IPL 2023: ധോണിയെപ്പോലും വിറപ്പിച്ചു... തോറ്റെങ്കിലും സായ് സുദര്‍ശന്‍ നടന്ന് കയറിയത് ചരിത്രത്തിലേക്ക്
അഹമ്മദാബാദ്: ഐ പി എല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനോട് പരാജയപ്പെട്ടെങ്കിലും ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റ്‌സ്മാന്‍ സായ് സുദര്‍ശന്റെ പ്രകടനം അതുല്യമായിരുന്നു. സെഞ്ച്വറിക്കരികെ വീണെങ്കിലും മഹേന്ദ്രസിംഗ് ധോണിയേയും കൂട്ടരേയും അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ച ഇന്നിംഗ്‌സായിരുന്നു സായ് സുദര്‍ശന്റേത്. സൂപ്പര്‍താരം ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെയാണ് സായ് സുദര്‍ശന്‍ ക്രീസിലെത്തിയത്.
ഗില്ലിനെ പുറത്താക്കിയതിന്റെ ആനുകൂല്യം മുതലാക്കാന്‍ ചെന്നൈ ബൗളര്‍മാരെ സായ് സുദര്‍ശന്‍ അനുവദിച്ചില്ല. നിലയുറപ്പിച്ച ശേഷം ആക്രമിച്ച് കളിച്ച സായ് സുദര്‍ശന്‍ വൃദ്ധിമാന്‍ സാഹ പുറത്തായതോടെ കത്തിക്കയറി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ മികച്ച പിന്തുണയാണ് സായ് സുദര്‍ശന് നല്‍കിയത്. വെറും 47 പന്തില്‍ 96 റണ്‍സ് അടിച്ചെടുത്ത സായ് സുദര്‍ശന്‍ നടന്ന് കയറിയത് റെക്കോഡ് ബുക്കിലേക്കാണ്.

21 കാരനായ സായ് സുദര്‍ശന്‍ ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഒരു അണ്‍കാപ്പ്ഡ് കളിക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് നേടിയത്. ഒപ്പം ഐപിഎല്‍ ഫൈനലില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടവും സായ് സുദര്‍ശന്‍ സ്വന്തമാക്കി. 21 വര്‍ഷവും 226 ദിവസവും ആണ് സായ് സുദര്‍ശന്റെ പ്രായം. ഐ പി എല്‍ 2014 ഫൈനലില്‍ ഫിഫ്റ്റി നേടിയ മനന്‍ വോറയാണ് ഒന്നാം സ്ഥാനത്ത്.
20 വര്‍ഷവും 318 ദിവസവും പ്രായമുള്ളപ്പോളാണ് മനന്‍ വോറ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. ഐ പി എല്‍ 2022 ലെ ലേലത്തില്‍ 20 ലക്ഷം രൂപക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് സായ് സുദര്‍ശനെ സ്വന്തമാക്കിയത്. സായ് സുദര്‍ശന്‍ ഇന്ന് 33 പന്തില്‍ ആണ് അര്‍ധസെഞ്ചുറി നേടിയത്. കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികള്‍ പായിച്ച സുദര്‍ശന്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ സ്‌കോറിംഗ് വേഗത്തിലാക്കി.
17-ാം ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡെയ്‌ക്കെതിരെ മൂന്ന് ബൗണ്ടറികളും ഒരു സിക്‌സുമടക്കം 20 റണ്‍സ് ആണ് എടുത്തത്. പാണ്ഡ്യയും സുദര്‍ശനും 23 പന്തില്‍ 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ടീമിനെ 200 കടത്താന്‍ സഹായിച്ചു. മൂന്നാം വിക്കറ്റില്‍ ഹര്‍ദിക് പാണ്ഡ്യക്കൊപ്പം 81 റണ്‍സാണ് സായ് സുദര്‍ശന്‍ ഗുജറാത്ത് ടൈറ്റന്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. കിരീടപ്പോരില്‍ വീണെങ്കിലും ഇന്നത്തെ പ്രകടനം സായ് സുദര്‍ശനും ഏറെ പ്രിയപ്പെട്ടതായിരിക്കും എന്നതില്‍ സംശയമില്ല.












Click it and Unblock the Notifications