ഇന്ത്യയുടെ ശുഭാൻഷു ബഹിരാകാശത്തേക്ക്, അവിടുത്തെ ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടും? അറിയാം പ്രശ്നങ്ങൾ
ഇന്ത്യയുടെ ശുഭാൻഷു ശുക്ലയേയും വഹിച്ച് കൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആക്സിയോം 4 പുറപ്പെട്ട് കഴിഞ്ഞു. സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് നാല് യാത്രികരെയും വഹിച്ചുകൊണ്ട് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചപ്പോൾ അത് ഇന്ത്യക്കാർക്കു കൂടി അഭിമാനിക്കാവുന്ന നിമിഷമായി. ആക്സിയോം (എ.എക്സ് -4) എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽനിന്ന് ശുഭാൻഷുവുമായി പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്നത്.
ശുഭാൻഷു ശുക്ല, നാസയുടെ മുൻ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സൻ, ഹംഗറിയുടെ ടിബോർ കപു, പോളണ്ടിന്റെ സാവോസ് ഉസ്‌നൻസ്‌കി നിസ്‌നീവ്സ്‌കി എന്നിവരാണ് എ.എക്സ് -4 ദൗത്യത്തിലുള്ളവർ. പെഗ്ഗി വിറ്റ്സനാണ് ദൗത്യത്തിന്റെ കമാൻഡർ. ബഹിരാകാശ യാത്രയും ബഹിരാകാശ നിലയത്തിലെ താമസവുമൊക്കെയാണ് ഇപ്പോൾ ചർച്ച. ബഹിരാകാശജീവിതം സഞ്ചാരികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടോ എന്ന ചോദ്യം സാമൂഹിക മാധ്യമങ്ങളിൽ പരക്കെ ഉയരുന്നുണ്ട്.

ശരിയാണ്, താത്ക്കാലികവും സ്ഥിരവുമായ ആരോഗ്യപ്രശ്നങ്ങൾ ബഹിരാകാശ ജീവിതം മൂലം സൃഷ്ടിക്കപ്പെടാറുണ്ട്. സുനിത വില്യംസ് ബഹിരാകാശത്ത് കുടുങ്ങിയ ശേഷം തിരിച്ച് വന്നപ്പോഴുളള ആരോഗ്യാവസ്ഥ നമ്മൾ കണ്ടിട്ടുളളതാണ്. കപ്പൽയാത്രക്കാർ അനുഭവിക്കാറുള്ള കടൽച്ചൊരുക്കിന് സമാനമായ സ്പെയ്സ് അഡാപ്റ്റേഷൻ സിൻഡ്രം ആണ് താത്ക്കാലികപ്രശ്നം. ഇതിന്റെ ഫലമായി സഞ്ചാരികൾക്ക് മനം പിരട്ടൽ, ഛർദ്ദി, തലവേദന, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ തുടങ്ങിയവ അനുഭവപ്പെടാം. ബഹിരാകാശയാത്രയിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്മയും ഭൂമിയെ ചുറ്റുന്ന ബഹിരാകാശവാഹനത്തിന്റെ അനുനിമിഷം മാറുന്ന ദിശകളും നമ്മുടെ ആന്തരകർണത്തിലുള്ള ശരീരതുലനവ്യവസ്ഥയെ ബാധിക്കുന്നതാണ് ഇവയ്ക്കു കാരണം. ബഹിരാകാശജീവിതവുമായി സഞ്ചാരി പൊരുത്തപ്പെടുന്നതോടെ ഈ പ്രയാസങ്ങൾ മിക്കവാറും മാറും.
പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ
ദീർഘകാലം ബഹിരാകാശത്ത് ജീവിക്കുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ഇവയിൽ ചിലത് ഭൂമിയിൽ തിരിച്ചെത്തുന്നതോടെ പരിഹരിക്കപ്പെടും. എന്നാൽ ചിലത് തിരിച്ചെത്തിയാലും പരിഹരിക്കപ്പെടാത്തവയാണ്. ഹൃദയം, തലച്ചോറ്, വൃക്ക, കണ്ണ്, പേശികൾ, അസ്ഥികൾ എന്നിവയെയെല്ലാം നീണ്ടകാല ബഹിരാകാശജീവിതം പ്രതികൂലമായി ബാധിക്കും. ഭൂമിയിൽ ഗുരുത്വാകർഷണ ബലത്തിനെതിരെ ശരീരത്തെ താങ്ങിനിർത്തുന്നത് അസ്ഥികളാണല്ലോ. ബഹിരാകാശത്ത് ഭാരമില്ലായ്മ കാരണം അസ്ഥികൾക്ക് ഈ ബാധ്യത ഏറ്റെടുക്കേണ്ടി വരുന്നില്ല. അസ്ഥികളെ ബലപ്പെടുത്തുന്നത് ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷകഘടകമായ കാൽസ്യം ആണ്.
ബഹിരാകാശത്ത് അസ്ഥികളുടെ പ്രസകതി കുറയുന്നതിനാൽ കാൽസ്യം അവയിൽ നിക്ഷേപിക്കപ്പെടില്ല. പകരം അത് മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്നു. അതിനാൽ ദീർഘകാല ബഹിരാകാശജീവിതം അസ്ഥികളെ കനം കുറച്ച് ദുർബലമാക്കും. ഭൂമിയിൽ തിരിച്ചെത്തിയാൽ ചെറിയ വീഴ്ചയിൽ വേഗം എല്ലുകൾ ഒടിയാൻ ഇത് കാരണമാകും. ബഹിരാകാശസഞ്ചാരികൾ നടത്തുന്ന എക്സർസൈസുകൾ അസ്ഥിനഷ്ടപ്രശ്നത്തെ ഒരു പരിധി വരെ പരിഹരിക്കുന്നു. മൂത്രത്തിലൂടെയുള്ള കാൽസ്യത്തിന്റെ വിസർജ്ജനം വൃക്കകളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ബഹിരാകാശത്ത് ഭാരമില്ലായ്മ കാരണം നിൽക്കാനും നടക്കാനുമൊന്നും ശരീരത്തിലെ പേശികൾക്ക് കാര്യമായി ജോലി ചെയ്യേണ്ടി വരില്ല. ഇത് പേശികൾ ചുരുങ്ങുന്നതിന് ഇടയാക്കും.
ഹൃദയം എങ്ങനെ?
ഭൂമിയിൽ ജീവിക്കുമ്പോൾ രക്തം പമ്പ് ചെയ്യാൻ ഹൃദയം കഠിനമായി പണിയെടുക്കണം. എന്നാൽ ഭാരമനുഭവപ്പെടാത്ത ബഹിരാകാശത്ത് ഈ ജോലി എളുപ്പമാണ്. അതിനാൽ ബഹിരാകാശജീവിതം ഹൃദയത്തിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്നു. ഇത് രകതസമ്മർദ്ദം കുറക്കുകയും ഹൃദയപേശികളുടെ ശകതി ക്ഷയിപ്പിക്കുകയും ചെയ്യും. മുഖം തുടുക്കുകയും കാലുകൾ ശോഷിക്കുകയും ചെയ്യും! ദീർഘകാലം ബഹിരാകാശത്ത് കഴിഞ്ഞ 45 നും 55 നും ഇടയിൽ പ്രായമുള്ള 15 സഞ്ചാരികളിൽ നാസ നടത്തിയ ഗവേഷണം ദീർഘകാലബഹിരാകാശജീവിതം ചില കാഴ്ചാവിഷമങ്ങൾക്ക് കാരണമാകുമെന്ന് തെളിയിച്ചിട്ടുണ്ട്.
ദീർഘകാലബഹിരാകാശജീവിതം തലച്ചോറിനെയും വിവിധരീതികളിൽ ബാധിക്കും. ശരീരദ്രവങ്ങൾ തലയോട്ടിക്കുള്ളിലേക്ക് തള്ളിക്കയറുന്നത് തലച്ചോറിനെ മുകളിലേക്ക് തള്ളുകയും ഞെരുക്കുകയും ചെയ്യും. ഇതിനെല്ലാം പുറമെ ഓരോ ബഹിരാകാശ സഞ്ചാരിയേയും വളരെ സൂക്ഷ്മമായിത്തന്നെ പഠനവിധേയമാക്കുന്നുമുണ്ട്.












Click it and Unblock the Notifications