കോലിക്ക് തൊടാന്‍ പോലുമാകില്ല സച്ചിന്റെ ഈ റെക്കോഡുകള്‍; ആരെങ്കിലും തകര്‍ക്കുമോ?
ഏകദിന സെഞ്ച്വറികളുടെ എണ്ണത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമെത്തിയ വിരാട് കോലിയെ ക്രിക്കറ്റ് ലോകം മുഴുവന്‍ ആഘോഷിക്കുകയാണ്. തന്റെ 35-ാം ജന്മദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിലാണ് 49-ാം ഏകദിന സെഞ്ച്വറി കോലി കുറിച്ചത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന നിലയിലേക്ക് വളരെ പെട്ടെന്നാണ് കോലി നടന്ന് കയറിയത്.
ഒരൊറ്റ സെഞ്ച്വറി കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി കോലി മാറും. സെഞ്ച്വറികളുടെ എണ്ണത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ആദ്യ താരം എന്ന അപൂര്‍വ റെക്കോഡും കോലിയുടെ പേരിലാകും. ഒരിക്കല്‍ ഗവാസ്‌കറില്‍ നിന്ന് സച്ചിന്‍ റെക്കോഡുകളുടെ ബാറ്റണ്‍ ഏറ്റെടുത്തത് പോലെ ഇനി സച്ചിനില്‍ നിന്ന് കോലി റെക്കോഡുകള്‍ ഏറ്റെടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളും സ്വന്തം പേരില്‍ കുറിച്ചായിരുന്ന സച്ചിന്‍ വിരമിച്ചത്. ഏകദിനത്തിലും ടെസ്റ്റിലുമെല്ലാം പ്രധാനപ്പെട്ട റെക്കോഡുകളെല്ലാം സച്ചിന്റെ പേരിലാണ്. ഇതെല്ലാം ഇന്ന് കോലിയും മറ്റ് താരങ്ങളും തിരുത്തി കുറിക്കുന്നുണ്ട്. റെക്കോഡുകള്‍ തകര്‍പ്പെടാനുള്ളതാണ് എന്ന് എല്ലാവരും പറയാറുണ്ടെങ്കിലും സച്ചിന്റെ ചില റെക്കോഡുകള്‍ പലര്‍ക്കും കൈയെത്താ ദൂരത്താണ്.
സമകാലിക ക്രിക്കറ്റിലെ മഹാനെന്ന് വിശേഷിപ്പിക്കുമ്പോഴും കോലിക്ക് പോലും അപ്രാപ്യമായേക്കാവുന്ന സച്ചിന്റെ ചില റെക്കോഡുകള്‍ ഉണ്ട്. കോലിക്കൊപ്പം ആധുനിക ക്രിക്കറ്റിലെ ഫാബ് ഫോര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ക്കും തൊടാന്‍ പോലുമാകാത്ത റെക്കോഡാണ് സച്ചിന്‍ സ്ഥാപിച്ചിരിക്കുന്നത്. ഏതൊക്കെയാണ് ആ റെക്കോഡുകള്‍ എന്ന് നോക്കാം.
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കരിയര്‍ ആയിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറുടേത്. രണ്ട് പതിറ്റാണ്ടിലേറെയായി അദ്ദേഹം ദേശീയ ടീമിനായി കളിച്ചു. ഇക്കാലയളവില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോഡ് (200) സച്ചിന്റെ പേരിലാണ്. 183 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ജെയിംസ് ആന്‍ഡേഴ്‌സണാണ് സച്ചിന് തൊട്ടുപിന്നിലുള്ള താരം.
ആന്‍ഡേഴ്‌സണ്‍ പോലും 200 ടെസ്റ്റ് കൡക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. ആ നിലക്ക് 111 ടെസ്റ്റ് കളിച്ചിട്ടുള്ള വിരാട് കോലിയുടെ സാധ്യത വളരെ അകലെയാണ്. കോലിയുടെ ഉയര്‍ന്ന ഫിറ്റ്നസ് നിലവാരവും ഫോമും കണക്കിലെടുക്കുമ്പോള്‍ ഇനിയും 4-5 വര്‍ഷമെങ്കിലും ടോപ്പ് ലെവലില്‍ ക്രിക്കറ്റ് കളിക്കാന്‍ അദ്ദേഹത്തിന് കഴിയും. പക്ഷേ, ആ കാലയളവില്‍ 89 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യ കളിക്കാന്‍ സാധ്യതയില്ല.
അതിനര്‍ത്ഥം സച്ചിന്‍ ഈ റെക്കോര്‍ഡ് തന്റെ പേരില്‍ നിലനിര്‍ത്തും എന്നാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന സച്ചിന്റെ റെക്കോഡും വിരാട് കോലിക്ക് എത്തിപ്പിടിക്കാവുന്ന അകലത്തില്‍ അല്ല ഉള്ളത്. 15921 റണ്‍സാണ് സച്ചിന്‍ ടെസ്റ്റില്‍ കുറിച്ചിരിക്കുന്നത്. നിലവില്‍ ക്രിക്കറ്റ് കളിക്കുന്നവരില്‍ 11416 റണ്‍സെടുത്ത ജോ റൂട്ടാണ് മുന്നില്‍.
കോലിക്ക് ടെസ്റ്റില്‍ 8676 റണ്‍സ് ആണ് ഉള്ളത്. 9320 റണ്‍സുള്ള സ്റ്റീവ് സ്മിത്ത് കോലിക്കും മുകളിലാണ്. തന്റെ ടെസ്റ്റ് കരിയറിന്റെ ശേഷിക്കുന്ന കാലയളവില്‍ 7000 ത്തില്‍ അധികം റണ്‍സ് നേടിയാലെ ഈ റെക്കോഡില്‍ കോലിക്ക് സച്ചിനെ മറികട്ക്കാനാകൂ. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരവും സച്ചിന്‍ തന്നെയാണ്. ഏകദിനത്തില്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ അര്‍ധ സെഞ്ച്വറി തികക്കാനായില്ലെങ്കിലും ടെസ്റ്റില്‍ സച്ചിന്‍ ആ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
51 ടെസ്റ്റ് സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുള്ളത്. നിലവില്‍ കളിക്കുന്നവരില്‍ സ്റ്റീവ് സ്മിത്തിന് 32 ഉം ജോ റൂട്ടിന് 30 ഉം സെഞ്ച്വറികളാണ് ഉള്ളത്. വിരാട് കോലിക്ക് 29 സെഞ്ച്വറികളാണ് ടെസ്റ്റിലുള്ളത്. ഇനി 22 സെഞ്ച്വറികള്‍ കൂടി നേടിയാലെ കോലിക്ക് സച്ചിന്റെ റെക്കോഡിനൊപ്പമെത്താന്‍ സാധിക്കൂ.












Click it and Unblock the Notifications