ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും എന്ത് ചെയ്‌തെന്ന് കണ്ടതല്ലേ? തിരിച്ചുവരും, പക്ഷേ...രോഹിത് പറയുന്നു
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വേണ്ടത്ര മികവില്‍ കളിച്ചില്ലെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. എന്നാല്‍ വിദേശ പിച്ചുകളില്‍ സ്വിംഗ് ചെയ്യുന്ന പന്തുകളെ നേരിടാന്‍ ഇന്ത്യ ബുദ്ധിമുട്ടുന്നുവെന്ന ചോദ്യങ്ങളെ രോഹിത് തള്ളി. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 245 റണ്‍സടിച്ച ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 131 റണ്‍സിനായിരുന്നു പുറത്തായത്. ഇന്നിംഗ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്.
മൊത്തം ഇന്ത്യ ബാറ്റ് ചെയ്തത് രണ്ടിന്നിംഗ്‌സുകളിലായി 101.5 ഓവറുകളാണ്. എന്നാല്‍ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ മാത്രം 108 ഓവര്‍ ബാറ്റ്‌ചെയ്തു. ആദ്യ ഇന്നിംഗ്‌സില്‍ കെഎല്‍ രാഹുലും രണ്ടാം ഇന്നിംഗ്‌സില്‍ വിരാട് കോലിയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ആകെ തിളങ്ങിയത്.

ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പര കളിക്കുന്ന യശസ്വി ജെയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് എന്നിവരെല്ലാം ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടു. എന്നാല്‍ ഒരുപാട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് രോഹിത് പറുയന്നു. ബാറ്റ്‌സ്മാന്‍മാരെ അമിതമായി വിമര്‍ശിക്കാനുമില്ല. കാരണം ഇതേ ടീം അത്ഭുതങ്ങള്‍ കാണിച്ചിട്ടുണ്ട്.
ഇവര്‍ തന്നെയാണ് ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും മികച്ച രീതിയില്‍ തന്നെ നേരത്തെ കളിച്ചത്. അവരെ പ്രത്യേകമായി പ്രചോദിപ്പിക്കേണ്ടതില്ല. അവരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റര്‍മാരാണ്. ഇതൊരു മോശം മത്സരം മാത്രമായി കണ്ടാല്‍ മതി. ഇംഗ്ലണ്ടിലുും ഓസ്‌ട്രേലിയയിലും ഞങ്ങള്‍ നടത്തിയ പ്രകടനം മറക്കരുതെന്നും രോഹിത് പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ ഞങ്ങള്‍ ടെസ്റ്റ് പരമ്പര നേടിയത് ബാറ്റിംഗ് കൊണ്ടാണ്. ഇംഗ്ലണ്ടില്‍ ബാറ്റിംഗും ബൗളിംഗും കൊണ്ട് പരമ്പര സമനിലയിലാക്കി. ഞങ്ങള്‍ക്ക് ഇന്ത്യക്ക് പുറത്ത് ബാറ്റ് ചെയ്യാന്‍ അറിയില്ലെന്ന് പറയുന്നത് തെറ്റാണ്. ചില സമയത്ത് എതിരാളികള്‍ നിങ്ങളേക്കാള്‍ നന്നായി കളിക്കും.ദക്ഷിണാഫ്രിക്ക 110 ഓവര്‍ ബാറ്റ് ചെയ്‌തെന്നും, ഞങ്ങള്‍ അത് സാധിക്കില്ലെന്നും പറയുന്നത് പോലെയല്ല കാര്യങ്ങള്‍.
കഴിഞ്ഞ നാലോ അഞ്ചോ വിദേശ പരമ്പരകളിലെ സ്‌കോര്‍ കാര്‍ഡുകള്‍ ഒന്ന് പരിശോധിച്ച് നോക്കൂ. അതില്‍ നിന്ന് ഞങ്ങളുടെ പ്രകടനം എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കാനാവുമെന്നും രോഹിത് പറഞ്ഞു. എല്ലാവര്‍ക്കും ഓരോ രീതി ബാറ്റിംഗിലുണ്ടാവും. അതെല്ലാം ദക്ഷിണാഫ്രിക്ക പോലും ഇടങ്ങളില്‍ ചലഞ്ച് ചെയ്യപ്പെടാമെന്നും രോഹിത് വ്യക്തമാക്കി.
കെഎല്‍ രാഹുല്‍ കളിച്ച രീതി മികച്ചതാണ്. സാഹചര്യങ്ങളെ ബഹുമാനിക്കുകയും അതോടൊപ്പം മോശം പന്തുകളെ ആക്രമിക്കുകയും ചെയ്തു. 70 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇതാണ് മികച്ച ഇന്നിംഗ്‌സ് എന്ന് പറയുന്നത്. എല്ലാ പന്തുകളും അടിച്ചുപറത്താനാവില്ല. സാഹചര്യങ്ങളെ മനസ്സിലാക്കണം. അച്ചടക്കത്തോടെ കളിക്കണമെന്നും ശ്രേയസ് അയ്യരെയും, ശുഭ്മാന്‍ ഗില്ലിനെയും ലക്ഷ്യമിട്ട് രോഹിത് പറഞ്ഞു.
അതേസമയം ബൗളര്‍മാരെയും രോഹിത് വിമര്‍ശിച്ചു. ഇതൊരു 400 റണ്‍സ് വിക്കറ്റല്ല. പക്ഷേ ടീം ഒരുപാട് റണ്‍സ് വഴങ്ങി. എപ്പോഴും ബുംറയെ മാത്രമായി ആശ്രയിക്കാനാവില്ല. മറ്റ് മൂന്ന് പേസര്‍മാരും നന്നായി പന്തെറിയണം. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നമ്മള്‍ പഠിക്കാനുണ്ട്. ബുംറയ്ക്ക് മറ്റുള്ളവരില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. പക്ഷേ ഇത്തരം മത്സരങ്ങളില്‍ നിന്ന് ധാരാളം പഠിക്കാന്‍ മറ്റുള്ളവര്‍ക്കാവുമെന്നും രോഹിത് പറഞ്ഞു.












Click it and Unblock the Notifications