• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി നഴ്‌സുമാര്‍ക്ക് സന്തോഷ വാർത്ത, ഇനി ജർമ്മനിയിൽ ജോലി ഉറപ്പ്, കരാർ ഒപ്പിട്ട് നോർക്ക

Google Oneindia Malayalam News

തിരുവനന്തപുരം: സേവനത്തിന്റെ കാര്യത്തില്‍ ലോകമെമ്പാടും തന്നെ പേര് കേട്ടവരും കഴിവ് തെളിയിച്ചവരുമാണ് മലയാളി നഴ്‌സുമാര്‍. കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ വലിയ തൊഴിലവസരത്തിനുളള വാതില്‍ തുറക്കുകയാണ് നോര്‍ക്ക. അതിനായി ട്രിപ്പിള്‍ വിന്‍ എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ധാരണാപത്രത്തില്‍ നോര്‍ക്കയും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയീസ് ഏജന്‍സിയും ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ: '' മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെൻ്റ് ഏജന്‍സിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ആഗോളതൊഴില്‍ മേഖലയിലെ മാറ്റങ്ങൾക്കനുസൃതമായി പുതിയ സാധ്യതകള്‍ കണ്ടെത്താനുള്ള നോര്‍ക്കയുടെ ശ്രമഫലമായാണ് ലോകത്തിലെ പ്രധാന വ്യവസായവത്കൃത രാജ്യങ്ങളിലൊന്നായ ജര്‍മനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ടുമെൻ്റിനു വഴി തുറന്നിരിക്കുന്നത്. ട്രിപ്പിള്‍ വിന്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതി ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ ജര്‍മനിയിലേക്കുള്ള ആദ്യത്തെ റിക്രൂട്ട്മെൻ്റ് പദ്ധതിയാണ്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലടക്കമുള്ള വിപുലമായ തൊഴിൽ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് ട്രിപ്പിള്‍ വിന്‍ കണക്കാക്കപ്പെടുന്നത്.

കോവിഡാനന്തരം ജര്‍മനിയില്‍ പതിനായിരക്കണക്കിന് നഴ്സിംഗ് ഒഴിവുകൾ ഉണ്ടാകുമെന്നാണു കരുതപ്പെടുന്നത്. അടുത്ത പതിറ്റാണ്ടില്‍ ആരോഗ്യ മേഖലയില്‍ ലോകമെങ്ങും 25 ലക്ഷത്തില്‍ അധികം ഒഴിവുകളും പ്രതീക്ഷക്കപ്പെടുന്നു. പ്രതിവര്‍ഷം കേരളത്തില്‍ 8500ലധികം നഴ്സിംഗ് ബിരുദധാരികള്‍ പുറത്തിറങ്ങുന്നുണ്ട്. ഏറ്റവും മികച്ച ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ ഈ പദ്ധതി വഴി സാധിക്കും. ഇന്ത്യയിലെ ജര്‍മന്‍ ഫെഡറല്‍ ഫോറിന്‍ ഓഫീസിലെ കോണ്‍സുലര്‍ ജനറല്‍ അച്ചിം ബുര്‍ക്കാര്‍ട്ട്, ജര്‍മന്‍ എംബസിയിലെ സോഷ്യല്‍ ആൻ്റ് ലേബര്‍ അഫേയഴ്സ് വകുപ്പിലെ കോണ്‍സുലര്‍ തിമോത്തി ഫെല്‍ഡര്‍ റൗസറ്റി എന്നിവരാണ് ധാരണാ പത്രം ഒപ്പുവയ്ക്കാന്‍ കേരളത്തില്‍ എത്തിയത്''.

മുഖ്യന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിക്കുവേണ്ടി കോണ്‍സില്‍ ജനറല്‍ അച്ചിം ബുര്‍ക്കാട്ടും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. രാജ്യത്ത് ആദ്യമായാണു സര്‍ക്കാര്‍തലത്തില്‍ ജര്‍മനിയിലേക്കു റിക്രൂട്ട്മെന്റിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നതെന്നു ധാരണാപത്രം ഒപ്പുവച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നഴ്സിങ് മേഖലയ്ക്കു പുറമേ ഹോസ്പിറ്റാലിറ്റിയടക്കം മറ്റു മേഖലകളിലേക്കും ഭാവിയില്‍ വലിയ സാധ്യതകള്‍ തുറക്കുന്നതാകും ട്രിപ്പിള്‍ വിന്‍ പദ്ധതി. ജര്‍മനിക്കൊപ്പം മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും പദ്ധതി വഴിതുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജര്‍മനിയിലേക്കു പോകാന്‍ ആഗ്രഹിക്കുന്ന നഴ്സുമാര്‍ക്ക് ഭാഷാ പ്രാവീണ്യത്തിനു കേരളത്തില്‍ത്തന്നെ സൗജന്യമായി സൗകര്യം ഒരുക്കുന്നതും ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു. ജര്‍മന്‍ ഭാഷയില്‍ ബി2 ലെവല്‍ യോഗ്യതയാണു നഴ്സായി ജോലി ചെയ്യാന്‍ വേണ്ടത്. നോര്‍ക്ക മുഖേന റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്കു ബി1 യോഗ്യത നേടി ജര്‍മനിയില്‍ എത്തിയ ശേഷം ബി2 യോഗ്യത കൈവരിച്ചാല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളവുമായുള്ള ധാരണാപത്രം ഒപ്പുവച്ചതു ചരിത്രപരമായ നടപടിയാണെന്നു കോണ്‍സില്‍ ജനറല്‍ അച്ചിം ബുര്‍ക്കാട്ട് പറഞ്ഞു. എല്ലാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2022 ഓടെ ആദ്യ ബാച്ച് നഴ്സുമാര്‍ക്കു ജര്‍മനിയിലേക്ക് എത്താനാകുമെന്നാണു പ്രതീക്ഷ. സാങ്കേതിക വൈദഗ്ധ്യത്തിലും മാനവവിഭവ ശേഷിയിലും ഇന്ത്യയിലെ ആരോഗ്യമേഖല ഏറെ മുന്‍പന്തിയിലാണ്. ഇതില്‍ത്തന്നെ മികവും അര്‍പ്പണബോധവും പുലര്‍ത്തുന്നവരാണു കേരളത്തിലെ നഴ്സുമാര്‍. ഇവര്‍ക്കു ജര്‍മനിയില്‍ വിപുലമായ സാധ്യതകളാണുള്ളത്. കഴിയുന്നത്ര നഴ്സുമാരെ ജര്‍മനിയിലേക്കു റിക്രൂട്ട്ചെയ്യാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
  ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളുടെ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന | Oneindia Malayalam

  നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനു പുറമേ ജര്‍മന്‍ എംബസിയിലെ സോഷ്യല്‍ ആന്റ് ലേബര്‍ അഫേയഴ്‌സ് വകുപ്പിലെ കോണ്‍സുലര്‍ തിമോത്തി ഫെല്‍ഡര്‍ റൗസറ്റി, ജര്‍മന്‍ ഹോണററി കോണ്‍സല്‍ സയ്ദ് ഇബ്രാഹിം, ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി(വിദേശകാര്യം) വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. ഏബ്രഹാം, നോര്‍ക്ക ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി തുടങ്ങിയവരും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ പങ്കെടുത്തു.

  English summary
  Malayali Nurses to get more job opportunities in Germany as Norka signs agreement of Tripple Win project
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X