Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുപ്റ്റിലിന്റെ ത്രോ തകർത്തത് ലോകകപ്പ് സ്വപ്‌നം; ധോണി കരഞ്ഞു ഒപ്പം 130 കോടി ഇന്ത്യക്കാരും

ഏകദിന ലോകകപ്പിലെ നോക്ക്ഔട്ട് മത്സരങ്ങൾ ആരംഭിക്കുകയായി. എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ രാജകീയമായി തന്നെയാണ് നീലപ്പടയുടെ സെമി പ്രവേശനം. ന്യൂസിലൻഡാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐസിസി ടൂർണമെന്റുകളുടെ നോക്ക്ഔട്ടുകളിൽ ഒരു ഒഴിയാബാധ പോലെ കിവീസ് ഇന്ത്യയെ പിന്തുടരുകയാണ്.

പലപ്പോഴും ഇന്ത്യയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയായിരുന്നു കിവീസിന്റെ മടക്കം. അതിൽ ഇന്ത്യൻ ആരാധകർ മറക്കാനാഗ്രഹിക്കുന്ന മത്സരങ്ങളിൽ ഒന്നായിരുന്നു 2019 ലോകകപ്പിന്റെ സെമി ഫൈനൽ. മാഞ്ചസ്‌റ്ററിലെ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങി നാല് വർഷം പിന്നിടുമ്പോൾ അതേ ടൂർണമെന്റിൽ ഒരിക്കൽ കൂടി ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. കണക്കുകൾ തീർക്കാനും, വിജയ കുതിപ്പ് തുടരാനും ഇന്ത്യ ശ്രമിക്കുമ്പോൾ മാഞ്ചസ്‌റ്ററിലെ ഓർമ്മകൾ അവരെ വേട്ടയാടുമെന്ന് ഉറപ്പാണ്.

dhoni

ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ 2019

ഈ വർഷത്തെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിനോട് ഏറെ സാമ്യതകളുള്ളതായിരുന്നു കഴിഞ്ഞ തവണത്തെ മത്സരങ്ങളും. തോൽവി അറിയാതെ എത്തിയ ഇന്ത്യയ്ക്ക് എതിരാളി ന്യൂസിലൻഡ്. ഓൾഡ് ട്രാഫോഡിൽ ആദ്യ ദിനം മഴ കനത്തതോടെ മത്സരം റിസർവ് ഡേയിലേക്ക് മാറ്റുകയായിരുന്നു. അവിടെ തുടങ്ങി ഇന്ത്യയുടെ കഷ്‌ടകാലം.

ശക്തമായ ബാറ്റിംഗ് നിരയുള്ള ഇന്ത്യയ്‌ക്കെതിരെ 239 റൺസെടുത്താണ് കിവീസ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. അഞ്ച് സെഞ്ചുറിയുമായി കളം നിറഞ്ഞ രോഹിത്, ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഏകദിന ബാറ്ററായ കോഹ്ലി എന്നിവർ അടങ്ങിയ ഇന്ത്യയ്ക്ക് അത് എളുപ്പമാവുമെന്ന് എല്ലാവരും കരുതി. എന്നാൽ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണ് ചെയ്യേണ്ടതെന്തെന്ന് കൃത്യമായ നിശ്ചയമുണ്ടായിരുന്നു.

തന്റെ ബ്രഹ്‌മാസ്‌ത്രമായ പേസർമാരെ അഴിച്ചുവിട്ട വില്യംസൺ ഇന്ത്യയ്ക്ക് ഒരവസരവും നൽകിയില്ല. മാറ്റ് ഹെന്ററിയും, ട്രെൻഡ് ബോൾട്ടും ഇന്ത്യൻ ബാറ്റർമാരെ വട്ടം കറക്കിയതോടെ സ്‌കോർ 24-4 എന്ന നിലയിലായി. അവിടേക്കാണ് മുൻ നായകൻ എംഎസ് ധോണിയുടെ വരവ്. കരങ്ങൾക്ക് കാരിരുമ്പിന്റെ ശക്തിയും, നിശ്ചയദാർഢ്യവും കൈമുതലായുള്ള ഏഴാം നമ്പറിലെ ഇതിഹാസം ടീമിനെ പതിയെ ചുമലിലേറ്റി.

ഫിനിഷറുടെ റോളിൽ എന്നും മികവ് തെളിയിച്ചിട്ടുള്ള ധോണിയ്ക്ക് അന്നത്തെ സ്‌കോർ മറികടക്കുക അസാധ്യമായിരുന്നില്ല. ഒരു രാജ്യം മുഴുവൻ അദ്ദേഹത്തിൽ പ്രതീക്ഷ വച്ച് മുന്നോട്ട് പോയ നിമിഷങ്ങളായിരുന്നു അത്. 2011 ഫൈനലിലേത് പോലെ ധോണി സിക്‌സ് അടിച്ച് മത്സരം അവസാനിപ്പിക്കുമെന്ന് കരുതിയിടത്താണ് ഇടിത്തീ പോലെ അത് സംഭവിച്ചത്.

സാധാരണ ഗതിയിൽ ധോണി വിക്കറ്റുകൾക്ക് ഇടയിലെ ഓട്ടത്തിൽ തളർച്ച കാണിക്കാറില്ല എന്നാൽ അന്ന് രണ്ടാമത്തെ റണ്ണിനായുള്ള ഓട്ടത്തിന് ഇടയിൽ എവിടെയോ ധോണിയ്ക്ക് പിഴച്ചു. മാർട്ടിൻ ഗുപ്റ്റിലിന്റെ ഡയറക്‌ട് ത്രോ സ്റ്റമ്പ് പിഴുതപ്പോൾ ക്രീസിൽ നിന്ന് ഇഞ്ചുകൾ മാത്രം അകലത്തിലായിരുന്നു ധോണിയുടെ ബാറ്റ്, കേവലം ഇഞ്ചുകൾ.

ഒരുഘട്ടത്തിൽ തകർന്ന ബാറ്റിംഗ് നിരയെ ഒറ്റയ്ക്ക് മുന്നോട്ട് നയിച്ച ധോണിയ്ക്ക് ആ വേദന സഹിക്കാനായില്ല. സ്‌ക്രീനിൽ ഔട്ട് എന്ന് എഴുതി കാണിക്കുമ്പോഴേക്കും അദ്ദേഹം പവലിയനിലേക്ക് നടന്നു തുടങ്ങിയിരുന്നു. ഏത് സമ്മർദ്ദ ഘട്ടത്തെയും സമചിത്തതയോടെ കൈകാര്യം ചെയ്‌തിരുന്ന ക്യാപ്റ്റൻ കൂൾ അന്നാദ്യമായി വിതുമ്പി, ഒപ്പം കോടിക്കണക്കിന് ഇന്ത്യക്കാരും.

ഇന്നിതാ നാല് വർഷങ്ങൾക്ക് ശേഷം മറ്റൊരു ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ എതിരിടാൻ ഒരുങ്ങുകയാണ്. ഒൻപത് മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് ആശങ്കയ്ക്ക് വകയില്ലെന്ന് അറിയാം. എങ്കിലും ഐസിസി ടൂർണമെന്റുകളിലെ നോക്ക്ഔട്ട് ദോഷം ഒരു ശാപം പോലെ ഇപ്പോഴും ഇന്ത്യയെ പിന്തുടരുന്നുണ്ട്. അതിനെ മറികടക്കാൻ രോഹിത്തിനും കൂട്ടർക്കും കഴിഞ്ഞാൽ മൂന്നാം ലോക കിരീടത്തിലേക്ക് നാം ഒരുപടി കൂടി അടുക്കും...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+