ഖത്തര്‍ 'അടിവാങ്ങി'യത് മൂന്നാം തവണ; ഇനി സാധ്യത ഇങ്ങനെ, അറബ് നേതാക്കള്‍ കൂട്ടത്തോടെ വരുന്നു
ദോഹ: ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണം നടന്ന ഖത്തറിലേക്ക് അറബ് നേതാക്കള്‍ കൂട്ടത്തോടെ വരുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ദോഹയിലെത്തി. യുഎഇയില്‍ നിന്നുള്ള പ്രമുഖ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ട്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഹമദ് വിമാനത്താവളത്തില്‍ എത്തി അദ്ദേഹത്തെ സ്വീകരിച്ചു.
സൗഹൃദ സന്ദര്‍ശനം എന്നാണ് ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക പ്രതികരണം. എന്നാല്‍ യുഎഇ പ്രസിഡന്റിന്റെ സന്ദര്‍ശനം നേരത്തെ തീരുമാനിച്ചതമല്ല. ഖത്തറിനെ ആശ്വസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. എന്തെങ്കിലും മറ്റു അജണ്ടകള്‍ സന്ദര്‍ശനത്തിന് പിന്നിലുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല. മാത്രമല്ല, സൗദി കിരീടവകാശിയും ഖത്തറിലേക്ക് വരികയാണ്.

ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള രാജ്യമാണ് യുഎഇ. അതുകൊണ്ടുതന്നെ ഈ സന്ദര്‍ശനത്തിന് വളരെ പ്രാധാന്യമുണ്ട്. ജോര്‍ദാന്‍ കിരീടവകാശി ഹുസൈന്‍ ഇന്ന് രാത്രിയോടെ ഖത്തറില്‍ എത്തുമെന്നാണ് പുതിയ വിവരം. സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യാഴാഴ്ച ദോഹയില്‍ എത്തുമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒരു നേതാവിന്റെ സന്ദര്‍ശനവും നേരത്തെ പദ്ധതിയിട്ടതല്ല. പുതിയ സാഹചര്യത്തിലുള്ള മിന്നല്‍ സന്ദര്‍ശനങ്ങളാണ്.
ഖത്തറിനെതിരായ ആക്രമണത്തെ എല്ലാ ജിസിസി രാജ്യങ്ങളും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളും അപലപിച്ചിട്ടുണ്ട്. ഖത്തര്‍ എന്തു തീരുമാനം എടുത്താലും കൂടെ ഉണ്ടാകുമെന്ന് ജിസിസി നേതാക്കള്‍ വ്യക്തമാക്കി. ഇനി ഖത്തര്‍ എങ്ങനെ പ്രതികരിക്കും എന്നാണ് അറിയേണ്ടത്. പരമാധികാരം ലംഘിച്ചുള്ള ക്രിമിനല്‍ ആക്രമണം ആണ് ഇസ്രായേല്‍ നടത്തിയത് എന്ന് ഖത്തര്‍ പ്രതികരിച്ചിട്ടുണ്ട്.
ഖത്തര്‍ സൈനികമായി നീങ്ങുന്നത് ഒഴിവാക്കാന്‍ അമേരിക്ക ശ്രമിക്കുന്നുണ്ട്. ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഇത്തരം ആക്രമണം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അമേരിക്ക ഉറപ്പ് നല്‍കി. അതേസമയം, ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ നിന്ന് ഖത്തര്‍ പിന്മാറി എന്ന വാര്‍ത്തയും വന്നിട്ടുണ്ട്. ഫലത്തില്‍ പശ്ചിമേഷ്യയില്‍ ഉടന്‍ സമാധാനമുണ്ടാകില്ല.
എന്തിന് ഖത്തര്‍ ഇരയാകുന്നു
സമീപകാലത്ത് മൂന്ന് തവണയാണ് ഖത്തര്‍ വിദേശ ശക്തികളുടെ പ്രകോപനത്തിന് ഇരയായത്. മുസ്ലിം ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് 2017ല്‍ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ചുമത്തിയിരുന്നു. കഴിഞ്ഞ ജൂണ്‍ 22ന് ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധത്തിനിടെ ഇറാന്‍, ഖത്തറില്‍ ആക്രമണം നടത്തിയിരുന്നു. ഇപ്പോള്‍ ഇസ്രായേലും ആക്രമണം നടത്തി.
മൂന്ന് വിഷയത്തിലും കളത്തിന് പുറത്തുള്ള കാര്യത്തിലാണ് ഖത്തറിന് പ്രഹരമേറ്റത്. ഇറാന്റെ ആക്രമണം ഖത്തറിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു. ഇസ്രായേല്‍ ആക്രമിച്ചത് ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടും. എങ്കിലും ഒരു രാജ്യത്തിന്റെ പരമാധികാരം മറ്റൊരു രാജ്യം ലംഘിക്കുന്നത് അവരുടെ അസ്ഥിത്വം ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ ഖത്തര്‍ സൈനികമായി നീങ്ങുമോ, അതോ മറ്റെന്തിങ്കിലും രീതിയില്‍ ഇസ്രായേലിനെതിരെ നീക്കം നടത്തുമോ എന്നാണ് ഇനി അറിയേണ്ടത്. സംയുക്ത നീക്കം വേണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു എന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications