അമ്പമ്പോ..! റൂട്ട് ചില്ലറക്കാരനല്ല; സമ്പത്തിലും പുലി തന്നെ; ഇത്രയും ആസ്തിയോ..? ആഡംബര കാറുകളും..!
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന വിശേഷണത്തിന് അര്‍ഹനാണ് ജോ റൂട്ട്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ലോര്‍ഡ്സില്‍ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയ റൂട്ട് റെക്കോഡ് പുസ്തകങ്ങളില്‍ തന്റെ പേര് എഴുതി ചേര്‍ത്തിരിക്കുകയാണ്. ഇതോടെ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ അലിസ്റ്റര്‍ കുക്കിനെയും റൂട്ട് മറികടന്നു.
ജോ റൂട്ടിന് ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 34 സെഞ്ചുറികളായി. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലുമായി ആകെ 50 സെഞ്ചുറികളും ഉണ്ട്. 145 ടെസ്റ്റിലായി 12377 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റില്‍ എക്കാലത്തെയും ഉയര്‍ന്ന റണ്‍സ് നേടിയ താരമെന്ന നിലയില്‍ അലസ്റ്റര്‍ കുക്കിന് തൊട്ടുപിന്നിലാണ് അദ്ദേഹം. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡ് പോലും റൂട്ടിന്റെ നിലവിലെ ഫോമില്‍ ഭീഷണിയിലാണ്.

അതേസമയം ക്രിക്കറ്റില്‍ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും ജോ റൂട്ട് ഏറെ ഉന്നതിയിലാണ്. ഈ വര്‍ഷത്തെ കണക്ക് പ്രകാരം ജോ റൂട്ടിന്റെ ആസ്തി ഏകദേശം 10 മില്യണ്‍ ഡോളറാണ്. അതായത് ഏകദേശം 83.89 കോടി രൂപ! ക്രിക്കറ്റ് തന്നെയാണ് താരത്തിന്റെ പ്രധാന വരുമാന മാര്‍ഗം. ദേശീയ ടീമില്‍ കളിക്കുന്നത് കൂടാതെ രാജസ്ഥാന്‍ റോയല്‍സ്, ട്രെന്റ് റോക്കറ്റ്സ്, ദുബായ് ക്യാപിറ്റല്‍സ്, സിഡ്നി തണ്ടേഴ്സ് തുടങ്ങിയ വ്യത്യസ്ത ഫ്രാഞ്ചൈസികളുടെ ഭാഗവുമാണ് താരം.
പരസ്യചിത്രങ്ങളില്‍ നിന്നും താരത്തിന് വലിയൊരു തുക വരുമാനമായി ലഭിക്കുന്നുണ്ട്. ബ്രൂട്ട്, ന്യൂ ബാലന്‍സ്, വൈറ്റാലിറ്റി, ഗ്ലോബല്‍ സ്‌പോര്‍ട്‌സ് മീഡിയ തുടങ്ങി നിരവധി ബ്രാന്‍ഡുകളുമായി അദ്ദേഹം സഹകരിക്കുന്നുണ്ട്. ജോ റൂട്ടിന് യോര്‍ക്ക്‌ഷെയറില്‍ ഒരു ആഡംബര വീട് ഉണ്ട്. അദ്ദേഹത്തിന്റെ കാര്‍ ശേഖരത്തില്‍ ബിഎംഡബ്ല്യു എക്‌സ് 5, റേഞ്ച് റോവര്‍ എന്നിവ ഉള്‍പ്പെടുന്നു.
1.2 ബില്യണ്‍ ഡോളറാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് റൂട്ടിന് നല്‍കുന്ന പ്രതിഫലം. 2012 ഡിസംബര്‍ 13-ന് നാഗ്പൂരില്‍ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് ജോ റൂട്ട് ഇംഗ്ലണ്ടിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം, ഇംഗ്ലണ്ടിനായി ഇതുവരെ 145 ടെസ്റ്റുകളും 171 ഏകദിനങ്ങളും 32 ടി20 മത്സരങ്ങളും കളിച്ചു. മൂന്ന് ഫോര്‍മാറ്റുകളിലുമായി 19792 റണ്‍സ് നേടി. 50 സെഞ്ചുറികളും 108 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications