അബുദാബിയില്‍ ഉന്നത ശമ്പളമുള്ള ജോലി മോഹിച്ചു; യുവതിയുടെ 78000 ദിർഹം പോയി: ഒടുവില്‍ ആശ്വാസം
അബുദാബി: ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് തട്ടിപ്പ് നടത്തിയ കേസില്‍ നിർണ്ണായക ഉത്തരവുമായി അബുദാബി കോടതി. അബുദാബി എമിറേറ്റിലെ അൽ ദഫ്ര മേഖലയിൽ നിന്നുള്ള പരാതിക്കാരിക്കാണ് കോടതി ഇടപെടലിലൂടെ നീതി ലഭിച്ചത്. ആകർഷകമായ ശമ്പളത്തിൽ വളരെ ഉയർന്ന നിലയിലുള്ള ജോലിയുടെ മറവിലായിരുന്നു തട്ടിപ്പ്. നിയമനം ഉറപ്പ് വരുത്താമെന്ന വാഗ്ദാനം നല്‍കി പ്രതി യുവതിയില്‍ നിന്നും പണം തട്ടുകയായിരുന്നു.
78000 ദിർഹം രൂപയോളമാണ് ഇത്തരത്തില്‍ യുവതിക്ക് നഷ്ടമായത്. പണം നല്‍കിയിട്ടും ജോലി ലഭിക്കാതായതോടെയാണ് തട്ടിപ്പ് മനസ്സിലാകുന്നത്. നിരവധി തവണ ചോദിച്ചിട്ടും പണം തിരികെ ലഭിച്ചില്ല. ഇതോടെയാണ് യുവതി നിയമ നടപടികളിലേക്ക് കടക്കുന്നത്. യുവാവിനെതിരെ അൽ ദഫ്ര കോടതിയിൽ നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഈ നിയമ പോരാട്ടമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്.

ഒരു പ്രശസ്ത വെബ്‌സൈറ്റില്‍ തൊഴില്‍ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. പരസ്യം ശ്രദ്ധയില്‍പ്പെട്ട യുവതി പരസ്യദാതാവിനെ ബന്ധപ്പെട്ടപ്പോൾ, പ്രതി ജോലി ഉറപ്പ് വരുത്താനും പ്ലാറ്റ്‌ഫോമിലെ നിക്ഷേപത്തിനും വേണ്ടിയാണെന്ന അവകാശവാദത്തോടെ നിരവധി തവണയായി പണം ആവശ്യപ്പെടുകയായിരുന്നു.
യുവതിയുടെ കയ്യില്‍ നിന്നും തട്ടിയെടുത്ത 78000 ദിർഹം പ്രതി തിരികെ നല്‍കണമെന്നാണ് അൽ ദഫ്ര ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിച്ചിരിക്കുന്നത്. കോടതി ഫീസിനും ചെലവുകൾക്കും പുറമെ പണം നല്‍കിയ തീയതി മുതലുള്ള 12 ശതമാനം പലിശ നിരക്കും പ്രതി തനിക്ക് നൽകണമെന്നും യുവതി കോടതിയിലെ വാദത്തിനിടെ ആവശ്യപ്പെട്ടിരുന്നു. യുവതിയുടെ വാദം പരിഗണിച്ച കോടതി 78000 ദിർഹത്തിന് പുറമെ പരാതിക്കാരിയുടെ നിയമപരമായ ചെലവുകൾ വഹിക്കാനും ഉത്തരവിട്ടു. റിക്രൂട്ട്മെന്റ് ഏജന്റെന്നെ വ്യാജേന തട്ടിപ്പ് നടത്തിയ പ്രതിയെ കോടതി ശിക്ഷിക്കുകയും ചെയ്തു.
അതേസമയം, കേരള ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ മാള എഎസ്ഐ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ആളൂർ മണക്കാടൻ എം ജി വിനോദ്കുമാറാണ് അറസ്റ്റിലായിരിക്കുന്നത്. കൊരട്ടി, എരുമപ്പെട്ടി സ്റ്റേഷനുകളിൽ ഇദ്ദേഹത്തിന് എതിരെ കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു. ഏപ്രില്‍ മുതല്‍ ഇദ്ദേഹം സസ്പെന്‍ഷനിലായിരുന്നു. ജോലികള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ചില ആളുകള്‍ പണം തട്ടിപ്പ് നടത്തുന്നതായുള്ള പരാതി കേരള ബാങ്കിനും ലഭിച്ചിരുന്നു. ബാങ്ക് ലോഗോ ചേര്‍ത്തുള്ള വ്യാജ നിയമന ഉത്തരവുകള്‍ നല്‍കി ആളുകളെ കബളിപ്പിക്കുന്നുവെന്നാണ് പരാതി.












Click it and Unblock the Notifications