'പാണ്ഡ്യക്ക് കീഴില്‍ കളിക്കുന്നത്...'; മുംബൈ ക്യാപ്റ്റന്‍സി വിവാദത്തില്‍ ഒടുവില്‍ മനസ് തുറന്ന് രോഹിത്
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. എല്ലാ കാര്യങ്ങളും എപ്പോഴും നിങ്ങളുടെ വഴിക്ക് വരണമെന്നില്ല എന്നായിരുന്നു രോഹിത് പറഞ്ഞത്. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആയിരുന്നു രോഹിത് ശര്‍മ്മയുടെ പ്രതികരണം. ഈ സീസണിന് തൊട്ടുമുന്‍പാണ് രോഹിതിനെ മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്.
ഗുജറാത്ത് ടൈറ്റന്‍സ് താരമായിരുന്ന ഹര്‍ദിക് പാണ്ഡ്യയെ ആണ് മുംബൈ പകരം ക്യാപ്റ്റനായി നിയമിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ആരാധകര്‍ ഒന്നടങ്കം മുംബൈ ഇന്ത്യന്‍സിനെ സോഷ്യല്‍ മീഡിയയില്‍ നിന്ന് കൈവിട്ടിരുന്നു. ഈ സീസണില്‍ മുംബൈയുടെ പ്രകടനത്തേയും ഇത് വലിയ രീതിയില്‍ ബാധിച്ചിരുന്നു. നിലവില്‍ ആറ് പോയന്റ് മാത്രമുള്ള മുംബൈ ഒമ്പതാം സ്ഥാനത്താണ്.

ഇതിന് പിന്നാലെയാണ് ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ചുള്ള ചോദ്യം രോഹിതിന് നേരെ വന്നത്. ' നോക്കൂ, അത് ജീവിതത്തിന്റെ ഭാഗമാണ്. എല്ലാം നിങ്ങളുടെ വഴിക്ക് പോകില്ല. അതൊരു മികച്ച അനുഭവമാണ്,'' എന്നായിരുന്നു ഐപിഎല്ലില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് കീഴില്‍ കളിച്ചതിന്റെ അനുഭവത്തെക്കുറിച്ച് രോഹിത് ശര്‍മ്മയുടെ പ്രതികരണം. പാണ്ഡ്യയ്ക്ക് കീഴില്‍ കളിക്കുന്നത് മറ്റേതൊരു ക്യാപ്റ്റന്റെയും കീഴില്‍ കളിക്കുന്നതില്‍ നിന്ന് വ്യത്യസ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
മഹേന്ദ്ര സിംഗ് ധോണി, വിരേന്ദര്‍ സെവാഗ്, വിരാട് കോലി എന്നിവര്‍ക്ക് കീഴില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് രോഹിത്. താന്‍ നേരത്തെ ക്യാപ്റ്റനായിരുന്നില്ല എന്നും മുമ്പ് ഒരുപാട് ക്യാപ്റ്റന്‍മാരുടെ കീഴില്‍ കളിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇത് എനിക്ക് വ്യത്യസ്തമോ പുതിയതോ അല്ല. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ആദം ഗില്‍ക്രിസ്റ്റ്, ഹര്‍ഭജന്‍ സിംഗ്, റിക്കി പോണ്ടിംഗ് എന്നിവരുടെ കീഴില്‍ താന്‍ കളിച്ചിട്ടുണ്ട് എന്നും രോഹിത് പറഞ്ഞു.
'നിങ്ങള്‍ എന്താണോ അതിന് അനുസരിച്ച് മുന്നോട്ട് പോകുക എന്നെ ഉള്ളൂ. ഒരു കളിക്കാരനെന്ന നിലയില്‍ എന്നില്‍ നിന്ന് ആവശ്യമുള്ളത് ചെയ്യാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തോളമായി ഞാന്‍ അത് ചെയ്യാന്‍ ശ്രമിച്ചു,' രോഹിത് പറഞ്ഞു. അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഐപിഎല്ലില്‍ മികച്ച പ്രകടനമല്ല രോഹിത് കാഴ്ച വെക്കുന്നത്. ഈ സീസണില്‍ ഒരു സെഞ്ച്വറി അടക്കം പത്ത് കളികളില്‍ നിന്ന് 314 റണ്‍സാണ് നേടിയിരിക്കുന്നത്.












Click it and Unblock the Notifications