'ധോണി എന്റെ ബെസ്റ്റ് ഫ്രണ്ടല്ല, എങ്കിലും അക്കാര്യത്തില്‍ നന്ദിയുണ്ട്'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവി
മുംബൈ: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ മധ്യനിരയിലെ വിശ്വസ്തരായ ബാറ്റ്‌സ്മാന്‍മാരായിരുന്നു മഹേന്ദ്രസിംഗ് ധോണിയും യുവരാജ് സിംഗും. 2007 ലെ പ്രഥമ ടി-20 ലോകകപ്പില്‍ യുവരാജ് സിംഗ് ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറില്‍ ആറ് സിക്‌സ് പായിക്കുമ്പോള്‍ ധോണിയായിരുന്നു നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ ഉണ്ടായിരുന്നത്. 2011 ലോകകപ്പില്‍ കുലശേഖരയെ സിക്‌സ് പറത്തി ധോണി കിരീടം ഇന്ത്യയ്ക്ക് സമ്മാനിക്കുമ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ യുവിയുമുണ്ടായിരുന്നു.
ഇത്തരത്തില്‍ ഇന്ത്യയുടെ പല നിര്‍ണായക വിജയങ്ങളിലും ധോണിയും യുവിയും പങ്കാളികളായിരുന്നു. പരിശീലനത്തിലും പലപ്പോഴും ഇരുവരും ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങളുടെ ചിത്രങ്ങള്‍ ദൃശ്യ-പത്രമാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ധോണിയുമായി അത്ര വലിയ സൗഹൃദമൊന്നുമില്ല എന്നാണ് യുവരാജ് പറയുന്നത്. ടിആര്‍എസ് പോഡ്കാസ്റ്റില്‍ സംസാരിക്കവെ ആണ് യുവരാജിന്റെ വെളിപ്പെടുത്തല്‍.

താനും ധോണിയും സുഹൃത്തുക്കളാണെന്നും എന്നാല്‍ അടുത്ത സുഹൃത്തുക്കളല്ലെന്നുാണ് യുവരാജ് പറയുന്നത്. എം എസ് ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊളിറ്റിക്കലി കറക്ടായ ഉത്തരം പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്. ധോണിയോട് അത് ചോദിച്ചാലും ഇക്കാര്യം ശരിയായിരിക്കും എന്നാണ് യുവരാജ് സിംഗ് പറയുന്നത്
'ഞാനും മഹിയും അടുത്ത സുഹൃത്തുക്കളല്ല. ക്രിക്കറ്റ് കാരണമാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. ഞങ്ങള്‍ ഒരുമിച്ച് കളിച്ചു. എന്നാല്‍ എന്റെ ജീവിതശൈലി അദ്ദേഹത്തില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ല. ഞാനും ധോണിയും ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ ടീം നന്നായി കളിക്കുന്നുണ്ടോ എന്നതിലായിരുന്നു ശ്രദ്ധ. ടീമിനായി എപ്പോഴും 100 ശതമാനത്തിലധികം നല്‍കിയവരാണ് ഞങ്ങള്‍,' യുവരാജ് പറഞ്ഞു.
അദ്ദേഹം ക്യാപ്റ്റനും ഞാന്‍ വൈസ് ക്യാപ്റ്റനുമായിരുന്നു. ധോണി ടീമില്‍ വരുമ്പോള്‍ എന്നെക്കാള്‍ നാല് വര്‍ഷം ജൂനിയറായിരുന്നു എന്നും യുവരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തമ്മില്‍ തീരുമാനങ്ങളില്‍ വ്യത്യാസമുണ്ടാകും എന്നും ചിലപ്പോള്‍ തനിക്ക് ഇഷ്ടപ്പെടാത്ത തീരുമാനങ്ങള്‍ ധോണി എടുത്തിട്ടുണ്ടെന്നും മറ്റ് ചിലപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെടാത്ത തീരുമാനങ്ങള്‍ താന്‍ എടുത്തിട്ടുണ്ടെന്നും യുവി പറഞ്ഞു.
എല്ലാ ടീമുകളിലും ഇത് നടക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, 2019 ലോകകപ്പിന് മുമ്പുള്ള തന്റെ കരിയറിന്റെ അവസാന ദിവസങ്ങളില്‍ വ്യക്തത നല്‍കിയ ഒരേയൊരു വ്യക്തിയാണ് എം എസ് ധോണിയെന്ന് യുവരാജ് സിംഗ് ഓര്‍മിച്ചു. ''എന്റെ കരിയറിന്റെ അവസാനത്തില്‍, എനിക്ക് വ്യക്തമായ ചിത്രം ലഭിക്കാതെ വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയി ഉപദേശം തേടി.
സെലക്ഷന്‍ കമ്മിറ്റി നിങ്ങളെ ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം ആ സമയത്ത് എന്നോട് തുറന്ന് പറഞ്ഞു. അക്കാര്യത്തില്‍ എനിക്ക് അദ്ദേഹത്തോട് കടപ്പാടുണ്ട്. അദ്ദേഹം എന്നോട് സത്യം പറയാന്‍ മടി കാണിച്ചില്ല,' യുവരാജ് പറഞ്ഞു. അതേസമയം ടീമിനായി മികച്ച പ്രകടനം നടത്താന്‍ നിങ്ങള്‍ മികച്ച സുഹൃത്തുക്കളാകണമെന്നില്ല എന്നും നിങ്ങളുടെ ഈഗോ മാറ്റിവെച്ച് കളിക്കണം എന്നും യുവരാജ് പറഞ്ഞു.












Click it and Unblock the Notifications