എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്; ബിസിസിഐക്ക് കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ഗവാസ്‌കർ, കാരണം
ഇന്ത്യൻ പ്രീമിയർ ലീഗ് അനുദിനം ആവേശകരമായ മത്സര ഫലങ്ങൾ സമ്മാനിച്ച് കൊണ്ടാണ് മുന്നേറുന്നത്. പ്രധാനമായും ലീഗ് ഇപ്പോൾ ബാറ്റർമാരുടെ മാത്രം കേന്ദ്രമായി എന്ന വിമർശനം ഒരു വശത്ത് ശക്തമാണ്. ചെന്നൈയിലെ ചെപ്പോക്ക് പോലെയുള്ള പിച്ചുകൾ മാത്രമാണ് അൽപ്പമെങ്കിലും ബൗളർമാർക്ക് ആശ്വാസം പകരുന്നത്. ചിന്നസ്വാമി പോലെയുള്ള ചെറിയ സ്‌റ്റേഡിയങ്ങളിൽ ആവട്ടെ സിക്‌സറുകളും ഫോറുകളും ഒഴുകുന്ന കാഴ്‌ചയുമാണ്.
കഴിഞ്ഞ മൂന്നോളം മത്സരങ്ങളിലാണ് സൺ റൈസേഴ്‌സ് ഹൈദരാബാദ് 240 റൺസിൽ അധികം സ്‌കോർ ചെയ്‌തത് എന്ന് കൂടി ഓർക്കണം. മുൻപൊക്കെ പവർ പ്ലേക്ക് ശേഷമെങ്കിലും ബൗളർമാർക്ക് അൽപം ആശ്വാസം കിട്ടിയിരുന്നെങ്കിൽ ഇന്ന് സ്ഥിതിഗതികൾ ആകെ മാറി. ചെറിയ ഗ്രൗണ്ടുകളും ബൗണ്ടറികളും ഒക്കെയുള്ളസ്‌റ്റേഡിയങ്ങളിൽ റൺ മഴ ഒഴുകകയാണ്.

ഇപ്പോഴിതാ ഈ വിഷയത്തിൽ കടുത്ത പ്രതികരണവുമായി മുൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ രംഗത്ത് വന്നിരിക്കുകയാണ്. ബിസിസിഐക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. കൂടാതെ ബൗളർമാർക്ക് സംരക്ഷണം നൽകുന്ന കൂടുതൽ നടപടികൾ ഉണ്ടാവണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അതിനായി ബൗണ്ടറിയുടെ നീളം കൂട്ടാനും പരസ്യ ബോർഡുകൾ ഉൾപ്പെടെ അൽപ്പം പിന്നിലേക്ക് മാറ്റണമെന്നും ഗവാസ്‌കർ ബിസിസിഐയോട് ആവശ്യപ്പെടുന്നു.
'എല്ലാവിധ നിയമ പരിധികൾക്കും അകത്ത് നിൽക്കുന്നവ ആയതിനാൽ ക്രിക്കറ്റ് ബാറ്റുകളിൽ മാറ്റം വേണമെന്ന് ഞാൻ ഒരിക്കലും ആവശ്യപ്പെടില്ല. എന്നാൽ കാലങ്ങളായി ആവശ്യപ്പെടുന്നത് പോലെ എല്ലാ വേദികളിലെയും ബൗണ്ടറി ദൂരം വർധിപ്പിക്കാനാണ് ഞാൻ ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ ഗ്രൗണ്ടുകൾ ഒന്ന് നോക്കൂ, ബൗണ്ടറിയുടെ നീളം പിന്നിലേക്ക് ഇറക്കാൻ ആവശ്യത്തിന് സ്ഥലം ഇവിടെയൊക്കെ ഉണ്ട്.' ഗവാസ്‌കർ പറയുന്നു.
'ഒന്നോ രണ്ടോ മീറ്ററുകൾ പിന്നിലേക്ക് ആക്കിയാൽ മതി, ഒരു സിക്‌സറും ക്യാച്ചും തമ്മിലുള്ള വ്യത്യാസം അതിൽ നിന്ന് തന്നെ മനസിലാക്കാം. എൽഇഡി പരസ്യ ബോർഡുകൾ ഒന്നുകൂടി പിന്നിലേക്ക് നീക്കാനും കഴിയും. ഇല്ലായെങ്കിൽ എല്ലാ കാലവും ഈ ബൗളർമാർ തന്നെയാവും എല്ലാം സഹിക്കേണ്ടി വരിക' താരം ബിസിസിഐയോട് പറഞ്ഞു.
പലപ്പോഴും കൂറ്റനടികൾ ആവേശം നൽകുന്നുണ്ടെങ്കിലും ഈ നിലയ്ക്കാണ് കാര്യങ്ങൾ പോവുന്നതെങ്കിൽ അത് മടുപ്പാവുമെന്ന് ഗവാസ്‌കർ സമ്മതിക്കുന്നു. 'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടി20 ക്രിക്കറ്റിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്,കോച്ച് നെറ്റ്സിൽ പറയുന്നതുപോലെ ഉള്ള ബാറ്റിംഗാണ് പുറത്താവുന്നത് ഒന്നും കാര്യമാക്കാതെ എല്ലാവരും ബാറ്റ് വീശുന്നു. ഒരു പരിധിവരെ ആസ്വാദ്യകരമാണെങ്കിലും പിന്നീട് അത്ര ആവേശമുണ്ടാവില്ല. ശക്തമായ ഭാഷ ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് ചെയ്യുന്നില്ല' താരം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications