പുതിയ കമ്മിറ്റിയോട് ഒരു കാര്യം; റിക്വസ്റ്റുമായി അന്‍സിബ ഹസന്‍, ജനറല്‍ ബോഡിയില്‍ എല്ലാം പറഞ്ഞു
താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു. പ്രസിഡന്റ് ശ്വേത മേനോന്‍ അമ്മയില്‍ നിന്ന് രാജിവച്ചു. ജനറല്‍ ബോഡി യോഗത്തില്‍ ശ്വേത ഒറ്റപ്പെട്ടു. അടുത്ത കാലത്ത് സംഘടനയില്‍ ഉണ്ടായ വിവാദങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്വേതയുടെ സമിതിക്ക് സാധിച്ചില്ല എന്ന് മിക്ക അംഗങ്ങളും അഭിപ്രായപ്പെട്ടു. രമേശ് പിഷാരടി നയിക്കുന്ന അഡ്‌ഹോക്ക് കമ്മിറ്റിയാകും ഇനി അമ്മയെ നയിക്കുക.
യോഗത്തിന് ശേഷം പുറത്തുവന്ന അന്‍സിബ ഹസന്‍ വളരെ പ്രസന്നയായിട്ടാണ് പ്രതികരിച്ചത്. അവര്‍ക്ക് പറയാനുള്ളത് ജനറല്‍ ബോഡി യോഗം കേട്ടു. ഇതിന് ശ്വേതയുടെ സമിതി അവസാന നിമിഷമാണ് അനുമതി നല്‍കിയത്. വരവ് ചെലവ് കണക്കുകള്‍ കൃത്യമായി അവതരിപ്പിക്കാത്ത കമ്മിറ്റിയെ അന്‍സിബ വിമര്‍ശിച്ചു. പുതിയ കമ്മിറ്റിക്ക് മുമ്പാകെ ഒരു അപേക്ഷയും അവര്‍ മുന്നോട്ടുവച്ചു.

അമ്മയുടെ 32 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാകും ഇങ്ങനെ ഒരു സംഭവം എന്ന് അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ അംഗങ്ങളും ചര്‍ച്ചയില്‍ പങ്കാളിയായ ജനറല്‍ ബോഡി യോഗം ആദ്യമായിട്ടാകുമെന്ന് കരുതുന്നു. എല്ലാവരും അവരുടെ അഭിപ്രായം രേഖപ്പെടുത്തി. അമ്മയുടെ ഭരണസമിതിക്ക് കണക്കുകള്‍ കൃത്യമായി കാണിക്കാന്‍ പറ്റിയില്ല. അംഗങ്ങള്‍ ചോദിച്ചപ്പോള്‍ 45 ദിവസത്തെ സമയം വേണം എന്ന ബാലിശമായ ആവശ്യമാണ് മുന്നോട്ട് വച്ചത് എന്നും അന്‍സിബ പറഞ്ഞു.
തന്റെ കാര്യങ്ങള്‍ ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞു. ഉച്ച വരെ ഇതിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. പിന്നീടാണ് സമയം തന്നത്. ഇതിന് അമ്മയിലെ എല്ലാ അംഗങ്ങളോടും നന്ദി പറയുന്നു. തന്റെ കാര്യങ്ങള്‍ വിശദമായി പറഞ്ഞു. ഓരോ അംഗങ്ങളും കൂടെ നിന്നു. നീതി കിട്ടിയെന്ന് വിശ്വസിക്കുന്നു എന്നും അന്‍സിബ പറഞ്ഞു.
ഇനി പുതിയ കമ്മിറ്റിയോട് തനിക്ക് പറയാനുള്ളത്, പുറത്തുപോയ അതിജീവിത ഉള്‍പ്പെടെയുള്ള എല്ലാവരെയും തിരികെ കൊണ്ടുവരണം. കഴിഞ്ഞ ഓഗസ്റ്റില്‍ ശ്വേത മേനോന്‍ അധ്യക്ഷയായ സമിതി വന്നപ്പോഴും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ നടന്നില്ല. പുതിയ കമ്മിറ്റി പുറത്തുപോയ എല്ലാവരെയും ഔദ്യോഗികമായി വിളിക്കണം. തിരിച്ചുവരുന്നത് അവരുടെ ഇഷ്ടമാണെന്നും അന്‍സിബ പറഞ്ഞു.
അതേസമയം, ചില താരങ്ങള്‍ക്കെതിരെ നല്‍കിയ കേസുമായി മുന്നോട്ട് പോകുമെന്ന് അന്‍സിബ പറഞ്ഞു. നടി ലക്ഷ്മി പ്രിയ, നടന്‍ ടിനി ടോം എന്നിവര്‍ക്കെതിരെയാണ് അന്‍സിബ പോലീസിനെയും കോടതിയെയും സമീപിച്ചിരിക്കുന്നത്. ടിനി ടോം വര്‍ഗീയമായി അധിക്ഷേപിച്ചു എന്നാണ് പരാതി. ലക്ഷ്മി പ്രിയ തൃപ്പൂണിത്തുറ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മാപ്പ് എഴുതി വാങ്ങി എന്ന കാര്യമാണ് അന്‍സിബ പറയുന്നത്.
അമ്മയുടെ പുതിയ അഡ്‌ഹോക്ക് കമ്മിറ്റിയുടെ അധ്യക്ഷന്‍ രമേശ് പിഷാരടിയാണ്. കെബി ഗണേഷ് കുമാര്‍, ബേബി ചന്ദന, ഡോ. റോണി, സുരേഷ് കൃഷ്ണ, സാദിഖ്, ഷാജോണ്‍, ആശ അരവിന്ദ്, കൃഷ്ണ പ്രഭ തുടങ്ങിവരാണ് അംഗങ്ങള്‍. നാല് മാസമാണ് അഡ്‌ഹോക്ക് കമ്മിറ്റിയുടെ കാലാവധി. പുതിയ സ്ഥിരം ഭരണസമിതി ചുമതലയേല്‍ക്കും വരെയാകും ഈ സമിതി പ്രവര്‍ത്തിക്കുക.















Click it and Unblock the Notifications