ഇന്ത്യയുടെ ഉറ്റചങ്ങാതിയായി യുഎഇ; പ്രതീക്ഷിച്ചതിലും അഞ്ച് വര്‍ഷം മുമ്പെ ലക്ഷ്യം കണ്ടു!
ഇന്ത്യയുമായുള്ള വ്യാപാരം ആസൂത്രണം ചെയ്തതിന് അഞ്ച് വര്‍ഷം മുമ്പെ ലക്ഷ്യം ഭേദിച്ചെന്ന് യുഎഇ. 2030 ല്‍ ലക്ഷ്യമിട്ടിരുന്ന 100 ബില്യണ്‍ ഡോളറിന്റെ വ്യാപാരം 2024 ല്‍ തന്നെ പിന്നിട്ടു എന്ന് സാമ്പത്തിക നയതന്ത്രത്തെ കുറിച്ചുള്ള ഒരു പാനല്‍ ചര്‍ച്ചയ്ക്കിടെ യു എ ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അല്‍ സെയൂദി പറഞ്ഞു. 2022 ല്‍ ഇന്ത്യയുമായി ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സി ഇ പി എ) ഫലമായാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെറും 88 ദിവസങ്ങള്‍ക്കുള്ളില്‍ ആയിരുന്നു കരാര്‍ അന്തിമമാക്കിയത്. പ്രധാന വ്യാപാര ചര്‍ച്ചകള്‍ സാധാരണ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് എന്നതിനാല്‍ തന്നെ ഇത് വളരെ പ്രധാനമാണ്. ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം, 2024 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ, എണ്ണ, എണ്ണ ഇതര മേഖലകള്‍ക്കായി തങ്ങള്‍ 100 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടത്തിയിട്ടുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎഇ സാമ്പത്തിക നയതന്ത്ര റിപ്പോര്‍ട്ട് 2024-2025 പുറത്തിറക്കിയതിന് ശേഷമുള്ള ഒരു പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അല്‍ സെയൂദി. നിലവില്‍ ഒപ്പുവച്ച 27 സിഇപിഎ കരാറുകളില്‍ ഒന്നാണ് ഇന്ത്യാ കരാര്‍, അവയില്‍ പലതും ഇതിനകം പ്രാബല്യത്തിലുണ്ട്. ഈ വര്‍ഷം അവസാനത്തോടെയും അടുത്ത വര്‍ഷത്തോടെയും, 40 മുതല്‍ 45 വരെ കരാറുകളില്‍ എത്തുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താരിഫ്, നിയന്ത്രിത ഇറക്കുമതി നിയന്ത്രണങ്ങള്‍ തുടങ്ങിയ സാമ്പത്തിക തടസങ്ങള്‍ ഇല്ലാതാക്കുന്നതിലും എണ്ണ, എണ്ണ ഇതര മേഖലകളിലെ വ്യാപാര, നിക്ഷേപ പ്രവാഹങ്ങള്‍ അണ്‍ലോക്ക് ചെയ്യുന്നതിലും ആണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ കരാറുകള്‍ അളവ് വര്‍ധിപ്പിക്കുക മാത്രമല്ല, യുഎഇയുടെ വൈവിധ്യവല്‍ക്കരണ തന്ത്രത്തെ രൂപപ്പെടുത്താനും സഹായിക്കുന്നു.
എഐ, ശുദ്ധമായ ഊര്‍ജ്ജം, നൂതന ഉല്‍പ്പാദനം തുടങ്ങിയ മേഖലകളെ ലക്ഷ്യം വച്ചുള്ള പുതിയ നിക്ഷേപങ്ങളും കരാര്‍ ലക്ഷ്യമിടുന്നത്. 'സ്വകാര്യ മേഖലയുമായുള്ള നേരിട്ടുള്ള സംഭാഷണങ്ങള്‍ ഞങ്ങളുടെ താമസ നിയന്ത്രണങ്ങള്‍ പരിഷ്‌കരിക്കാന്‍ ഞങ്ങളെ സഹായിച്ചു,' അല്‍ സെയൂദി പറഞ്ഞു. ചടുലതയിലും പൊതു-സ്വകാര്യ സഹകരണത്തിലും അധിഷ്ഠിതമായ യുഎഇയുടെ സാമ്പത്തിക നയതന്ത്ര മാതൃക, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ പരമ്പരാഗത പങ്കാളികളുമായുള്ള ഇടപെടലിനെയും സ്വാധീനിക്കുന്നു.
യു എസുമായുള്ള സാമ്പത്തിക ബന്ധം ശക്തമായി തുടരുമ്പോഴും പുതുതായി ഏര്‍പ്പെടുത്തിയ യു എസ് താരിഫുകള്‍ ഒരു ആശങ്കയാണ് എന്ന് അല്‍ സെയൂദി അംഗീകരിച്ചു. എന്നാല്‍ ഈ വെല്ലുവിളികള്‍ അവസരങ്ങളും സൃഷ്ടിക്കുന്നു എന്നും ആഗോള സാമ്പത്തിക പ്രതിസന്ധികളെ നൂതനവും മത്സരപരവുമായ തന്ത്രങ്ങളാക്കി മാറ്റുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള സാമ്പത്തിക ദേശീയത വര്‍ധിച്ച് വരുന്നുണ്ടെങ്കിലും ലോകത്തിന് മുന്നില്‍ വാതില്‍ തുറന്നിരിക്കുക എന്നതാണ് യുഎഇയുടെ നയമെന്ന് വിദേശകാര്യ സഹമന്ത്രി അഹമ്മദ് അല്‍ സയേഗ് പറഞ്ഞു. അതിനിടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്
യു എ ഇ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്.ജയ്ശങ്കറും തമ്മില്‍ കഴിഞ്ഞ ദിവസം ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകും വിധം സഹകരണം വ്യത്യസ്ത മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ചാണ് ആലോചന നടക്കുന്നത്.


Click it and Unblock the Notifications