കാനഡയിലെ സാധ്യതകള്‍ അവസാനിക്കുന്നോ, എന്താണ് ഭാവി? ആശ്വസിക്കാന്‍ വഴിയുണ്ട്, വിദഗ്ധർ പറയുന്നു
ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരേയും ചണ്ഡീഗഡ്, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ വിസ, കോൺസുലാർ സേവനങ്ങളും പിന്‍വലിച്ച കാനയുടെ നടപടി കുടിയേറ്റത്തിന് ശ്രമിക്കുന്നവർക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന നയതന്ത്ര സംഘർഷങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിസ നടപടികള്‍ വൈകിച്ചേക്കുമെന്നാണ് മുംബൈയിലെ പ്രശസ്ത വിദ്യാഭ്യാസ ഉപദേഷ്ടാവ് വിരാൽ ദോഷിയെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
നയതന്ത്ര തർക്കം സൃഷ്ടിക്കുന്ന ആശങ്കയ്ക്ക് മുന്‍തൂക്കം കൊടുക്കുമ്പോള്‍ തന്നെ ദീർഘകാലാടിസ്ഥാനത്തിൽ ഒരു ഉന്നത വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമെന്ന നിലയിൽ കാനഡയുടെ ജനപ്രീതിയെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അതേസമയം തന്നെ ജനുവരിയിൽ പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വിസ ലഭിക്കുന്നതിനുള്ള കാലതാമസമായിരിക്കും വളരെ പെട്ടെന്നുള്ള പ്രത്യാഘാതം.

നിലവിലെ സാഹചര്യത്തില്‍ വിദ്യാർത്ഥികൾക്ക് പ്രാദേശിക കോൺസുലേറ്റിൽ അപേക്ഷ നല്‍കാന്‍ സാധിക്കില്ല. ഡല്‍ഹിയിലാണെങ്കില്‍ കാലതാമസവും നേരിടും. എന്നാൽ എനിക്ക് ഇതിൽ വലിയ ആശങ്കയില്ല, കാരണം ശൈത്യകാല കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിലെ ബുദ്ധിമുട്ടുകൾ കാരണം കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് ജനുവരിയിൽ കനേഡിയൻ സർവകലാശാലകളിൽ ചേരുന്നത്.
95% ഇന്ത്യക്കാരും ഓഗസ്റ്റ്-സെപ്റ്റംബർ കാലയളവാണ് കാനഡയിലേക്കുള്ള വിദ്യാഭ്യാസ കുടിയേറ്റത്തിന് തിരഞ്ഞെടുക്കുന്നത്. വിസ പ്രശ്നങ്ങള്‍ അല്ലാതെ രക്ഷിതാക്കൾക്കിടയിൽ മറ്റ് ആശങ്കകളും ശക്തമാണ്. വംശീയമായ പ്രശ്നങ്ങളാണ് ഇതില്‍ പ്രധാനം, ഖലിസ്ഥാന അനുകൂല വിഷയങ്ങളുമുണ്ട്. ഇത് സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ശക്തമാക്കുന്നുവെന്നും വിരാൽ ദോഷി വ്യക്തമാക്കുന്നു.
പടിഞ്ഞാറൻ കാനഡയിൽ ഇടയ്ക്കിടെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാൽ കാമ്പസുകളെ കാര്യമായി ബാധിച്ചിട്ടില്ല. സാഹചര്യം ഏറെക്കുറെ സുരക്ഷിതമാണെന്നാണ് ഇതിനകം അവിടെ സ്ഥിരതാമസമാക്കിയ വിദ്യാർത്ഥികളും വ്യക്തമാക്കുന്നത്. കാനഡയിൽ പഠിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്നുള്ള സുരക്ഷാ ആശങ്കകൾ സർവ്വകലാശാലകളിലെ അഡ്മിഷൻ ഡയറക്ടർമാർ വലിയ പ്രാധാന്യത്തോടെ കാണുന്നുമുണ്ട്.
കാനഡയിൽ വിദ്യാർത്ഥികളെ സ്വീകരിക്കുമോ, കാനഡയിൽ പഠിക്കാന്‍ പോകുന്നതിന്റെ പ്രധാന ആകർഷണമായ വർക്ക് പെർമിറ്റ് അനുവദിക്കുമോ എന്ന ആശങ്കകളും രക്ഷിതാക്കള്‍ക്കിടയില്‍ ശക്തമാണ്. എന്തൊക്കെ സംഭവിക്കും എന്ന് കാത്തിരുന്ന് കാണുന്നതായിരിക്കും നല്ലത്. ആശങ്കകള്‍ ശക്തമാണെങ്കിലും ആരും കാനഡ മോഹം റദ്ദാക്കുന്നില്ല. അതുപോലെ ഇന്ത്യക്കാരുടെ വരവ് കനേഡിയന്‍ സർവ്വകലാശാലകളും ആഗ്രഹിക്കുന്നു.
പല ഘടകങ്ങളും കണക്കിലെടുക്കുമ്പോൾ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന വലിയ ശുഭാപ്തിവിശ്വാസമുണ്ട്. എന്നിരുന്നാലും വിദ്യാർത്ഥികൾ ഇതര ഓപ്‌ഷനുകളിലേക്ക് നോക്കുന്നതും ശക്തമാണ്. സ്ഥിതി സമാനമായ രീതിയില്‍ തുടരുകയാണെങ്കില്‍ അമേരിക്ക, യുകെ ഉള്‍പ്പെടേയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും തുടർന്നേക്കും. കാനഡയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായേക്കാമെങ്കിലും യുഎസ്, യുകെ എന്നിവയെ അപേക്ഷിച്ച് ചിലവ് കുറവാണ് എന്നതാണ് ശ്രദ്ധേയമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications