യുഎഇയിലെ ഇന്ത്യന്‍ മുതലാളിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്: കാരണം ഇറാനുമായി ചേർന്ന് രഹസ്യ ഇടപാട്
ന്യൂയോർക്ക്: യു എ ഇ ആസ്ഥാനായി പ്രവർത്തിക്കുന്ന ഇന്ത്യന്‍ വ്യവസായിക്കും അദ്ദേഹത്തിന്റെ നാല് സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇറാനിയൻ അസംസ്കൃത എണ്ണയുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വ്യാപാരത്തിലും ഗതാഗതത്തിലും പങ്കാളിയാണെന്ന് ആരോപിച്ചാണ് അമേരിക്കയുടെ നടപടി. ഇറാനുമായി സഹകരിക്കുന്ന കമ്പനികള്‍ക്ക് ഇത് ആദ്യമായല്ല അമേരിക്ക ഉപരോധം പ്രഖ്യാപിക്കുന്നത്.
ഒന്നിലധികം ഷിപ്പിംഗ് കമ്പനികളുടെ ഉടമയായ ജുഗ്‌വീന്ദർ സിംഗ് ബ്രാർ ആണ് നടപടിക്ക് വിധേയമായിരിക്കുന്നതെന്നണ് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫീസ് (OFAC) വ്യക്തമാക്കുന്നത്. ജുഗ്‌വീന്ദർ സിംഗ് ബ്രാറിന്റെ മൂന്ന് കമ്പനികള്‍ക്കുമായി ഏകദേശം 30 ചരക്ക് കപ്പലുകളാണുള്ളത്. ഇവയില്‍ പലതും ഇറാന്റെ "ഷാഡോ ഫ്ലീറ്റിന്റെ" ഭാഗമായി പ്രവർത്തിക്കുന്നുവെന്നാണ് അമേരിക്കന്‍ ആരോപണം.

ജുഗ്‌വീന്ദർ സിംഗ് ബ്രാറിന്റെ കമ്പനികള്‍ക്ക് പുറമെ ഇന്ത്യ ആസ്ഥാനമായുള്ള ഗ്ലോബൽ ടാങ്കേഴ്‌സ്, ബി ആൻഡ് പി സൊല്യൂഷൻസ്, യു എ ഇ ആസ്ഥാനമായുള്ള പ്രൈം ടാങ്കേഴ്‌സ്, ഗ്ലോറി ഇന്റർനാഷണൽ എന്നീ നാല് കമ്പനികൾക്കും വാഷിംഗ്ടൺ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
'ജുഗ്‌വീന്ദർ സിംഗ് ബ്രാറിന്റെ നാല് സ്ഥാപനങ്ങൾ നാഷണൽ ഇറാനിയൻ ഓയിൽ കമ്പനി (NIOC) യ്ക്കും ഇറാനിയൻ സൈന്യത്തിനും വേണ്ടി ഇറാനിയൻ എണ്ണ കടത്തുന്ന കപ്പലുകള്‍ പ്രവർത്തിപ്പിക്കുന്നു' ഒ എഫ് എ സിയുടെ പ്രസ്താവന പറയുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) ഡാറ്റാബേസ് അനുസരിച്ച്, ഗ്ലോബൽ ടാങ്കേഴ്‌സും ബി ആൻഡ് പി സൊല്യൂഷനും ചണ്ഡീഗഢ് ആസ്ഥാനമായുള്ള കമ്പനികളാണെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ഇറാഖ്, ഇറാൻ, യുഎഇ, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിൽ നിന്നുള്ള സമുദ്രാതിർത്തികളിൽ ഇറാനിയൻ പെട്രോളിയത്തിന്റെ ഉയർന്ന അപകടസാധ്യതയുള്ള ഷിപ്പ്-ടു-ഷിപ്പ് (എസ്ടിഎസ്) കൈമാറ്റങ്ങളിൽ ബ്രാറിന്റെ കപ്പലുകൾ ഏർപ്പെടുന്നുണ്ടെന്നും, തുടർന്ന് ഈ ചരക്കുകൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുമായി മിക്സ് ചെയ്യുകയും ചെയ്യുന്നു. ഇറാനുമായുള്ള ബന്ധം മറച്ചുവെക്കാൻ ഷിപ്പിംഗ് രേഖകളിൽ കൃത്രിമത്വം നടത്തുന്നുവെന്നും ഒ എഫ് എസി അവകാശപ്പെട്ടു.
യെമൻ ആസ്ഥാനമായുള്ള ഹൂത്തി മിലിഷ്യയുടെ ഇറാൻ പിന്തുണയുള്ള ധനസഹായിയാണെന്ന് അവകാശപ്പെടുന്ന സായിദ് അൽ-ജമാലിന്റെ "നിയമവിരുദ്ധ ഷിപ്പിംഗ് അസോസിയേറ്റുകളുമായി" ചേർന്ന് പ്രവർത്തിച്ചെന്ന ഗുരുതരമായ ആരോപണവും ഒ എഫ് എസി ഉയർത്തുന്നുണ്ട്.
മൂന്ന് മാസത്തിനുള്ളിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ അഞ്ചാം തവണയാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.ഫെബ്രുവരിയിൽ, ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാല് സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 30-ലധികം വ്യക്തികൾക്കും കപ്പലുകൾക്കും ഒ എഫ് എ സിയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ഉപരോധം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് മാർച്ചിൽ, വലിയ അളവിൽ ഇറാനിയൻ എണ്ണ വാങ്ങുകയും സംസ്‌കരിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു ചൈനീസ് റിഫൈനറിക്കും അമേരിക്കന്‍ ഉപരോധം നേരിടേണ്ടി വന്നു.
അമേരിക്കന്‍ ഉപരോധം നേരിടുന്ന റഷ്യൻ, ഇറാൻ, വെനിസ്വേലൻ അസംസ്കൃത എണ്ണയുടെ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന കപ്പലുകളെയാണ് ഷാഡോ ഫ്ലീറ്റ് എന്ന് പറയുന്നത്. അതേസമയം, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ, അമേരിക്കൻ ഉപരോധത്തിന് കീഴിലുള്ള റഷ്യയുടെ ആർട്ടിക് എൽഎൻജി 2 പദ്ധതിയിൽ നിന്ന് ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) കടത്തുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത മൂന്ന് ഷിപ്പിംഗ് സ്ഥാപനങ്ങൾക്ക് യു എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications