കാനഡയെ മറന്നേക്ക്; ഇന്ത്യക്കാരൊക്കെ ഇനി വെള്ളം കുടിക്കും..പുതിയ മാറ്റങ്ങൾ നവംബർ 1 മുതൽ
ഒരുപക്ഷെ സമീപ കാലത്ത് ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ കുടിയേറ രാജ്യം ഏതാണെന്ന് ചോദിച്ചാൽ കാനഡ എന്നായിരിക്കും ഉത്തരം. നേരത്തേ തന്നെ കാനഡയിലേക്ക് ഇന്ത്യയിൽ നിന്ന് കുടിയേറ്റം ഉണ്ടായിരുന്നുവെങ്കിലും കൊവിഡിന് ശേഷം പഠനത്തിനും ജോലിക്കുമായി നിരവധി പേരാണ് കൂട്ടത്തോടെ കാനഡയിലേക്ക് പറന്നത്. ഉപരിപഠനം പൂർത്തിയാക്കി പിആറും ലഭിച്ച് കാനഡയിൽ ജീവിതം സുരക്ഷിതമാക്കാം എന്നത് തന്നെയായിരുന്നു ലക്ഷ്യം.
കാനഡയിലെ കുടിയേറ്റ നിയമങ്ങൾ ലളിതമാണെന്നും ജോലി സാധ്യതയും ജീവിത സാഹചര്യവും ഉയർന്നതാണെന്നതും ഇവിടേക്ക് ആളുകൾ ഒഴുകാൻ കാരണമായി. ഇന്ത്യയിൽ നിന്ന് മാത്രമല്ല മറ്റ് വിദേശരാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് ഇവിടേക്ക് കുടിയേറിയത്. അതേസമയം കുടിയേറ്റം വർധിച്ചതോടെ കാനഡയിൽ സാഹചര്യങ്ങൾ പാടെ മാറി. തൊഴിൽ പ്രതിസന്ധി, താമസ സൗകര്യങ്ങളിലെ അപര്യാപ്തത എന്നിവയെല്ലാം കടുത്ത പ്രശ്നങ്ങളിലേക്കാണ് നയിച്ചത്. സർക്കാരിന്റെ കുടിയേറ്റ നയത്തിനെതിരെ വലിയ പ്രതിഷേധമാണ് ഇതോടെ ഉയർന്നത്.

സാഹചര്യം അനിയന്ത്രിതമായതോടെ കുടിയേറ്റം പിടിച്ചുകെട്ടാനുള്ള നീക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് കാനഡ. സ്റ്റുഡന്റ് പെർമിറ്റ് അനുവദിക്കുന്നതിൽ ഉൾപ്പെടെ അടുത്തിടെ പല നിയന്ത്രണങ്ങളും രാജ്യം നടപ്പാക്കിയിരുന്നു. ഇപ്പോഴിതാ വർക്ക് പെർമിറ്റ് ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് രാജ്യം. നവംബർ 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നേക്കും.
പ്രധാന മാറ്റങ്ങൾ ഇങ്ങനെ
ഭാഷാ പ്രാവീണ്യം- പോസ്റ്റ് ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റിന് ഭാഷാ പ്രാവീണ്യം നിർബന്ധമാക്കും. അതായത് വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിലോ ഫ്രഞ്ചിലോ മിനിമം പ്രാവീണ്യം ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കൂടാതെ യൂനിവേഴ്സിറ്റി ബിരുദധാരികൾ കനേഡിയൻ ബെഞ്ച് മാർക്ക് ലെവൽ സ്കോർ 7 നേടിയിരിക്കണം (അതായത് ഐഇഎൽടിഎസ് പ്രകാരം ബാന്റ് സ്കോർ 6 ) . കോളേജ് വിദ്യാർത്ഥികൾക്ക് ഇത് 5 ആയിരിക്കും. പെർമനന്റ് റെസിഡൻസി (പിആർ) നേടിയെടുക്കാൻ ഇത് വിദ്യാർത്ഥികളെ തുണച്ചേക്കും. എന്നാൽ ഇത്തരത്തിൽ നിയമം നടപ്പാക്കുന്നത് വഴി അപേക്ഷകരുടെ എണ്ണം 175,000 എങ്കിലും കുറക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ.
നിലവിൽ രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണം 6.5 ശതമാനമാണ്. ഇത് 5 ശതമാനമായി കുറക്കാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചേക്കുമെന്നാണ് വിവരം. കുടിയേറ്റ നടപടികൾ കൃത്യമായ രീതിയിൽ കൈകാര്യം ചെയ്യുകയ കൂടി ലക്ഷ്യം വെച്ചുള്ള വിശാല പദ്ധതികൾ നവംബർ 1 ന് പുറത്തിറക്കുന്ന പുതിയ മാർഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പങ്കാളികൾക്കുള്ള വിസ (സ്പൗസൽ വിസ) അനുവദിക്കുന്നത് സംബന്ധിച്ചും കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കും. നവംബർ ഒന്ന് മുതൽ എൻജിനയർ, എക്സിക്യൂട്ടീവ്, അഭിഭാഷകർ, ശാസ്ത്രജ്ഞർ തുടങ്ങി ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ പങ്കാളികൾക്ക് മാത്രമായിരിക്കും വിസ അനുവദിക്കുക. അതേസമയം നിർമ്മാണം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികൾക്ക് വിസ അനുവദിക്കുന്നത് തുടരാൻ തന്നെയാണ് നിലിവിൽ സർക്കാർ തീരുമാനം. ഇത്തരത്തിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കി പങ്കാളി വിസകളുടെ എണ്ണം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 100,000 ആക്കി നിജയപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്.
പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടെ ഇന്ത്യയിൽ നിന്ന് അടക്കമുള്ള നിരവധി വിദ്യാർത്ഥികളുടെ കാനഡയെന്ന മോഹത്തിനാകും കരിനിഴൽ വീഴുക. വിദേശ പഠനത്തിന് മറ്റ് രാജ്യങ്ങളിൽ ഫീസ് ഏറെയാണെന്നത് ഭൂരിഭാഗം വിദ്യാർത്ഥികളേയും പ്രതിസന്ധിയിലാക്കിയേക്കും.












Click it and Unblock the Notifications