സൗദി അറേബ്യക്ക് നോ, യുഎഇക്ക് യെസ്: അഡ്നോക്കിന്റെ വിഹിതം ഇരട്ടിയിലേറെയാക്കി യുഎഇ
അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ (ADNOC) നിന്നുള്ള എണ്ണ വിതരണം ഇരട്ടിയാക്കാനുള്ള തീരുമാനവുമായി ചൈനീസ് പൊതുമേഖല എണ്ണകമ്പനിയായി ഴെൻഹുവ ഓയിൽ. നിലവില്‍ ദിവേസനെ 200000 ബാരല്‍ എന്ന നിരക്കിലാണ് ഴെൻഹുവ-അഡ്നോക് ഇടപാട്. ഇത് 400000 ബാരല്‍ എന്ന നിലയിലേക്ക് എത്തിക്കാനാണ് നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
യു എ ഇയിലെ ഏറ്റവും വലിയ ഓൺഷോർ ഓയിൽഫീൽഡായ ബു ഹസയുടെ വികസനത്തിന് നേതൃത്വം നൽകുന്ന പുതിയ ചുമതലയുടെ ഭാഗമായാണ് ഈ നീക്കം. മൂന്ന് ചൈനീസ് വ്യവസായ വൃത്തങ്ങളാണ് ഈ വിവരം വെളിപ്പെടുത്തിയതെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 2025 ജനുവരിയിൽ, ഫ്രഞ്ച് എണ്ണ ഭീമനായ ടോട്ടൽ എനർജീസിനെ മറികടന്ന് ലേല പ്രക്രിയയിലൂടെ ഴെൻഹുവ ഓയിൽ ബു ഹസ ഓയിൽഫീൽഡിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നു.

ബു ഹസയുടെ വികസന പദ്ധതികൾ രൂപപ്പെടുത്തുക, ഉൽപ്പാദന, ചെലവ് ടാർഗെറ്റുകൾ നിറവേറ്റുക തുടങ്ങിയവാണ് നിലവില്‍ ഴെൻഹുവ പ്രധാന ഉത്തരവാദിത്തങ്ങള്‍. ഈ ചുമതലയുടെ ഭാഗമായി അഡ്നോക്കില്‍ നിന്നും പ്രതിവർഷം 5 ദശലക്ഷം ടൺ എണ്ണ അധികമായി സ്വീകരിക്കുന്നതിനുള്ള ഒരു പുതിയ വാർഷിക കരാറും ഴെൻഹുവ ഉറപ്പിച്ചിട്ടുണ്ട്. 2025 ഏപ്രിലിൽ ഈ വിതരണ കരാർ അന്തിമമാക്കിയതായും ഴെൻഹുവയുടെ ബു ഹസയിലെ പങ്കാളിത്തവും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
അബുദാബിയുടെ എണ്ണ ഉൽപ്പാദനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഓയില്‍ ഫീല്‍ഡാണ് യുഎഇയിലെ ഏറ്റവും വലിയ ഓൺഷോർ എണ്ണപ്പാടമായ ബു ഹസ. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനികളുടെ പട്ടികയില്‍ മുന്‍നിരയില്‍ വരുന്ന കമ്പനിയാണ് അഡ്നോക്ക്. മറുവശത്ത് ചൈനയുടെ സ്റ്റേറ്റ് ഓയിൽ കമ്പനികളിൽ ഏറ്റവും ചെറുതാണെങ്കിലും, ആഗോള എണ്ണ വിപണിയിൽ നിർണ്ണായക സാന്നിധ്യമായി മാറിയ കമ്പനിയാണ് ഴെൻഹുവ.
പുതിയ നീക്കം കരാർ ചൈനയുടെ എണ്ണ വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം, മിഡിൽ ഈസ്റ്റിലെ പ്രമുഖ എണ്ണ ഉൽപ്പാദകരുമായുള്ള സഹകരണം വിപുലീകരിക്കാനുള്ള ചൈനയുടെ തന്ത്രത്തേയും എടുത്തു കാട്ടുന്നു. ഴെൻഹുവയുടെ പുതിയ റോൾ, ബു ഹസയുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ആഗോള എണ്ണ വിപണിയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം, സെപ്റ്റംബറിൽ സൗദി അറേബ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറക്കാനിരിക്കേയാണ് ചൈന യു എ ഇയില്‍ നിന്നുള്ള വിഹിതം കുത്തനെ ഉയർത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ഓഗസ്റ്റിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കയറ്റുമതി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സൗദി അറേബ്യന്‍ വിഹിതം ചൈന കുത്തനെ കുറയ്ക്കുന്നത്.
കഴിഞ്ഞ ആഴ്ച, സൗദി അറാംകോ ഏഷ്യൻ ഉപഭോക്താക്കൾക്കായുള്ള സെപ്റ്റംബർ ക്രൂഡ് ഓയിൽ വില പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായ രണ്ടാം മാസവും വില വർധിപ്പിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. സൗദി അറേബ്യ ഔദ്യോഗിക വിൽപ്പന വില (OSP) വർധിപ്പിച്ച പശ്ചാത്തലത്തിലാണ് ചൈനയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു തീരുമാനമുണ്ടായതെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
സൗദി അറേബ്യയുടെ പൊതുമേഖല കമ്പനിയായ സൗദി അറാംകോ, സെപ്റ്റംബറിൽ ചൈനയിലേക്ക് ഏകദേശം 430 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ അയയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ദിവസേന ശരാശരി 14.3 ലക്ഷം ബാരലിന് തുല്യം. ഓഗസ്റ്റിൽ 16.5 ലക്ഷം ബാരൽ പ്രതിദിന (bpd) കയറ്റുമതി ചെയ്തിരുന്നതിനെ അപേക്ഷിച്ച് ഇത് വലിയ തോതില്‍ കുറവാണ്.












Click it and Unblock the Notifications