സ്വർണം വാങ്ങുന്നതില്‍ ഇന്ത്യക്ക് പഠിച്ച് യുഎഇ സെന്‍ട്രല്‍ ബാങ്ക്: ശേഖരത്തില്‍ വന്‍ വർധനവ്
യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ സ്വർണ ശേഖരത്തില്‍ വന്‍ വർധനവ്. പുതിയ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ യുഎഇയുടെ സെൻട്രൽ ബാങ്കിലെ സ്വർണ്ണ ശേഖര മൂല്യം ഓഗസ്റ്റ് അവസാനത്തോടെ 22.021 ബില്യൺ ദിർഹമായി ഉയർന്നു. ജുലൈ അവസാനത്തില്‍ ഇത് 21.28 ബില്യണ്‍ ദിർഹമായിരുന്നു. രണ്ട് മാസത്തേയും മൂല്യങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ 3.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
സെൻട്രൽ ബാങ്ക് വെള്ളിയാഴ്ച പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിൻ അനുസരിച്ച്, ബാങ്കിൻ്റെ സ്വർണ്ണ കരുതൽ ശേഖരം 21.3 ശതമാനത്തിലധികം വർദ്ധിച്ചു. കഴിഞ്ഞ വർഷം 18.147 ബില്യൺ ദിർഹം മൂല്യമുള്ള സ്വർണമായിരുന്നു ബാങ്കിന്റെ കൈവശമുണ്ടായിരുന്നത്. അതേസമയം, രാജ്യത്തെ സേവിംഗ്സ് ഡെപ്പോസിറ്റുകൾ 303.714 ബില്യൺ ദിർഹമാണ്. ഇതിൽ ഏകദേശം 254 ബില്യൺ ദിർഹവും പ്രാദേശിക കറൻസിയിലാണ്.

ടൈം ഡെപ്പോസിറ്റുകൾ പ്രാദേശിക കറൻസിയിലെ 524.73 ബില്യൺ ദിർഹം ഉൾപ്പെടെ 886.661 ബില്യൺ ദിർഹത്തിലേക്ക് എത്തി. യു എ ഇ ബാങ്കിംഗ് മേഖലയിലെ അന്താരാഷ്ട്ര കരുതൽ ശേഖരം ജൂലൈ അവസാനത്തെ 1.273 ട്രില്യൺ ദിർഹത്തില്‍ നിന്നും 1.305 ട്രില്യൺ ദിർഹമായി. അതായത് 2.54 ശതമാനത്തിന്റെ വളർച്ച. കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തെ 1.145 ട്രില്യൺ ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ വർഷാരംഭം മുതൽ കരുതൽ ശേഖരം ഏകദേശം 14 ശതമാനത്തോളവും വർധിച്ചിട്ടുണ്ട്.
സെൻട്രൽ ബാങ്കിൽ നിന്നുള്ള പണം പിൻവലിക്കൽ ജനുവരി മുതൽ ഓഗസ്റ്റ് അവസാനം വരെ 136 ബില്യൺ ദിർഹവും പണം നിക്ഷേപം 126.25 ബില്യൺ ദിർഹം ആയിരുന്നുവെന്നും സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. യു എ ഇ ഫണ്ട് ട്രാൻസ്ഫർ സിസ്റ്റം (UAEFTS) വഴിയുള്ള രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ ഇടപാടുകളുടെ മൂല്യം ഈ വർഷത്തെ ആദ്യ എട്ട് മാസങ്ങളിൽ 12.746 ട്രില്യൺ ദിർഹം കവിയുകയും ചെയ്തിട്ടുണ്ട്.
അതേസമയം, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയും തങ്ങളുടെ കരുതല്‍ ധന ശേഖരം വലിയ തോതില്‍ വർധിപ്പിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ മാത്രം 27 ടണ്‍ സ്വർണ്ണമാണ് ആർ ബി ഐ വാങ്ങിയത്. ഇതോടെ ജനുവരി മുതൽ ഒക്ടോബർ വരെ ആർ ബി ഐ വാങ്ങിയ മൊത്തം സ്വർണത്തിന്റെ അളവ് 77 ടണ്ണായി ഉയർന്നു. 2023-ൽ 16 ടണ്‍ സ്വർണം മാത്രമായിരുന്നു ഇന്ത്യ വാങ്ങിയത്. 2009-ൽ നിന്ന് ഐ എം എഫില്‍ നിന്നും വാങ്ങിയ 200 ടണിന് ശേഷമുള്ള ഏറ്റവും ഉയർന്ന അളവുമാണ് ഇത്തവണത്തേത് എന്നതാണ് ശ്രദ്ധേയം.
സ്വർണത്തിന്റെ കരുതല്‍ ശേഖരം വർധിപ്പിക്കുന്നതില്‍ ആർ ബി ഐയും യു എ ഇയും സെന്‍ട്രല്‍ ബാങ്കും സമാനമായ നിലപാടാണ് സ്വീകരിച്ച് വരുന്നത്. അതേസമയം, ഇന്ത്യയേക്കാള്‍ സ്വർണ വില കുറഞ്ഞ് നില്‍ക്കുന്ന രാജ്യമാണ് യു എ ഇ. ഒരു പവന്‍ സ്വർണത്തിന് ഏകദേശം 2000 മുതല്‍ 2500 രൂപവരെയാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ വിലയിലെ വ്യത്യാസം.












Click it and Unblock the Notifications