദി അറേബ്യ, ഖത്തര്‍ മാത്രമല്ല; മറ്റ് 3 രാജ്യങ്ങള്‍ കൂടി ഇടപെട്ടു, ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും ദിവസങ്ങള്‍ നീണ്ട പോരിന് ശേഷം വെടിനിര്‍ത്തല്‍ ധാരണയായിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരെയുള്ള ലോക നേതാക്കള്‍ ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യയില്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നത് എല്ലാ രാജ്യങ്ങളെയും ബാധിക്കും. ഇത് മനസിലാക്കിയാണ് ലോകനേതാക്കളുടെ ഇടപെടല്‍.
കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തി വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരരുടെ നടപടിയാണ് യുദ്ധഭീതി നിറച്ചത്. വളരെ കൃത്യമായ ആസൂത്രണത്തോടെ ഇന്ത്യ കനത്ത മറുപടി ഭീകരര്‍ക്ക് നല്‍കി. പാക് അധീന കശ്മീരിലെയും പാകിസ്താനിലെയും ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ക്കുകയായിരുന്നു. ശേഷം ആക്രമണ പ്രത്യാക്രമങ്ങള്‍ക്ക് കളമൊരുങ്ങിയതോടെയാണ് വിദേശരാജ്യങ്ങള്‍ ഇടപെട്ടത്...

ജിസിസി രാജ്യങ്ങളാണ് വിഷയത്തില്‍ ആദ്യം ഇടപെട്ട് രമ്യതയ്ക്ക് ശ്രമിച്ചത്. ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് സൗദി അറേബ്യയും യുഎഇയും ഖത്തറും ഉള്‍പ്പെടെ ആവശ്യപ്പെട്ടു. ഇന്ത്യയുമായും പാകിസ്താനുമായും ഒരുപോലെ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ജിസിസി രാജ്യങ്ങള്‍. തങ്ങളുടെ വിഷയമല്ല എന്ന് ആദ്യം പ്രതികരിച്ച അമേരിക്കയും പിന്നീട് രംഗം ശാന്തമാക്കാന്‍ കളത്തിലിറങ്ങി.
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരം വിദേശകാര്യ മന്ത്രി ശൈഖ് ആദില്‍ ജാബിര്‍ ഇന്ത്യയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത് ബുധനാഴ്ചയാണ്. പാകിസ്താനുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഉള്‍പ്പെടെയുള്ളവരെ കണ്ട ശേഷമായിരുന്നു മടക്കം. അതിനിടെ ഖത്തര്‍, യുഎഇ നേതാക്കളും ഇന്ത്യയുമായും പാകിസ്താനുമായും സംസാരിച്ചു.
പിന്നാലെ ഇറാന്റെ വിദേശകാര്യ മന്ത്രി ന്യൂഡല്‍ഹിയിലെത്തി ചര്‍ച്ചകള്‍ നടത്തി. മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ് എന്ന് ആദ്യം പറഞ്ഞ രാജ്യം ഇറാനായിരുന്നു. പിന്നാലെയാണ് നേരിട്ടെത്തി ചര്‍ച്ചകള്‍ നടത്തിയത്. തുടര്‍ന്ന് അദ്ദേഹം പാകിസ്താനിലും സന്ദര്‍ശനം നടത്തി സമാധാന ശ്രമത്തോട് സഹകരിക്കണം എന്ന് ആവശ്യപ്പെട്ടു. അതിനിടെയാണ് അമേരിക്ക രംഗം ശാന്തമാക്കാന്‍ സജീവമായി ഇറങ്ങിയത്.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍കോ റുബിയോ, വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് എന്നിവര്‍ ഇന്ത്യയുമായും പാകിസ്താനുമായും ചര്‍ച്ച നടത്തി. കഴിഞ്ഞ 48 മണിക്കൂറിനിടെ നിരവധി ചര്‍ച്ചകളാണ് ഇക്കാര്യത്തില്‍ അഞ്ച് രാജ്യങ്ങളും നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പാക് സേനാ മേധാവി അസിം മുനീര്‍, ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവല്‍, അസിം മാലിക് എന്നിവരുമായും അമേരിക്ക ചര്‍ച്ച നടത്തി.
ശനിയാഴ്ച വൈകീട്ട് ഡൊണാള്‍ഡ് ട്രംപ് ആണ് ആദ്യം സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇരുരാജ്യങ്ങളും സമവായത്തിന്റെ പാതയിലെത്തിയെന്നും വെടിനിര്‍ത്തലിന് ധാരണയായി എന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തൊടുപിന്നാലെ ഇന്ത്യയും പാകിസ്താനും ഇക്കാര്യം ശരിവച്ച് പ്രതികരിച്ചു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പാകിസ്താന്‍ സൈന്യം അതിര്‍ത്തിയില്‍ പ്രകോപനം സ സൃഷ്ടിക്കുന്നുണ്ട്. ഉചിതമായ തീരുമാനമെടുക്കാന്‍ സൈന്യത്തിന് കേന്ദ്രം നിര്‍ദേശം നല്‍കി.
അതേസമയം, കശ്മീര്‍ വിഷയത്തിലും ഇടപെടാന്‍ തയ്യാറാണ് എന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായും പാകിസ്താനുമായും വിഷയത്തില്‍ സംസാരിക്കുമെന്നും കശ്മീര്‍ സംബന്ധിച്ച പ്രമേയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു. മൂന്നാമതൊരു രാജ്യം കശ്മീര്‍ വിഷയത്തില്‍ ഇടപെടുന്നതിനെ ഇന്ത്യ അനുവദിക്കാറില്ല. പാകിസ്താന്‍ നിയന്ത്രണത്തില്‍ വച്ചിരിക്കുന്ന കശ്മീരിന്റെ ഭാഗം കൂടി വിട്ടുതരണം എന്നാണ് ഇന്ത്യയുടെ നിലപാട്.












Click it and Unblock the Notifications