സൗദി അറേബ്യയില്‍ പുരാതന മനുഷ്യവാസകേന്ദ്രം; 10000 വർഷത്തിലേറെ പഴക്കം; തെളിവുകള്‍ ഇതാ..
10000 വർഷത്തിലേറെ പഴക്കമുള്ള പുരാതന മനുഷ്യവാസകേന്ദ്രം കണ്ടെത്തി സൗദി അറേബ്യ. സൗദി അറേബ്യയിലെ തബൂക്ക് നഗരത്തിന് വടക്കുപടിഞ്ഞാറുള്ള വാദി ദമ്മിലെ മസിയോൺ മേഖലയിലാണ് 10300 മുതൽ 11000 വർഷങ്ങൾക്ക് മുമ്പുള്ള ഏറ്റവും പുരാതന മനുഷ്യവാസകേന്ദ്രം കണ്ടെത്തിയിരിക്കുന്നത്. അറേബ്യൻ ഉപദ്വീപിന്റെ പുരാതന നാഗരികതകളുടെ ആഴമേറിയ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന അസാധാരണമായ കണ്ടെത്തലാണ് ഇതെന്ന് സൗദി ഹെറിറ്റേജ് കമ്മിഷൻ വ്യക്തമാക്കി.
രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടുപിടിത്തങ്ങളിലൊന്നായും പുതിയ കണ്ടെത്തല്‍ വിശേഷിപ്പിക്കപ്പെടുന്നു. ഈ സൈറ്റ് നിയോലിത്തിക്ക് കാലഘട്ടത്തിന്റെ പ്രീ-പോട്ടറി (കലം നിർമാണത്തിന് മുമ്പുള്ള) ഘട്ടത്തിലേതാണെന്നാണ് പുരാവസ്തു ഗവേഷകരുടെ സ്ഥിരീകരണം. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ മനുഷ്യവാസത്തിന്റെ തുടക്കത്തെയും പുതിയ കണ്ടെത്തല്‍ അരക്കിട്ട് ഉറപ്പിക്കുന്നു.

മനുഷ്യന്റെ പരിണാമ ചരിത്രത്തില്‍ വേട്ടയാടലും ശേഖരണവും മാറി കൃഷിയും സ്ഥിരവാസവും ആരംഭിച്ച കാലഘട്ടമാണ് നിയോലിത്തിക്ക് കാലഘട്ടം. പുതിയത കണ്ടെത്തൽ അറേബ്യൻ ഉപദ്വീപ് പുരാതന നാഗരികതകളുടെ ഒരു ഉദ്ഗമസ്ഥാനമായിരുന്നുവെന്നതിന്റെ ശക്തമായ തെളിവാണ്, മനുഷ്യചരിത്രത്തിന്റെ ആദ്യ അധ്യായങ്ങളിൽ സൗദി അറേബ്യയുടെ പങ്ക് വ്യക്തമാക്കുന്നുവെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
"മസിയോൺ വാസകേന്ദ്രം അറേബ്യൻ ഉപദ്വീപ് പുരാതന നാഗരികതയുടെ ഒരു തൊട്ടിലായിരുന്നുവെന്നതിന്റെ ശക്തമായ തെളിവാണ്, മനുഷ്യരാശിയുടെ ആദ്യകാല അധ്യായങ്ങളിൽ സൗദി അറേബ്യയുടെ പങ്ക് അടിവരയിടുന്നു," വ്യാഴാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ സൗദി ഹെറിറ്റേജ് കമ്മിഷൻ വ്യക്തമാക്കി. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സൗദി ഭൂമിയിൽ മനുഷ്യസമൂഹങ്ങൾ വസിച്ചിരുന്നുവെന്നും, സാംസ്കാരിക രഹസ്യങ്ങൾ നിറഞ്ഞതാണെന്നുമുള്ള കണ്ടെത്തല്‍ അങ്ങേയറ്റം അഭിമാനമുള്ള മുഹുർത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസിയോൺ സൈറ്റിൽ മനുഷ്യർ വസിച്ചിരുന്നതിന്റെ നിരവധി തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. പ്രാദേശിക ഗ്രാനൈറ്റ് കല്ലുകൾ കൊണ്ട് നിർമിച്ച അർദ്ധവൃത്താകാര ആർക്കിടെക്ചറൽ യൂണിറ്റുകൾ, വാസസ്ഥലങ്ങൾ, സംഭരണ സൗകര്യങ്ങൾ, പാതകൾ, അടുപ്പുകൾ എന്നിവയെല്ലാം അക്കാലത്തെ വേട്ടയാടലും ധാന്യകൃഷിയും അടിസ്ഥാനമാക്കിയ ജീവിതരീതിയെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഗവേഷകർ പറയുന്നു.
കൂടാതെ, അമ്പുകളുടെ മൂർച്ചയേറിയ ഭാഗങ്ങള്‍, കത്തികൾ, അരക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ളവ അടക്കം ഉൾപ്പെടുന്ന കല്ല് ഉപകരണങ്ങൾ ധാന്യങ്ങൾ പാകപ്പെടുത്താന്‍ ഉപയോഗിച്ചിരുന്നതായി സൂചിപ്പിക്കുന്നു. അമസോണൈറ്റ്, ക്വാർട്ട്സ്, ഷെല്ലുകൾ എന്നിവകൊണ്ടുള്ള ആഭരണങ്ങൾ, വാസകേന്ദ്രത്തിനുള്ളിൽ ഉൽപ്പാദന പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്ന അസംസ്കൃത വസ്തുക്കൾ, അപൂർവമായ മനുഷ്യ-മൃഗ അസ്ഥികൂട ശേഷിപ്പുകൾ, ജ്യാമിതീയ പാറ്റേണുകൾ കൊണ്ട് അലങ്കരിച്ച കല്ല് ആർട്ടിഫാക്ടുകൾ, സ്ക്രാപ്പറുകൾ എന്നിവയാണ് കണ്ടെത്തിയ മറ്റ് ചില തെളിവുകള്‍. കൂടാതെ ഐബെക്സ്, നായകൾ തുടങ്ങിയ മൃഗങ്ങളെ ചിത്രീകരിക്കുന്ന ശിലാ ചിത്രങ്ങലും ഈ സൈറ്റിന്റെ പ്രത്യേകതകളാണ്.
തബൂക്ക് പ്രവിശ്യയിലെ മറ്റ് പുരാവസ്തു സൈറ്റുകളായ കിൽവ (പുരാതന റോക്ക് കാർവിങ്സും കല്ല് ഉപകരണങ്ങളും), തൈമ (ആറാം നൂറ്റാണ്ട് ബിസിഇയിലെ അൽ-ഹമ്ര പാലസും ഹദാജ് വെൽസും), ക്വാര്യ (ആദ്യകാല ബ്രോൺസ് ഏജ് കണ്ടെത്തലുകൾ) എന്നിവയോടൊപ്പം തന്നെ മസിയോണും പുരാതന മനുഷ്യആവാസ വ്യവസ്ഥയുടെ ഒരു വലിയ ചിത്രം തുറന്ന് കാട്ടുന്നു. ഇത്തരം മേഖലകള്‍ സംരക്ഷിച്ച് ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നത് അടക്കം പരിഗണനയിലുണ്ടെന്നും സൗദി ഹെറിറ്റേജ് കമ്മിഷൻ അറിയിച്ചു.












Click it and Unblock the Notifications