ഇസ്രായേലില്‍ തൊഴില്‍ അവസരം: ഒരു ലക്ഷം നിർമ്മാണതൊഴിലാളികളെ ഇന്ത്യയില്‍ നിന്ന് എത്തിക്കാന്‍ നീക്കം
ടെല്‍ അവീവ്: ഇന്ത്യയില്‍ നിന്നും വലിയ തോതില്‍ തൊഴിലാളികളെ ഇറക്കുമതി ചെയ്യാനുള്ള നീക്കവുമായി ഇസ്രായേല്‍. ഒക്ടോബർ ഏഴിന് ആരംഭിച്ച ഹമാസ് - ഇസ്രായേല്‍ സംഘർഷത്തിന് പിന്നാലെ 90000 ത്തോളം വരുന്ന പലസ്തീനികളുടെ വർക്ക് പെർമിറ്റ് ഇസ്രായേല്‍ റദ്ദാക്കിയിരുന്നു. ഇവർക്ക് പകരമായി ഇന്ത്യക്കാരെ നിയമിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
വർക്ക് പെർമിറ്റ് റദ്ദാക്കിയ 90,000 ഫലസ്തീനികളുടെ സ്ഥാനത്ത് ഒരു ലക്ഷം ഇന്ത്യൻ തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ അനുവദിക്കണമെന്ന് ഇസ്രായേലി നിർമാണ മേഖല ടെൽ അവീവിലെ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

"ഇപ്പോൾ ഞങ്ങൾ ഇന്ത്യയുമായി ചർച്ച നടത്തുന്നു. അത് അംഗീകരിക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ തീരുമാനത്തിനായുള്ള കാത്തിരിപ്പിലുമാണ്. കൂടാതെ, മുഴുവൻ മേഖലയും പ്രവർത്തിപ്പിക്കുന്നതിനും സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനും ഇന്ത്യയിൽ നിന്ന് 50,000 മുതൽ 100,000 വരെ തൊഴിലാളികളെ കൊണ്ടുവരാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്" ഇസ്രായേൽ ബിൽഡേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ഹൈം ഫീഗ്ലിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഓപ്പറേഷൻ അജയ് (ഇസ്രായേലിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ) ഇനിയും അവസാനിക്കാത്ത സാഹചര്യത്തില്‍ ജോലിക്കായി സംഘർഷ മേഖലയിലേക്ക് മാറാൻ ഇന്ത്യക്കാരെ അനുവദിക്കുമോ എന്നത് സംബന്ധിച്ചും ഉറപ്പില്ല. ഇസ്രായേൽ നിർമ്മാണ വ്യവസായത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഏകദേശം 25 ശതമാനം പലസ്തീനികൾ ഉള്ളതിനാൽ, ഒക്ടോബർ 7 മുതൽ പല മേഖലകളിലും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.
"ഞങ്ങൾ യുദ്ധത്തിലാണ്, ഈ മേഖലയിലെ നമ്മുടെ മനുഷ്യവിഭവശേഷിയുടെ 25 ശതമാനത്തോളം വരുന്ന പലസ്തീൻ തൊഴിലാളികൾ ജോലിക്ക് വരുന്നില്ല, ഇസ്രായേലിൽ ജോലി ചെയ്യാൻ അവർക്ക് ഇപ്പോള്‍ അനുവാദമില്ല," ഫീഗ്ലിൻ പറഞ്ഞു. പലസ്തീൻ തൊഴിലാളികളിൽ 10 ശതമാനവും സംഘർഷത്തിന്റെ പ്രധാന കേന്ദ്രമായ ഗാസയിൽ നിന്നുള്ളവരാണ്. ബാക്കിയുള്ളവർ വെസ്റ്റ് ബാങ്കിൽ നിന്നുള്ളവരാണ്.
യുദ്ധമാണ് ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരാനുള്ള പെട്ടെന്നുള്ള കാരണമെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി ടെൽ അവീവിന് ഇത്തരമൊരു നീക്കമുണ്ട്. 42,000 ഇന്ത്യക്കാർക്ക് ഇസ്രായേലിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന ഒരു കരാറിൽ മെയ് മാസത്തിൽ ഇസ്രായേല്‍ ഇന്ത്യയുമായി കരാറില്‍ ഒപ്പുവച്ചിരുന്നു.
ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹന്റെ ഇന്ത്യാ സന്ദർശന വേളയിൽ മെയ് 9 ന് ഇസ്രായേലിലെ പ്രത്യേക തൊഴിൽ വിപണി മേഖലകളിൽ തൊഴിലാളികൾക്ക് താൽക്കാലിക തൊഴിൽ ലഭ്യമാക്കുന്നതിനുള്ള നീക്കം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേൽ നിർമാണ മേഖല ഇന്ത്യക്കാർക്കായി തുറന്ന് കൊടുക്കുന്നത് ഇതാദ്യമാണ്. നഴ്‌സിങ് ജീവനക്കാർക്കും കരാർ ബാധകമാണ്.
ഒരു മൾട്ടി മിനിസ്റ്റീരിയൽ ഇസ്രായേൽ സംഘം മാർച്ചിൽ ഇന്ത്യ സന്ദർശിക്കുകയും രാജ്യത്തുടനീളമുള്ള പരിശീലന കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കരാറിലേർപ്പെട്ടത്. ഇന്ത്യയിൽ നിന്ന് വരുന്ന തൊഴിലാളികൾ ഉത്സാഹമുള്ളവരും പരിചയസമ്പന്നരും ഇംഗ്ലീഷിൽ പ്രാവീണ്യമുള്ളവരുമാണെന്ന് ഇസ്രായേലിലെ പോപ്പുലേഷൻ ആൻഡ് ഇമിഗ്രേഷൻ അതോറിറ്റിയെ ഉദ്ധരിച്ച് മിഡിൽ ഈസ്റ്റ് മോണിറ്റർ റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications