താമസം പാലത്തിനടിയിലും ടെന്റിലും: കാനഡയിലെ ഇന്ത്യന്‍ വിദ്യാർത്ഥികളുടെ ദുരിതങ്ങള്‍, പ്രതിഷേധം
ഈ വർഷം 9 ലക്ഷത്തോളം വിദേശ വിദ്യാർത്ഥികളെ രാജ്യത്ത് എത്തിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഒരു കനേഡിയന്‍ മന്ത്രി തന്നെ വ്യക്തമാക്കുന്നത് കഴിഞ്ഞ ദിവസമാണ്. നിലവില്‍ വിദ്യാർത്ഥികള്‍ ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും ഇതെല്ലാം പരിഹരിച്ച് കൂടുതല്‍ വിദ്യാർത്ഥികള്‍ക്ക് അവസരം നല്‍കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ഇതിനിടയില്‍ തന്നെയാണ് മുന്നൂറിലേറെ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ കാനഡയില്‍ നേരിടുന്ന ദുരിതത്തെക്കുറിച്ചുള്ള വാർത്തയും പുറത്ത് വരുന്നത്.
ഒന്റാറിയോയിലെ കാനഡോർ കോളേജിലും നിപിസിംഗ് യൂണിവേഴ്‌സിറ്റിയിലും സെപ്റ്റംബർ/ഫാൾ ഇൻടേക്കിൽ വിവിധ കോഴ്‌സുകളിൽ പ്രവേശനം നേടിയ ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള 300 ഓളം അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ കിടപ്പാടം പോലെയില്ലാതെ ബുദ്ധിമുട്ടുന്നത്. താമസം ഉള്‍പ്പെടേയുള്ളവ വാഗ്ദാനം ചെയ്താണ് ഇവരെ കാനഡയിലേക്ക് എത്തിച്ചതെങ്കിലും പിന്നീട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കയ്യൊഴിയുകയായിരുന്നുവെന്നാണ് ആരോപണം.

വിദ്യാർത്ഥികളില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവരാണ്. മലയാളികളും ഉണ്ടെന്നാണ് സൂചന. പ്രദേശത്ത് മതിയായ താമസസൗകര്യം ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. ഇതിനായി ഉയർന്ന രീതിയിലുള്ള വാടകയാണ് ഉടമകള്‍ ഈടാക്കുന്നത്. ഇതിന് കഴിയാത്തവർ തുറസ്സായ സ്ഥലങ്ങളിലോ ടെന്റുകളിലോ ബസ് ടെർമിനലുകളിലോ കാറുകളിലോ ഉറങ്ങുന്നുവെന്നാണ് ദ ട്രിബൂണ്‍ റിപ്പോർട്ട് ചെയ്യുന്നത്.
ചിലർക്ക് താമസസൗകര്യം ലഭിച്ചത് കോളേജില്‍ നിന്നും നൂറിനലേറെ കിലോമീറ്റർ അകലെയാണ്. സ്ഥരിമായി കോളേജില്‍ വന്ന് പോകണമെങ്കില്‍ വലിയൊരു തുക ഇവർക്ക് യാത്രാ ഇനത്തില്‍ മാത്രം ചിലവഴിക്കേണ്ടി വരും. പ്രശ്നം ഒടുവില്‍ വലിയ രീതിയിലുള്ള പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. മോൺട്രിയൽ യൂത്ത് സ്റ്റുഡന്റ് ഓർഗനൈസേഷൻ (MYSO) പ്രതിഷേധിക്കുന്ന വിദ്യാർത്ഥികള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.
മുഴുവൻ ഫീസ് റീഫണ്ട്, താങ്ങാനാവുന്ന നിരക്കിലുള്ള താമസ സൗകര്യം തുടങ്ങിയവയാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങള്‍. അതേസമയം, ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐ ആർ സി സി) വിദൂര പഠനത്തിനുള്ള പരിവർത്തന കാലയളവ് നീട്ടിയിട്ടുണ്ട്.
'ഡിസംബർ 31, 2023 വരെ, നിങ്ങൾ കാനഡയിൽ നിന്ന് ഓൺലൈനായി പഠിക്കാൻ ചെലവഴിക്കുന്ന സമയം ഇപ്പോഴും നിങ്ങളുടെ പിജിഡബ്ല്യുപിയുടെ (ബിരുദാനന്തര വർക്ക് പെർമിറ്റ്) ദൈർഘ്യത്തിൽ കണക്കാക്കുന്നു. 2024 ജനുവരി 1 മുതൽ, കാനഡയിൽ നിങ്ങളുടെ പ്രോഗ്രാമിന്റെ 50 ശതമാനം ഇൻ-ക്ലാസ് പൂർത്തിയാക്കണം.' - ഐ ആർ സി സി വ്യക്തമാക്കി. സർക്കാറിന്റെ പ്രഖ്യാപനം വിദ്യാർത്ഥികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഒന്റാറിയോയിലെ കിച്ചനറിലെ കോനെസ്റ്റോഗ കോളേജിലെ ഒരു ഇന്ത്യൻ വിദ്യാർത്ഥി പാലത്തിനടിയിൽ ഉറങ്ങുന്നതായുള്ള ഒരു ടിക് ടോക്ക് വീഡിയോ വൈറലായിരുന്നു. ഒരു പുതപ്പ് ഉൾപ്പെടെയുള്ള ഒരു ചെറിയ ബാഗ് മാത്രമായിരുന്നു വിദ്യാർത്ഥിയുടെ കൈവശമുണ്ടായിരുന്നത്.
ബ്രാംപ്ടണിലെ ഒരു സൂപ്പർമാർക്കറ്റിൽ നടന്ന തൊഴിൽ മേളയിൽ അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ നൂറുകണക്കിന് വിദ്യാർത്ഥികൾ ക്യൂവിൽ നിൽക്കുന്നതായിരുന്നു യൂട്യൂബിലെ മറ്റൊരു വീഡിയോയിലെ ദൃശ്യങ്ങള്‍. സാമ്പത്തിക പിരിമുറുക്കം, ഏകാന്തത, ഗൃഹാതുരത, അക്കാദമിക് സമ്മർദ്ദങ്ങൾ, ഉയർ ജീവിത ചിലവ്, ലോണ്‍ തുടങ്ങിയ നിരവധി പ്രതിസന്ധികള്‍ക്കിടിയിലൂടെയാണ് ഓരോ വിദേശ വിദ്യാർത്ഥിയും കടന്ന് പോവുന്നത്.
'ഇന്ത്യയിലെ വിദ്യാഭ്യാസ കൺസൾട്ടന്റുമാർക്ക് കോളേജുകൾ ഓരോ വിദ്യാർത്ഥിക്കും നൽകുന്ന കമ്മീഷനുകളെ കുറിച്ച് മാത്രമേ ആശങ്കയുള്ളൂ എന്നതാണ് പ്രശ്നം. 2016-17-ലെ 561 ഡോളറിൽ നിന്ന് ഒരു വിദ്യാർത്ഥിയുടെ ഏജന്റ് കമ്മീഷൻ 2020-21-ൽ $3,399 ആയി വർദ്ധിച്ചതായി ഒരു പ്രാദേശിക കോളേജിന്റെ സമീപകാല ഡാറ്റ വെളിപ്പെടുത്തി. മിക്കപ്പോഴും, ഏജന്റുമാർ മാതാപിതാക്കളോടും അവരുടെ കുടുംബങ്ങളോടും കാനഡയിലെ യഥാർത്ഥ ജീവിതം എന്താണെന്ന് പറയുന്നില്ല' മോൺട്രിയൽ യൂത്ത് സ്റ്റുഡന്റ് ഓർഗനൈസേഷൻ അംഗമായ മൻദീപ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications