യെമനിലെ സൈനിക സാന്നിധ്യം പൂര്‍ണമായി അവസാനിപ്പിച്ച് യുഎഇ
സൗദി അറേബ്യയുമായുള്ള നയതന്ത്ര ഭിന്നതകള്‍ക്കിടെ യെമനില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായി പിന്‍വലിച്ച് യു എ ഇ. അവശേഷിച്ചിരുന്ന ഭീകരവിരുദ്ധ സേനാംഗങ്ങളെക്കൂടി തിരിച്ചുവിളിച്ചതോടെ യെമന്‍ സംഘര്‍ഷത്തിലെ യുഎഇയുടെ പങ്കാളിത്തത്തിന് കൂടിയാണ് അവസാനമാകുന്നത്. യു എ ഇ സൈന്യം 24 മണിക്കൂറിനകം രാജ്യം വിടണമെന്ന യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ചെയര്‍മാന്‍ റാഷാദ് അല്‍ അലിമിയുടെ അന്ത്യശാസനം നല്‍കിയിരുന്നു.
ഇതിനെ സൗദി പിന്തുണയ്ക്കുക കൂടി ചെയ്തതോടെയാണ് യു എ ഇയുടെ സുപ്രധാന തീരുമാനം. യുഎഇ പ്രതിരോധ മന്ത്രാലയം സൈനിക പിന്‍മാറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. സംയമനം, ഏകോപനം, സംഘര്‍ഷം ലഘൂകരിക്കാനുള്ള ബോധപൂര്‍വമായ പ്രതിബദ്ധത എന്നിവയോടെയാണ് രാജ്യം സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതെന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

പ്രാദേശിക സ്ഥിരതയ്ക്ക് സ്ഥിരമായി മുന്‍ഗണന നല്‍കുക എന്നതാണ് തങ്ങളുടെ വിദേശനയം എന്നും യു എ ഇ വ്യക്തമാക്കി. അതേസമയം യെമനില്‍ നിന്ന് എത്ര സൈനികരെയും ഉപകരണങ്ങളും മാറ്റി എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ യുഎഉ നല്‍കിയിട്ടില്ല. സായുധ പോരാട്ടം അവസാനിപ്പിച്ചതിനെ തുടര്‍ന്ന്, അന്താരാഷ്ട്ര പങ്കാളികളുമായുള്ള ഏകോപനത്തിലൂടെ ചില പ്രത്യേക ഭീകരവിരുദ്ധ വിഭാഗങ്ങളെ മാത്രമായിരുന്നു യെമനില്‍ യുഎഇ നിലനിര്‍ത്തിയിരുന്നത്.
ഹൂതികളുടെ വര്‍ധിച്ചുവരുന്ന സ്വാധീനം, ഇറാന്‍ ഘടകം, ചെങ്കടലിലെ സംഘര്‍ഷങ്ങള്‍ എന്നിവവയെല്ലാം യെമനില്‍ തുടരുന്നത് യുഎഇയെ സംബന്ധിച്ചിടത്തോളം ഭീഷണിയായിരുന്നു. അതേസമയം യെമനിലെ തുറമുഖ നഗരമായ മുകല്ലയില്‍ ആയുധ നീക്കവുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണി ആരോപിച്ച് സൗദി അറേബ്യ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യുഎഇയുടെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.
ഏദന്‍ ആസ്ഥാനമായ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിനായി യുഎഇയില്‍ നിന്ന് എത്തിയ ആയുധങ്ങളാണെന്ന് ആരോപിച്ചായിരുന്നു സൗദിയുടെ ആക്രമണം നടത്തിയത്. എന്നാല്‍ തങ്ങളുടെ സൈന്യത്തിന് ആവശ്യമായ വാഹനങ്ങള്‍ മാത്രമായിരുന്നു കപ്പലിലെന്നാണ് യുഎഇയുടെ വിശദീകരണം. സൗദിയുടെ നടപടിയില്‍ യുഎഇ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
യെമനിലെ കിഴക്കന്‍ പ്രവിശ്യകളായ ഹളര്‍മൗത്തും അല്‍ മഹ്റയും ഈ മാസം ആദ്യം എസ്ടിസി പിടിച്ചെടുത്തിരുന്നു. ഇത് മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചിരുന്നു. സൗദി അതിര്‍ത്തിയോട് ചേര്‍ന്നുള്ള കിഴക്കന്‍ പ്രവിശ്യകളില്‍ വിഘടനവാദികള്‍ക്ക് യുഎഇ നല്‍കുന്ന പിന്തുണ തങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സൗദി പറഞ്ഞിരുന്നു.












Click it and Unblock the Notifications