IPL 2023: നിസംശയം പറയാം.. അടുത്ത സൂപ്പര്‍താരം ഗില്‍ തന്നെ; തകര്‍ന്ന് വീണത് നിരവധി റെക്കോഡുകള്‍
ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകള്‍. ഈ സീസണില്‍ മൂന്നാം തവണയാണ് ശുഭ്മാന്‍ ഗില്‍ സെഞ്ച്വറി നേടുന്നത്. ഈ സീസണിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപും ഇന്നത്തെ പ്രകടനത്തോടെ ശുഭ്മാന്‍ ഗില്‍ സ്വന്തം പേരിലാക്കി.
കഴിഞ്ഞ രണ്ട് വര്‍ഷമായി അസാധ്യ ഫോമിലാണ് ശുഭ്മാന്‍ ഗില്‍ ബാറ്റ് വീശുന്നത്. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടം ചൂടിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ശുഭ്മാന്‍ ഗില്‍ ഈ സീസണിലും അവിസ്മരണീയ പ്രകടനമാണ് നടത്തുന്നത്. ഈ വര്‍ഷം തന്നെ ടെസ്റ്റ്, ടി 20, ഏകദിനം, ഐപിഎല്‍ എന്നിവയില്‍ സെഞ്ച്വറി നേടാന്‍ ശുഭ്മാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്.

ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയാണ് ശുഭ്മാന്‍ ഗില്‍ കുറിച്ചിരിക്കുന്നത്. ഇതിനോടകം ഭാവിയിലെ സൂപ്പര്‍താരം എന്ന പേര് ശുഭ്മാന്‍ ഗില്ലിന് ലഭിച്ച് കഴിഞ്ഞു. അത് അരക്കിട്ടുറപ്പിക്കുകയാണ് ഈ ഐപിഎല്‍ സീസണിലൂടെ ശുഭ്മാന്‍ ഗില്‍. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കോഹ്ലിയുടെ റെക്കോര്‍ഡ് ശുഭ്മാന്‍ ഗില്‍ തകര്‍ക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
16 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും അടക്കം 851 റണ്‍സാണ് ശുഭ്മാന്‍ ഗില്‍ ഇതുവരെ നേടിയത്. ഇന്ന് ജയിച്ചതോടെ ഫൈനലില്‍ ഒരു മത്സരം കൂടി ഗുജറാത്ത് ടൈറ്റന്‍സിന് ബാക്കിയുണ്ട്. അങ്ങനെ വന്നാല്‍ 2016 ല്‍ കോഹ്ലി നേടിയ 973 എന്ന റണ്‍സ് തകര്‍ക്കപ്പെടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ന് 49 പന്തില്‍ ആണ് ഗില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഒരു സീസണില്‍ മൂന്നോ അതിലധികമോ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവും മൂന്നാമത്തെ ഐപിഎല്‍ താരവുമാണ് ശുഭ്മാന്‍ ഗില്‍. 2016 ല്‍ കോഹ്ലി നാല് സെഞ്ച്വറി നേടിയപ്പോള്‍ 2022 ല്‍ ജോസ് ബട്‌ലറും മൂന്ന് ഐപിഎല്‍ സെഞ്ച്വറി നേടിയിരുന്നു. കോഹ്ലിക്ക് ശേഷം ഒരു സീസണില്‍ 800-ഓ അതിലധികമോ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവുമായി മാറിയിരിക്കുകയാണ് ശുഭ്മാന്‍ ഗില്‍.
പ്ലേ ഓഫില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും ശുഭ്മാന്‍ ഗില്‍ സ്വന്തം പേരിലാക്കി. 2018 ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഷെയ്ന്‍ വാട്സന്‍ നേടിയ 117 റണ്‍സ് ആണ് ശുഭ്മാന്‍ ഗില്‍ മറികടന്നത്. ഇന്ന് 129 റണ്‍സ് ആണ് ശുഭ്മാന്‍ ഗില്‍ നേടിയത്. കഴിഞ്ഞ സീസണില്‍ 483 റണ്‍സാണ് ശുഭ്മാന്‍ ഗില്‍ നേടിയത്.












Click it and Unblock the Notifications