കോഹ്‌ലിയെ വിടാതെ പിടിച്ച് ഗവാസ്‌കർ; മെച്ചപ്പെടാനുണ്ടെന്ന് വിമർശനം, കിംഗിന്റെ ഭാവിയിൽ ആശങ്കയോ?
മുംബൈ: ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ മൂന്നാം ജയത്തോടെ ഇന്ത്യ സെമി പ്രവേശനം രാജകീയമായി തന്നെ പൂർത്തിയാക്കിയിരിക്കുകയാണ്. കൂറ്റൻ സ്‌കോർ പടുത്തുയർത്തിയ ഇന്ത്യൻ ബാറ്റിങ് നിര കൈയ്യടി നേടുമ്പോഴും ചില ആശങ്കകളും ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ബാറ്റിങ് നിരയിൽ നിരന്തര പരാജയമായി തീർന്ന വിരാട് കോഹ്ലി തന്നെയാണ് ഇപ്പോൾ പ്രധാനമായും ഇന്ത്യൻ ടീമിനെ ചിന്തിപ്പിക്കുന്ന ഘടകം.
ഇപ്പോഴിതാ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ ഒരിക്കൽ കൂടി വിരാട് കോഹ്‌ലിയെ വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ഇത്തവണ കോഹ്‌ലിയുടെ ബാറ്റിങിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് താരം രംഗത്ത് വന്നത്. ഈ ലോകകപ്പിൽ ഭേദപ്പെട്ട ഇന്നിംഗ്‌സുകൾ ഒന്നും തന്നെ കളിയ്ക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഒരു അർധ സെഞ്ച്വറി പോലും നടൻ വിരാട് കോഹ്ലിക്ക് കഴിഞ്ഞിരുന്നില്ല. മികച്ച തുടക്കം കിട്ടിയിട്ടും താരം വിക്കറ്റ് വലിച്ചെറിയുന്നു എന്നാണ് പ്രധാന വിമർശനം.

'ബാർബഡോസിൽ അദ്ദേഹം ബാറ്റ് ചെയ്‌ത രീതി കണ്ടില്ലേ. 24 റൺസ് നേടിയപ്പോൾ പന്ത് മിഡിൽ ചെയ്‌തിരുന്നു. ആന്റിഗ്വയിലും ഇത് തന്നെയാണ് നടന്നത്. ഒരു സാങ്കേതിക കാര്യമാണ് എനിക്ക് പറയാനുള്ളത്.ഐപിഎല്ലിൽ അദ്ദേഹം ക്രീസിന് പുറത്തിറങ്ങിയപ്പോൾ നല്ല ബാലൻസ് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല' എന്നായിരുന്നു ഗവാസ്‌കറിന്റെ വിമർശനം.
ടി20 ലോകകപ്പിൽ കോഹ്‌ലിയുടെ ബാലൻസ് അത്രത്തോളം മികച്ചതല്ലെന്നാണ് ഗവാസ്‌കർ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാരണത്താൽ, പന്ത് മിസ് ചെയ്യുമ്പോഴോ അല്ലെങ്കിൽ പന്ത് മിഡിൽ ചെയ്യപ്പെടാതിരിക്കുമ്പോഴോ സ്റ്റംപിലേക്ക് തന്നെ കൃത്യമായി പോവുകയാണെന്നും സുനിൽ ഗവാസ്‌കർ നിരീക്ഷിച്ചു.
അടുത്തിടെ ഗവാസ്‌കർ വിരാട് കോഹ്‌ലിയെ വിമർശിച്ചും രോഹിതിനെ പുകഴ്ത്തിയും നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ബംഗ്ലാദേശിന് എതിരായ മത്സരത്തിലെ പ്രകടനത്തിന്റെ പേരിലായിരുന്നു ഗവാസ്‌കറിന്റെ വിമർശനം. രോഹിത് കളിച്ചത് ടീമിന് വേണ്ടിയാണെന്നും കോഹ്ലി അങ്ങനെ അല്ലെന്നുമായിരുന്നു താരം പറഞ്ഞത്.
വിരാട് കോഹ്‌ലിയുടെ ഭാവിയെന്ത്?
ഈ ലോകകപ്പിൽ ഇതുവരെ ഒരു മികച്ച ഇന്നിംഗ്‌സ് പോലും കളിക്കാൻ കോഹ്‌ലിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആറ് ഇന്നിംഗ്‌സുകളിൽ 1, 4, 0, 24, 37, 0 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോർ നില. ഇതോടെയാണ് വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നത്. ഐപിഎല്ലിൽ മിന്നും ഫോമിലായിരുന്ന വിരാട് കഴിഞ്ഞ തവണത്തെ ടോപ് സ്‌കോറർ കൂടിയായിരുന്നു.
എന്നാൽ വിൻഡീസിലേയും യുഎസിലെയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ചെറു ടീമുകളായ അഫ്‌ഗാനിസ്ഥാൻ, അയർലൻഡ്, യുഎസ്എ, ബംഗ്ലാദേശ് എന്നിവർക്ക് എതിരെ പോലും കോഹ്‍ലിക്ക് ശോഭിക്കാൻ കഴിയാതെ പോയതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. എന്നാൽ ഇനിയുള്ള മത്സരങ്ങളിൽ നിന്ന് കോഹ്‌ലിയെ പുറത്തിരുത്തുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ഇന്ത്യൻ ടീമിൽ ഇനി കോഹ്‌ലിയുടെ ഭാവിയെന്ത് എന്ന പ്രസക്തമായ ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ടി20 ലോകകപ്പ് സെമി ഫൈനലിൽ കോഹ്ലി കളിക്കുമെന്നാണ് ചില അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.വലിയ വേദികളിൽ, പ്രത്യേകിച്ച് സമ്മർദ്ദ ഘട്ടങ്ങളിൽ മത്സരം വരുതിയിലാക്കാൻ കെൽപ്പുള്ള താരത്തെ ടീം പുറത്തിരുത്തില്ലെന്നാണ് ചിലർ പറയുന്നത്.












Click it and Unblock the Notifications