കാനഡയില്‍ പ്രതിസന്ധി മാത്രമല്ല, ഒരു സന്തോഷ വാർത്തയുണ്ട്: തൊഴില്‍ അവസരങ്ങളില്‍ വന്‍ വർധനവ്
കാനഡയിലെ സർവ്വ മേഖലയില്‍ നിന്നും തിരിച്ചടികളുടെ വാർത്തയാണ് അടുത്തിടെ വന്നുകൊണ്ടിരിക്കുന്നത്. എന്നാലിതാ ആശ്വാസം നല്‍കുന്ന ഒരു വാർത്തയാണ് ഇപ്പോള്‍ കാനഡയില്‍ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. എന്നുവെച്ച് വലിയ ആശ്വാസത്തിന് വകയില്ലതാനും. അതായത് കാനഡിയന്‍ സമ്പദ്‌വ്യവസ്ഥ ഫെബ്രുവരിയിൽ 40700 തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തു.
പ്രതീക്ഷിച്ചതിന്റെ ഇരട്ടിയില്‍ അധികം തൊഴില്‍ അവസരങ്ങളാണ് ഫെബ്രുവരിയില്‍ കാനഡയില്‍ ഉണ്ടായത്. റോയിട്ടേഴ്‌സ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 20000 തൊഴിലവസരങ്ങൾ ലഭിക്കുമെന്നും തൊഴിലില്ലായ്മ നിരക്ക് ജനുവരിയിലെ 5.7 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി ഉയരുമെന്നുമായിരുന്നു പ്രവചനം. എന്നാല്‍ ഇതിന് നേർ വിപരീതമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്.

കഴിഞ്ഞ നാല് മാസങ്ങളിൽ മൂന്ന് മാസവും തൊഴിലില്ലായ്മ നിരക്ക് ആ നിലയിൽ സ്ഥിരത പുലർത്തുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കുന്നു. ഫെബ്രുവരിയിലെ തൊഴിൽ അവസരങ്ങളില്‍ ഫുള്‍ ടൈം ജോബിനാണ് മുന്‍തൂക്കം. ആകെ 70600 അവസരങ്ങള്‍ ഫുള്‍ടൈം ജോബ് മേഖലയിലുണ്ടായപ്പോള്‍ പാർട്ട് ടൈം ജോലിയിൽ 29900 അവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
അതേസമയം, ജനസംഖ്യാ വളർച്ച തൊഴിൽ വളർച്ചയെ മറികടക്കുകയും തൊഴിൽ നിരക്കിൽ 0.1% ഇടിവുണ്ടാക്കുകയും ചെയ്തു. അതായത് ജോലി ചെയ്യുന്ന 15 വയസും അതിൽ കൂടുതലുമുള്ള ജനസംഖ്യയുടെ അനുപാതം വർധിച്ചു. ഇത് തുടർച്ചയായ അഞ്ചാമത്തെ പ്രതിമാസ ഇടിവാണ്. അതോടൊപ്പം തന്നെ 2009 ഏപ്രിലിന് ശേഷം തുടർച്ചയായി കുറയുന്ന ഏറ്റവും ദൈർഘ്യമേറിയ കാലയളവാണുമിത്. വിദേശ വിദ്യാർത്ഥികളുടെ വരവാണ് ജനസഖ്യ വർധനവിന് പ്രധാന കാരണമായത്.
സ്ഥിരം ജീവനക്കാരുടെ ശരാശരി മണിക്കൂർ വേതനത്തിലെ വാർഷിക വളർച്ച ജനുവരിയിലെ 5.3% ൽ നിന്ന് 4.9% ആയി കുറഞ്ഞു. വേതനത്തകർച്ചയുടെ തുടർച്ചയായ രണ്ടാം മാസവും ജൂണിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കുമാണ് ഇത്. കാനഡയിലെ തൊഴിൽ വിപണി അത്ര ശക്തമായി മുന്നോട്ട് പോകുന്നില്ലെന്നതിന്റെ വ്യക്തമായ സൂചനയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
കുടിയേറ്റം കൂടുതല്‍ ശക്തമായതോടെ കാനഡയില്‍ ജനസംഖ്യാനിരക്കില്‍ വന്‍ വര്‍ധവുണ്ടായെന്ന തരത്തിലുള്ള കണക്കുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കാനഡയില്‍ നിന്നുള്ള പുതിയ ഡാറ്റ അനുസരിച്ച്, 2023 ഒക്ടോബര്‍ 1 വരെയുള്ള രാജ്യത്തിന്റെ ജനസംഖ്യ വര്‍ഷത്തില്‍ 1.25 ദശലക്ഷമായി ഉയര്‍ന്നു. അടുത്തകാലത്ത് 12 മാസത്തെ ഏറ്റവും വലിയ വളര്‍ച്ചാ നിരക്കാണിത്.
കാനഡ 2023 കഴിഞ്ഞ വര്‍ഷം 454,590 പുതിയ സ്ഥിര താമസക്കാരെ സ്വീകരിച്ചു. അതേസമയം 804,690 നോണ്‍-പെര്‍മനന്റ് റെസിഡന്റുമാരെ കൊണ്ടുവരികയും ചെയ്തു. ജനസംഖ്യ വർധനവിനെ തുടർന്ന് രാജ്യത്തെ വാടക നിരക്കും വലിയ തോതില്‍ വർധിച്ചു. ഇതോടെയാണ് സർക്കാർ വിദേശ വിദ്യാർത്ഥികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications