മുടന്തിയോടി മാക്‌സ്‌വെല്‍, റണ്ണറെ വെക്കാന്‍ അനുവദിച്ചില്ല; എന്തുകൊണ്ട്, നിയമം ഇങ്ങനെ
മുംബൈ: അഫ്ഗാനിസ്ഥാനെതിരെ അത്ഭുത ഇന്നിംഗ്‌സ് കളിച്ച് ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. എന്നാല്‍ മത്സരത്തില്‍ മാക്‌സ്‌വെല്ലിന്റെ പ്രകടനം കണ്ടവര്‍ക്കെല്ലാം വലിയ ആശങ്കയുണ്ടായിരുന്നു. കാരണം മുടന്തിയാണ് ഇന്നിംഗ്‌സിന്റെ പകുതിയോളം മാക്‌സി കളിച്ചത്. എന്തുകൊണ്ട് അദ്ദേഹം റണ്ണറെ വെച്ചില്ലെന്ന് ചോദ്യമുയര്‍ന്നിരുന്നു.
പാറ്റ് കമ്മിറന്‍സുമായി ചേര്‍ന്ന് 201 റണ്‍സിന്റെ കൂട്ടുകെട്ടിനിടെ പലതവണ അദ്ദേഹത്തോട് ഓടേണ്ടെന്ന് ഓസീസ് ക്യാപ്റ്റന്‍ പറയുകയും ചെയ്തു. എന്നിട്ടും മാക്‌സ്‌വെല്‍ റണ്ണറെ വെക്കാതിരുന്നത് എന്തിനാണ്. മത്സരത്തില്‍ 150 റണ്‍സ് പിന്നിട്ടപ്പോഴാണ് മാക്‌സ്‌വെല്ലിന് പേശിവലിവ് വന്നത്. നേരെ നില്‍ക്കാന്‍ പോലും ആ സമയത്ത് സാധിക്കുന്നുണ്ടായിരുന്നില്ല.

പിന്നീട് മുടന്തിയായിരുന്നു താരം റണ്‍സിനായി ഓടിക്കൊണ്ടിരിക്കുന്നത്. ആ സമയം ഓസീസിന് ഏറ്റവും നിര്‍ണായകമായിരുന്നു. മാക്‌സ്‌വെല്‍ ക്രീസ് വിട്ടിരുന്നെങ്കില്‍ കളി അവിടെ തോല്‍ക്കുമായിരുന്നു. മാക്‌സ്‌വെല്‍ ക്രീസില്‍ നിന്ന് ജയിപ്പിക്കേണ്ടത് ടീമിന് അത്യാവശ്യമായിരുന്നു. മാക്‌സി മടങ്ങിയാല്‍ മൂന്ന് വിക്കറ്റ് മാത്രം കൈയ്യിലുള്ള ഓസ്‌ട്രേലിയ ജയിക്കാനുള്ള സാധ്യത വളരെ കുറവായിരുന്നു.
എന്നാല്‍ മുടന്തിയോടിയിട്ടും അമ്പയര്‍ക്ക് മാക്‌സ്‌വെല്ലിനോട് യാതൊരു ദയയും ഇല്ലായിരുന്നു. ഒരു റണ്ണറെ വെക്കാനും അനുമതി ലഭിച്ചില്ല. അതിന് കാരണം ഐസിസിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. 2011ല്‍ പരിക്കേറ്റ ബാറ്റ്‌സ്മാന്മാര്‍ക്ക് റണ്ണറെ വെക്കാനുള്ള നിയമം അവര്‍ എടുത്ത് മാറ്റുകയായിരുന്നു. ക്രിക്കറ്റ് നിയമങ്ങള്‍ മാറ്റിയിട്ടില്ല, പകരം ചില സാഹചര്യങ്ങള്‍ക്ക് അനുകൂലമാകാന്‍ അവ ഉപയോഗിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ഐസിസി പറയുന്നു.
അതേസമയം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകം. ആഭ്യന്തര-റിക്രിയേഷനല്‍ ക്രിക്കറ്റില്‍ റണ്ണര്‍മാരെ വെക്കാം. 2009ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്തിന് റണ്ണറെ വെക്കാന്‍ ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്രൂ സ്‌ട്രോസ് സമ്മതിച്ചിരുന്നില്ല. ഇത് വലിയ വിവാദമായി മാറിയിരുന്നു. മുന്‍ ഓസീസ് നായകന്‍ മൈക്കിള്‍ ക്ലര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ റണ്ണേഴ്‌സിനെ വെക്കുന്നതിനെ ചോദ്യം ചെയ്തിരുന്നു.
അതേസമയം ഫിസിയോയും ഗ്രൗണ്ട് സ്റ്റാഫുകളും മാക്‌സ്‌വെല്ലിനെ പരിചരിക്കാന്‍ എത്തിയിരുന്നു. അതുകൊണ്ടാണ് കുറേ നേരെ പിടിച്ച് നില്‍ക്കാന്‍ സാധിച്ചത്. അതേസമയം ബാറ്റ് ചെയ്യാന്‍ ഒട്ടും എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് മാക്‌സ്‌വെല്‍. താന്‍ പേശീവലിവ് വന്നിട്ടും മടങ്ങിപ്പോവാതിരുന്നതിനും കാരണമാണ്. ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങിപോയി, ചെറിയ തോതില്‍ കാലിന് ചില പരിചരണങ്ങള്‍ നല്‍കിയ ശേഷം മടങ്ങി വരാനായിരുന്നു പദ്ധതിയിട്ടത്.
എന്നാല്‍ ഫിസിയോയുടെ വാക്കുകളാണ് എല്ലാം മാറ്റി മറിച്ചത്. ഒരിക്കല്‍ സ്‌റ്റെപ്പുകള്‍ കയറി ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങിയാല്‍, പിന്നീട് അത് ഇറങ്ങി വരാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത് കേട്ടാണ് ക്രീസില്‍ നിന്ന് കളിച്ചത്. ഇത് കാര്യങ്ങള്‍ ശരിക്കും എളുപ്പമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മാക്‌സ്‌വെല്ലിന്റേത് പോലുള്ള ഒരിന്നിംഗ്‌സ് താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് പറഞ്ഞു.












Click it and Unblock the Notifications