യുഎഇ എട്ട് വർഷം മുന്‍പത്തെ ചരിത്രം ആവർത്തിക്കപ്പെടുന്നു: അന്ന് പെയ്ത മഴ ഇന്നും
അബുദാബി: കഴിഞ്ഞ ദിവസം മുതല്‍ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ റോഡ് ഗാതഗതം മുതല്‍ വ്യോമഗതാഗതം വരെ തടസ്സപ്പെട്ടു. മഴയെതുടർന്ന് ബുദാബിയിലും ഷാർജയിലും ഉൾപ്പെടെ പാർക്കുകളും, മലയോര പാതകളും അടച്ചു. ബീച്ചുകളും അടച്ചിട്ടു. സ്വകാര്യ മേഖലയിൽ ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിർദേശം.
കൃത്യം എട്ട് വർഷങ്ങള്‍ക്ക് മുമ്പ് യുഎഇ സംഭവിച്ച കാര്യങ്ങളാണ് കാലാവസ്ഥയുടെ കാര്യത്തില്‍ ഇപ്പോള്‍ വീണ്ടും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. 2016 മാർച്ച് 9 ന് നിർത്താതെ പെയ്ത രാജ്യത്തെ ജനജീവിതത്തെ വലിയ രീതിയില്‍ ബാധിച്ചു. അന്ന് കൃത്യമായ നിർദേശങ്ങള്‍ നല്‍കാന്‍ ഭരണകൂടത്തിന് സാധിച്ചിരുന്നുമില്ല. എന്നാല്‍ ഇത്തവണ വളരെ നേരത്തെ തന്നെ മഴ സംബന്ധിച്ച കൃത്യമായ നിർദേശങ്ങള്‍ ജനങ്ങള്‍ക്ക് ലഭിച്ചു. ഇതോടെയാണ് വലിയ പ്രതിസന്ധികള്‍ മറികടക്കാന്‍ സാധിച്ചത്.

2016 ല്‍ ശക്തമായ കാറ്റും ആലിപ്പഴ വർഷത്തോട് കൂടിയ കനത്ത മഴയും രാജ്യത്തെ ബാധിച്ചു. 24 മണിക്കൂറിനുള്ളിൽ അൽ ഷുവൈബ് കാലാവസ്ഥാ കേന്ദ്രത്തിൽ മാത്രം 287.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയപ്പോള്‍ രാജ്യത്ത് ഏറ്റവും ഉയർന്ന മഴയും ശക്തമായ കാറ്റിൻ്റെ വേഗതയും രേഖപ്പെടുത്തി. അൽ ബത്തീൻ വിമാനത്താവള മേഖലയില്‍ 130 കിലോമീറ്റർ വേഗതയിൽ കാറ്റാണ് രേഖപ്പെടുത്തിയത്.
കനത്ത മഴയെ തുടർന്ന് അന്ന് അഡ്‌നോക് സ്ഥിതിചെയ്യുന്ന ഷെയ്ഖ് ഖലീഫ കോംപ്ലക്‌സ് ഉൾപ്പെടെ നിരവധി ഓഫീസ് കെട്ടിടങ്ങൾ ഒഴിപ്പിക്കേണ്ടിയും വന്നിരുന്നു. കനത്ത മഴയിൽ റാസൽഖൈമ മുങ്ങിയപ്പോള്‍ അൽ മനേയ്, ഷൗക്ക, അൽ ഗലീല, ജെയ്സ്, അൽ ഗെയിൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 54 അപകടങ്ങളും അന്ന് റിപ്പോർട്ട് ചെയ്തു.
അതേസമയം, യു എ ഇല്‍ ഇന്നും കനത്ത മഴ തുടരുമെന്നാണ് നിർദേശം. പടിഞ്ഞാറൻ എമിറേറ്റുകളിലാണ് മഴ കൂടുതല്‍ ശക്തമാകുക. അൽ ഐൻ , നാഹിൽ മേഖലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ഭാഗങ്ങളിൽ യെല്ലോ അലേർട്ടുമാണ്. അൽ ദഫ്റയിലും അൽഐനിലും കനത്തമഴയും കാറ്റും തുടർന്നേക്കും.
രാജ്യത്തെ മലയോര മേഖലയിലെ റോഡുകളില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.വാദികളിലേക്കും ഡാമിന് സമീപത്തേക്കും പ്രവേശനമില്ല. ഗ്ലോബൽ വില്ലേജിൽ വെടിക്കെട് നിർത്തിവച്ചതിന് പുറമെ അബുദാബി ക്ഷേത്രത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications