ഇന്ത്യ കശ്മീര്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുന്നു
ദില്ലി: പാക്കിസ്ഥാന്‍ നടത്താന്‍ സാധ്യതയുള്ള ഏതാക്രമണത്തെയും നേരിടാവുന്നവിധത്തില്‍ കശ്മീര്‍ അതിര്‍ത്തിയിലേക്ക് ഇന്ത്യ കൂടുതല്‍ സൈന്യത്തെ അയയ്ക്കുന്നു. പാക്കിസ്ഥാന്‍ ആക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടൊന്നുമില്ലെങ്കിലും ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ നിതാന്ത ജാഗ്രത പാലിക്കുകയാണെന്ന് പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ലോക്സഭയെ അറിയിച്ചു.
ജമ്മു കശ്മീരിലെ കാര്‍ഗിലില്‍ കഴിഞ്ഞ വര്‍ഷം ഇതേ വേനല്‍ക്കാലത്തായിരുന്നു ആയിരക്കണക്കിന് തീവ്രവാദികള്‍ നുഴഞ്ഞുകയറി തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ നിയന്ത്രണത്തിലാക്കിയത്. ഒന്നര മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ കരസേനക്കും വ്യോമസേനക്കും നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ സാധിച്ചത്. സംഭവത്തിനു ശേഷം പാക്കിസ്ഥാന്‍ ഭരണകൂടവുമായി ഇന്ത്യാ സര്‍ക്കാര്‍ ഇതുവരെ ഉഭയകക്ഷി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടില്ല.
എന്നാല്‍ എത്ര ആര്‍മി ജവാന്മാരെയും വ്യോമസേന സൈനികരെയുമാണ് അതിര്‍ത്തിയിലേക്ക് നിയോഗിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാല്‍ അതിര്‍ത്തി രക്ഷാസേനാ ഭടന്മാരുള്‍പ്പെടാതെ രണ്ടു ലക്ഷത്തോളം സൈനികരെ നിയോഗിച്ചിട്ടുണ്ടെന്ന് ഒരു സൈനികവക്താവ് അറിയിച്ചതായി റോയിറ്റേഴ്സ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
കാര്‍ഗിലിനും പട്ടാള അട്ടിമറിക്കും ശേഷം പാക്കിസ്ഥാന്‍ ജമ്മു കശ്മീരിലെ തീവ്രവാദത്തിന് കൂടുതല്‍ പിന്തുണ നല്‍കുകയാണെന്ന് വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗ് പാര്‍ലമെന്റിനെ അറിയിച്ചു. നിന്നു പോയ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ പാക്കിസ്ഥാനാണ് മുന്‍കൈയെടുക്കേണ്ടതെന്നും ജസ്വന്ത് സിംഗ് പറഞ്ഞു.












Click it and Unblock the Notifications