അമ്പോ.. വമ്പന്‍ പാരിതോഷികം: ലോക ജേതാക്കള്‍ക്ക് 125 കോടി നല്‍കും, ഒരു 20 കോടി വേറെയുമുണ്ട്
ഡല്‍ഹി: 17 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ട്വന്റി-ട്വന്റി ലോകകപ്പില്‍ കിരീടം ഉയർത്തിയിരിക്കുകയാണ്. കൈവിട്ടെന്ന് തോന്നിച്ച കളി അവാസന ഓവറുകളിലെ മികച്ച ബോളിങ് പ്രകടനത്തിലൂടെ രോഹിത് ശർമ്മയും സംഘവും പിടിച്ചെടുക്കുകയായിരുന്നു. ബാറ്റിങ്ങില്‍ കോഹ്ലി നടത്തിയ പോരാട്ടവും പ്രധാന ഘടകമായി. മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും കോഹ്ലിയാണ്.
കിരീടം നേടി ഇന്ത്യയിലേക്ക് എത്തുന്ന ക്രിക്കറ്റ് സംഘത്തിനായി വന്‍ പാരിതോഷികമാണ് ഇപ്പോള്‍ ബി സി സി ഐ പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിന് ആകെ 125 കോടി രൂപ ശമ്മാനം നല്‍കുമെന്നാണ് ബി സി സി ഐ അധ്യക്ഷന്‍ ജയ് ഷാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. 125 കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 'ടൂർണമെൻ്റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചു. ഈ മികച്ച നേട്ടത്തിന് എല്ലാ കളിക്കാർക്കും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും അഭിനന്ദനങ്ങൾ.' അദ്ദേഹം കുറിച്ചു.

125 കോടിക്ക് പുറമെ ചാമ്പ്യന്‍മാർ എന്ന നിലയിലുള്ള സമ്മാനത്തുകയും ടീമിന് ലഭിക്കും. ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻ്റെ പ്രഖ്യാപനമനുസരിച്ച്, ഫൈനലിൽ ഏഴ് റൺസിൻ്റെ വിജയത്തോടെ കിരീടം നേടിയതോടെ ഇന്ത്യ ടൂർണമെൻ്റ് സമ്മാനത്തുകയായ 2.45 മില്യൺ (20.42 കോടി രൂപ) നേടിക്കഴിഞ്ഞു, രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 1.28 മില്യൺ ഡോളറും (10.67 കോടി രൂപ) സമ്മാനമായി ലഭിക്കും.
സെമി ഫൈനലില്‍ പുറത്തായ ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും 7,87,500 ഡോളറാണ് ലഭിക്കുക. നിലവിലെ വിനിമയനിരക്കനുസരിച്ച് ഏകദേശം 6.56 കോടി ഇന്ത്യന്‍ രൂപയാണ് ഇത്. സൂപ്പര്‍ എട്ടില്‍ എത്തിയ ടീമുകള്‍ക്ക് 3.16 കോടി രൂപയും ഒമ്പത് മുതല്‍ 12 വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് രണ്ടുകോടി രൂപയും ലഭിക്കും. ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തായവർക്ക് 1.87 കോടി രൂപയാണ് നല്‍കുന്നത്. ഇത്തവണ ആകെ ടൂര്‍ണമെന്റില്‍ സമ്മാനത്തുകയായി നല്‍കുന്നത് 11.25 മില്യണ്‍ ഡോളര്‍ അഥവാ 93.78 കോടി രൂപയാണ്.
ബ്രിഡ്ജ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചരിത്ര വിജയത്തിന് തൊട്ടുപിന്നാലെ മുതിർന്ന താരങ്ങളായ രോഹിത്, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവർ ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കഴിഞ്ഞു. അതേസമയം സമയം ഐ പി എല്ലിലും മറ്റ് ഫോർമാറ്റുകളിലും മത്സരം തുടരും.












Click it and Unblock the Notifications