ലോക്‌സഭയില്‍ മുസ്ലീം എംപിയെ തീവ്രവാദിയെന്ന് വിളിച്ച് ബിജെപി എംപി; മാപ്പ് പറഞ്ഞ് രാജ്‌നാഥ് സിംഗ്
ന്യൂദല്‍ഹി: ബി എസ് പി എം പി ഡാനിഷ് അലിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുമായി ബി ജെ പി എം പി രമേശ് ബിധുരി. ഡാനിഷ് അലിയെ തീവ്രവാദി എന്നാണ് ബിധുരി വിശേഷിപ്പിച്ചത്. ഇതോടെ സഭ ശബ്ദമുഖരിതമായി. പ്രതിപക്ഷം ഒന്നടങ്കം ബിധുരിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയതോടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ബിധുരിയെ സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു. സ്പീക്കര്‍ വിഷയത്തില്‍ ഇടപെടുമോയെന്നും നടപടി സ്വീകരിക്കുമോയെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി ചോദിച്ചു. അതേസമയം സഭാ രേഖകളില്‍ നിന്ന് രമേഷ് ബിധുരിയുടെ പരാമര്‍ശം ഒഴിവാക്കിയിട്ടുണ്ട് എന്ന് സ്പീക്കര്‍ അറിയിച്ചു.

ഇനി ഇത്തരം പെരുമാറ്റം ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയുണ്ടാവുമെന്ന താക്കീതും സ്പീക്കര്‍ നല്‍കി. ഡാനിഷ് അലിയെ പോലുള്ളവര്‍ തീവ്രവാദികളാണെന്നും ഇത്തരക്കാരെ നാടുകടത്തണമെന്നുമായിരുന്നു രമേശ് ബിധുരിയുടെ പരാമര്‍ശം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മുന്‍ ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍, ബിധുരിയുടെ അധിക്ഷേപം കേട്ട് പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്.
ഹര്‍ഷ വര്‍ധനെതിരേയും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം സംഭവത്തില്‍ രാജ്‌നാഥ് സിംഗ് ഖേദം പ്രകടിപ്പിച്ചതാണെന്നും തന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് നിര്‍ഭാഗ്യകരമാണ് എന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ബിധുരി പറഞ്ഞത് താന്‍ വ്യക്തമായി കേട്ടിരുന്നില്ല എന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. വ്യാഴാഴ്ച ലോക്‌സഭയില്‍ ചന്ദ്രയാന്‍-3 ദൗത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ബിധുരിയുടെ വിവാദപ്രസ്താവന.
അതിനിടെ രാജ്‌നാഥ് സിംഗിന്റെ ഖേദപ്രകടനം സ്വീകരിക്കാനാവില്ലെന്നും ബിധുരിയെ സസ്‌പെന്റ് ചെയ്യണമെന്നുള്ള ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. സംഭവത്തില്‍ സ്പീക്കര്‍ക്ക് ഡാനിഷ് അലി കത്ത് നല്‍കി. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇത് സംഭവിച്ചുവെന്നത് ഈ മഹത്തായ രാഷ്ട്രത്തിലെ ന്യൂനപക്ഷ അംഗവും എം പിയും എന്ന നിലയില്‍ തനിക്ക് ഹൃദയഭേദകമാണെന്ന് ഡാനിഷ് അലി പറഞ്ഞു.
മുസ്ലിങ്ങളെയും പിന്നാക്ക വിഭാഗക്കാരെയും അധിക്ഷേപിക്കുന്നത് ബി ജെ പിയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് തൃണമൂല്‍ എം പി മഹുവ മൊയ്ത്ര പറഞ്ഞു. രാജ്നാഥ് സിംഗിന്റെ മാപ്പ് പാതിമനസ്സോടെയാണെന്നും ഇത് പാര്‍ലമെന്റിനെ അപമാനിക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. കഴിഞ്ഞ സെഷനില്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ മന്ത്രിമാരെ അപമാനിച്ചു എന്നാരോപിച്ച് സസ്പെന്‍ഡ് ചെയ്തിരുന്നു എന്നും എന്നാല്‍ ബി ജെ പി എം പിയുടെ ഗുരുതര ആക്ഷേപത്തില്‍ നടപടിയെടുക്കാത്തത് എന്താണെനന്നും അദ്ദേഹം ചോദിച്ചു.
സ്പീക്കറുടെ മുന്നില്‍ വച്ച് ഒരു എംപി മറ്റൊരു മുസ്ലീം എം പിയെ ഇങ്ങനെ വിളിക്കുന്നതാണോ ബി ജെ പിയുടെ സംസ്‌കാരമെന്ന് ആം ആദ്മി പാര്‍ട്ടി ചോദിച്ചു പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനമെന്നാണ് പാര്‍ട്ടി ഇതിനെ വിശേഷിപ്പിച്ചത്. ബിധുരിയുടെ വര്‍ഗീയ അധിക്ഷേപത്തില്‍ തനിക്ക് ദുഃഖമുണ്ടെന്ന് ആര്‍ ജെ ഡി എം പി മനോജ് ഝായും പറഞ്ഞു.
രമേഷ് ബിധുരി ഉപയോഗിച്ചത് അധിക്ഷേപകരമായ ഭാഷയാണ് എന്നും ഒരു എം പിക്കും അത്തരം പ്രസംഗത്തിന് പ്രത്യേകാവകാശം അവകാശപ്പെടാനാവില്ലെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം എന്നും സി പി എം ആവശ്യപ്പെട്ടു. മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം മുമ്പെങ്ങുമില്ലാത്ത വിധം സജീവമാവുകയാണ് എന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും കുറ്റപ്പെടുത്തി.












Click it and Unblock the Notifications