എന്തുകൊണ്ട് കേരളത്തില്‍ വീണ്ടും നിപ? പ്രത്യേക മരുന്നുണ്ടോ: ഡോ. അജിത് ഭാസ്കർ സംസാരിക്കുന്നു
കോഴിക്കോട്: ഇടവേളക്ക് ശേഷം വീണ്ടും നിപ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അതീവ ജാഗ്രതയിലാണ് കേരളം. കോഴിക്കോട് ജില്ലയിലെ മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളിലാണ് രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന മൂന്ന് പേർക്ക് കൂടി രോഗ ബാധ കണ്ടെത്തിയതോടെ പ്രദേശത്ത് കനത്ത ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് കോഴിക്കോട് ജില്ലയില്‍ തന്നെ വീണ്ടും നിപ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നു എന്ന് തുടങ്ങിയ സംശയങ്ങളും സജീവമാണ്. ഇതേക്കുറിച്ചെല്ലാം വായനക്കാരുമായി തുറന്ന് സംസാരിക്കുകയാണ് പ്രമുഖ ഡോക്ടറും ഐഎംഎ ഭാരവാഹിയുമായ ഡോക്ടർ അജിത് ഭാസ്കർ.

കൊറോണ പോലെയല്ല നിപ
കൊറോണ പോലെ അത്ര വേഗത്തില്‍ പടർന്ന് പിടിക്കുന്നതല്ല നിപ വൈറസ്. വളരെ അടുത്ത സമ്പർക്കത്തിലൂടെയാണ് വൈറസ് വ്യാപനം ഉണ്ടാവുന്നത്. രോഗകാരികളായ വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക്, പിന്നീട് മനുഷ്യരില്‍ നിന്ന് മറ്റ് മനുഷ്യരിലേക്കും എന്ന നിലയിലാണ് രോഗവ്യാപനം നടക്കുന്നത്. എന്നാല്‍ കൊറോണയേക്കാള്‍ മരണ നിരക്ക് കൂടിയ രോഗകാരിയാണ് നിപ വൈറസ്
2018 ലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യ പ്രവർത്തകയായ സിസ്റ്റർ ലിനി ഉള്‍പ്പെടെ 17 പേർ അന്ന് മരിച്ചു. പേരാമ്പ്ര മേഖലയില്‍ അന്ന് നടത്തിയ പരിശോധനയില്‍ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി. 2019 ല്‍ എറണാകുളത്താണ് വീണ്ടും നിപ സ്ഥിരീകരിക്കുന്നത്. അന്നത്തെ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് സാധിച്ചു. 2021ലാണ് കേരളത്തില്‍ മൂന്നാം തവണ നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. വൈറസ് ബാധ മൂലം 12 വയസ്സുകാരന്റെ ജീവന്‍ അന്ന് നഷ്ടമായി.
നിപ വൈറസ് സ്ഥിര സാന്നിധ്യമോ?
2018 ല്‍ നിപ സ്ഥിരീകരിച്ച മേഖലയില്‍ അല്ലെങ്കിലും അതിന്റെ പരിസര പ്രദേശത്താണ് ഇപ്പോഴും വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ധാരാളമായി വവ്വാലുകളുള്ള പ്രദേശമാണ് ഇതെല്ലാം. എന്തുകൊണ്ടാണ് ഇവിടുത്തെ വവ്വാലുകളില്‍ മാത്രം വൈറസ് സാന്നിധ്യമുണ്ടാവുന്നു എന്നുള്ളത് നമുക്ക് ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ പറ്റില്ല. ഇപ്പോഴത്തെ വൈറസ് ബാധ മറ്റ് മേഖലയില്‍ നിന്ന് വന്നതാവാനുള്ള സാധ്യതയും തള്ളിക്കളയാതിരിക്കാനാവില്ല.

1998-ല്‍ മലേഷ്യയിലെ നിപ മേഖലയിലാണ് ആദ്യമായി ഈ വൈറസ് സ്ഥിരീകരിക്കുന്നത്. അതിന് ശേഷം ഇന്ത്യയിലും ബംഗ്ലാദേശിലും ഇന്ത്യയിലുമായി ഏതാനും കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് ഒരു പ്രത്യേക മേഖലയില്‍ മാത്രം വീണ്ടും വൈറസ് സ്ഥിരീകരിക്കുന്നു എന്നുള്ളത് എപ്പിഡമോളജിസ്റ്റുകളുടെ പഠനത്തിലൂടെ കണ്ടെത്തേണ്ടതാണ്.
പല വവ്വാലുകളിലും നിപ വൈറസ് സാന്നിധ്യമുണ്ടാകാം. എന്നാല്‍ അതിന്റെ ജനിതക ഘടനയില്‍ മാറ്റം വരുമ്പോഴാണ് വൈറസ് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതകള്‍ വർധിക്കുന്നത്. പല വൈറസുകളും നമ്മുടെ ശരീരത്തില്‍ ഉണ്ടാകാമെങ്കിലും അതിന് അസുഖങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവ് ചില പ്രത്യേക സമയത്ത് മാത്രമേ ഉണ്ടാകാറുള്ളു. ഇതിന് ഒരു നിശ്ചിത കാരണം മാത്രം കണ്ടെത്താന്‍ സാധിക്കില്ല. അതേക്കുറിച്ച് കൂടുതല്‍ പഠനം കണ്ടെത്തേണ്ടതുണ്ട്.
രോഗം പടരാതെ സൂക്ഷിക്കുക
രോഗം പടരാതെ ശ്രദ്ധിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. മാസ്ക് ധരിക്കുക, കൈ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, പുറത്ത് പോയി വന്നാല്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക തുടങ്ങിയവ ഒരു ശീലമാക്കണം. ഈ സമയത്ത് മാത്രം എന്നല്ല, ഒരു സമയത്തും അനാവശ്യമായ ആശുപത്രി സന്ദർശനങ്ങള്‍ പാടില്ല. 2018 ലെ നിപയില്‍ മലപ്പുറത്ത് നിന്നുള്ള രണ്ട് പേരും മരണപ്പെട്ടിരുന്നു. നിപ രോഗിയുടെ സിടി സ്കാന്‍ എടുത്തിരുന്ന സ്ഥലത്ത് ചെന്നുപെട്ടു എന്നതാണ് അവരിലേക്കും രോഗം പടരാന്‍ ഇടയാക്കിയത്. മെഡിക്കല്‍ കോളേജ് പോലുള്ള ആശുപത്രികളില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ വരുന്നതാണ്. അതുകൊണ്ട് തന്നെ ശുചിത്വം പാലിക്കുക എന്നുള്ളത് വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒരു കാര്യമാണ്. അതുപോലെ രോഗ ലക്ഷണങ്ങള്‍ ഉള്ളവരും ചികിത്സ തേടുന്നതില്‍ അതീവ ശ്രദ്ധ പുലർത്തണം.

കേരളത്തിലെ ആരോഗ്യ മേഖലയുടെ മേന്മ
മുന്‍ കാലങ്ങളില്‍ നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം എന്ന നിലയില്‍ തന്നെ കേരളത്തിലെ ആരോഗ്യ മേഖലയില്‍ ഇതേക്കുറിച്ച് മികച്ച അവബോധമുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് ആദ്യ കേസുകളില്‍ തന്നെ നിപ കണ്ടെത്താന്‍ സാധിക്കുന്നു. മറ്റുള്ള സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല, എങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തുന്നത് കുടുതലായിരിക്കാം.
മറ്റ് സംസ്ഥാനങ്ങളില്‍ വൈറസ് സാന്നിധ്യം ഉണ്ടായിരിക്കാം, ഇല്ലാതിരിക്കാം. ചിലപ്പോള്‍ മരണങ്ങള്‍ ഉണ്ടായിട്ടും അറിയപ്പെടാതെ പോവുന്ന സാഹചര്യങ്ങളുണ്ടാവാം. കേരളത്തില്‍ ഡോക്ടർമാർക്കും മറ്റും നിപ പോലുള്ള വൈറസുകളെക്കുറിച്ച് കൃത്യമായ അവബോധമുണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടായാല്‍ തന്നെ പരിശോധനയ്ക്ക് അയക്കുന്നു. എറണാകുളത്തും, കഴിഞ്ഞ തവണ കോഴിക്കോടും ആദ്യ സമയത്ത് തന്നെ നമുക്ക് കണ്ടെത്താന്‍ സാധിച്ചു. അത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മേന്മയായെന്നാണ് നമുക്ക് പറയാന്‍ സാധിക്കുക.
രോഗ ലക്ഷണങ്ങള്‍
കൊറോണ വൈറസ്, എച്ച് 1 എന്‍ 1 തുടങ്ങിയ വൈറസ് രോഗങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ രോഗങ്ങളുടെയെല്ലാം ഏകദേശം സമാനമാണ്. മൂക്കൊലിപ്പ്, പനി, ചുമ, തലവേദന തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഇത് വളരെ പെട്ടെന്ന് തന്നെ ന്യൂമോണിയയായി മാറുന്നു. അതോടൊപ്പം തന്നെ മസ്തിഷ്ക ജ്വരവും ഉണ്ടാക്കുന്നു. ഇതാണ് മരണത്തിലേക്ക് നയിക്കുന്നത്.

പരിശോധനയും പ്രഖ്യാപനവും
കേരളത്തില്‍ നടത്തുന്ന പരിശോധനയില്‍ പോസ്റ്റീവ് ആകുന്ന കേസുകള്‍ മാത്രമാണ് പുനൈയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കുന്നത്. പ്രത്യേക സാഹചര്യങ്ങളില്‍ സംശയമുള്ള ചില നെഗറ്റീവ് കേസുകളും അയക്കും. അവിടെ നിന്ന് മാത്രമാണ് ഔദ്യോഗികമായി നിപ വൈറസ് സാന്നിധ്യം പ്രഖ്യാപിക്കാന്‍ സാധിക്കുകയുള്ളു. കേരളത്തില്‍ കോഴിക്കോടും ആലപ്പുഴയിലും തിരുവനന്തപുരത്ത് വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാനുള്ള സംവിധാനങ്ങളുണ്ടെങ്കിലും പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രഖ്യാപനം നടത്താന്‍ സാധിക്കില്ല
നിപ പ്രതിരോധം എങ്ങനെ
നിപ പ്രതിരോധത്തിനായി ഒരു പ്രത്യേക മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പല രീതിയിലുള്ള ആന്റിവൈറല്‍ മരുന്നുകളാണ് ഉപയോഗിച്ച് വരുന്നത്. മോണോക്ലോണല്‍ ആന്റി ബോഡി പോലുള്ള മരുന്നുകള്‍ കൊടുത്ത് കൊടുക്കുന്നുണ്ട്. ആരോഗ്യ നില ഗുരുതരമായാല്‍ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വരും. അല്ലാത്ത സാഹചര്യങ്ങളില്‍ സാധാരണ ഗതിയിലുള്ള ഐസൊലേഷന്‍ മതിയാവും. രോഗം വരാതിരിക്കുക എന്നുള്ള ഏറ്റവും ശ്രദ്ധേയം












Click it and Unblock the Notifications