തെലങ്കാനയില്‍ മുഖ്യമന്ത്രിയാര്: പ്രഖ്യാപനം ഇന്നില്ല, ഡികെ ശിവകുമാറിനെ ഉള്‍പ്പെടെ ഡല്‍ഹിയിലേക്ക്
ഡൽഹി: വന്‍ വിജയം നേടിയിട്ടും അടുത്ത തെലങ്കാന മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ സമവായമില്ലെന്ന് റിപ്പോർട്ട്. പാർട്ടിയെ വിജയത്തിലേക്ക് നയിച്ച ടി പി സി സി അധ്യക്ഷന്‍ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായേക്കുമെന്ന സൂചനയുണ്ടെങ്കിലും തീരുമാനം നീണ്ട് പോകുകയാണ്. എന്നാല്‍ ആറ് വർഷത്തിന് മുമ്പ് മാത്രം പാർട്ടിയിലേക്ക് എത്തിയ രേവന്തിന് കോണ്‍ഗ്രസിനുള്ളിലും ശക്തമായ എതിരാളികളുണ്ട്.
രേവന്ത് റെഡ്ഡിക്ക് തന്നെയാണ് സാധ്യതയെങ്കിലും സമവായത്തിനാണ് പാർട്ടി നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സമവായത്തിനായി കർണാടക മുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനുമായ ഡികെ ശിവകുമാറിനേയും മറ്റ് എ ഐ സി സി നേതൃത്വത്തേയും നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ദില്ലിയില്‍ നാളെ നടക്കുന്ന കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഉൾപ്പെടുന്ന പാർട്ടിയുടെ തിരഞ്ഞെടുപ്പ് നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാത്രമേ കോൺഗ്രസ് മേധാവി മല്ലികാർജുൻ ഖാർഗെ പേര് പ്രഖ്യാപിക്കൂ എന്നും പാർട്ടി വൃത്തങ്ങള്‍ പറയുന്നു. കൊടങ്ങല്‍, കമ്മറെഡ്ഡി എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നായിരുന്നു രേവന്ത് മത്സരിച്ചത്. ഇതില്‍ കൊടങ്ങലിൽ നിന്നും വിജയിച്ച രേവന്ത് കമ്മറെഡ്ഡിയില്‍ ബി ജെ പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. കെ സി ആറും ഇവിടെ മത്സരിച്ചിരുന്നുവെങ്കിലും ബി ജെ പിയുടെ കെ വി രമണ റെഡ്ഡി ഞെട്ടിച്ച വിജയം നേടുകയായിരുന്നു.
മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചില്ലെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആസൂത്രണങ്ങള്‍ നടന്ന് വരികയാണ്. അതിനിടെ , പാർട്ടിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗം ഹൈദരാബാദിൽ നടന്നു. പ്രതീക്ഷിച്ചതുപോലെ, പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഖാർഗെയെ അധികാരപ്പെടുത്തുന്ന പ്രമേയം അവർ പാസാക്കുകയും ചെയ്തു.
രേവന്തിന് വെല്ലുവിളി ഉയർത്തുന്ന പ്രധാന നേതാവ് മല്ലു ഭട്ടി വിക്രമാർകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് വിക്രമാർക സംസ്ഥാന വ്യാപകമായി 1,400 കിലോമീറ്റർ കാൽനട ജാഥ നടത്തുകയും പാർട്ടി പ്രവർത്തകർക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. 62 കാരനായ നേതാവിന്റെ യാത്ര കോൺഗ്രസിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചതായും കോണ്‍ഗ്രസിലെ രേവന്ത് വിരുദ്ധ വിഭാഗം ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications