ഇത് യുഎഇ ആണ്: എണ്ണ തീർന്നാലും ഒരു ചുക്കും സംഭവിക്കില്ല: 75 ശതമാനം വരുമാനവും വേറെ വഴി
എണ്ണേതര വരുമാന മേഖലയിൽ ശക്തമായ വളർച്ച രേഖപ്പെടുത്തുന്നത് തുടർന്ന് യു എ ഇ. രാജ്യത്തിന്റെ എണ്ണയിതര മേഖലയിൽ നിന്നുള്ള വരുമാനം ശക്തമായ വളർച്ച തുടരുന്നുവെന്നാണ് ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസ് (ഒപെക്) 2025 ഏപ്രിലിലെ പ്രതിമാസ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ടൂറിസം, ഫിനാൻസ്, നിർമ്മാണം, ഡിജിറ്റൽ സാങ്കേതികവിദ്യ, ഫിൻടെക്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് ഈ വളർച്ചയ്ക്ക് കാരണം.
'ഓപ്പറേഷൻ 300bn' പോലുള്ള സർക്കാർ പദ്ധതികൾ നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുകയും കയറ്റുമതി വിപണികൾ വിപുലീകരിക്കുകയും വിദേശ നിക്ഷേപം വലിയ രീതിയിൽ ആകർഷിക്കപ്പെടുന്നതും യുഎഇയുടെ വളർച്ചയിൽ നിർണ്ണായക സ്വാധീന ശക്തികളാകുന്നു. പ്രധാനമായും തങ്ങളുടെ സമ്പദ്‌വ്യവസ്ഥ തുടർച്ചയായി വൈവിധ്യവത്കരിച്ചുകൊണ്ട് അബുദാബിയും ദുബായും യുഎഇയുടെ വളർച്ചയിൽ നിർണ്ണായക ശക്തികളായി മാറുന്നു.

2024-ന്റെ ആദ്യ പാദത്തിൽ യു എ ഇയുടെ മൊത്തം ജി ഡി പിയിൽ 3.6 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതിൽ 75 ശതമാനവും എണ്ണയിതര മേഖലയിൽ നിന്നായിരുന്നു എന്നതാണ് ശ്രദ്ധേയം. ഗതാഗതവും സംഭരണവും (8.4%), ധനകാര്യവും ഇൻഷുറൻസും (7.6%), നിർമ്മാണം (7.3%) എന്നിവയാണ് ഏറ്റവും വേഗത്തിൽ വളർന്ന മേഖലകൾ. ടൂറിസം മേഖലയിൽ ഹോട്ടൽ വരുമാനം 7% വർധിച്ച് 24.6 ബില്യൺ ദിർഹം ആയി എന്നതാണ് ശ്രദ്ധേയം. ഈ കാലയളവിൽ യുഎഇ 15.3 ദശലക്ഷം സന്ദർശകരെ സ്വാഗതം ചെയ്തു.
'വീ ദി യുഎഇ 2031' എന്ന ദീർഘകാല വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് അനുസൃതമായി 2031-ഓടെ ജി ഡി പി 3 ട്രില്യൺ ദിർഹമാക്കി ഉയർത്താനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഒപെക് റിപ്പോർട്ട് പ്രകാരം, മാർച്ചിൽ യു എ ഇയുടെ പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്സ് (പി എം ഐ) 54 ആയിരുന്നു. സമ്പദ്‌വ്യവസ്ഥ വളരുന്നു എന്നുള്ളതിന്റെ വ്യക്തമായ സൂചനയായിട്ടാണ് ഇതിനെ കാണുന്നത്.
എണ്ണവിലയിലെ ഇടിവും ഒപെക്+ ഉൽപ്പാദന വെട്ടിക്കുറവുകളും എണ്ണ മേഖലയിൽ നിന്നുള്ള വരുമാനത്തെ കാര്യമായ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. എന്നാൽ എണ്ണേതര മേഖലയുടെ ശക്തി യു എ ഇയെ ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളെ അതിജീവിക്കാൻ സഹായിക്കുന്നു. അബുദാബിയിൽ 2024-ന്റെ ആദ്യ പാദത്തിൽ എണ്ണേതര മേഖലയിൽ നിന്നുള്ള ജി ഡി പി 4.7% വളർന്നു. 2015-ന് ശേഷമുള്ള ഏറ്റവും ഉയർന്ന വർധനവാണ് ഇത്.
യു എ ഇയുടെ വ്യാപാര കരാറുകളും (ഇന്ത്യ, ഇസ്രായേൽ, ഇന്തോനേഷ്യ എന്നിവയുമായുള്ള സി ഇ പി എ) എണ്ണേതര കയറ്റുമതിയെ 2022-ൽ 366 ബില്യൺ ദിർഹമായി ഉയർത്തി. ഇതിലൂടെ മേഖലയിലെ വലിയ സാമ്പത്തിക ശക്തിയെന്ന സ്ഥാനം നിലനിർത്തുകയും ആഗോള വിപണികളിൽ യു എ ഇയുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നു.
2024 അവസാനത്തോടെ യു എ ഇയുടെ വിദേശ വ്യാപാരം ആദ്യമായി 3 ട്രില്യൺ ദിർഹത്തിലെത്തിയതായുള്ള കണക്കുകളും നേരത്തെ പുറത്ത് വന്നിരുന്നു. 'ചരിത്രപരമായ നാഴികക്കല്ല്' എന്നാണ് നേട്ടം പ്രഖ്യാപിച്ചുകൊണ്ട് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്ന് എക്സില്‍ കുറിച്ചത്.
'2024-ൽ ആഗോള വ്യാപാരം വെറും 2 ശതമാനം മാത്രം വളർന്നപ്പോൾ, യു എ ഇയുടെ വിദേശ വ്യാപാരം ആ നിരക്കിന്റെ ഏഴ് മടങ്ങ് വർദ്ധിച്ചു. അതായത് 14.6 ശതമാനം വളർച്ച കൈവരിച്ചു' മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുറിച്ചു.












Click it and Unblock the Notifications