ശ്രീലങ്ക സുഹൃദ്രാജ.്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാനൊരുങ്ങുന്നു
കൊളംബോ: ജാഫ്ന പിടിക്കാനായി മുന്നേറുന്ന തമിഴ് പുലികളുമായുള്ള പോരാട്ടം ശ്രീലങ്കന്‍ സൈന്യം തുടരവെ, ശ്രീലങ്ക മറ്റു രാജ്യങ്ങളില്‍ നിന്ന് ആയുധം വാങ്ങാന്‍ നീക്കം നടത്തി. ആയുധം നല്‍കാന്‍ തയ്യാറായേക്കാവുന്ന സുഹൃദ്രാജ്യങ്ങള്‍ക്ക് വാങ്ങാനുള്ള ആയുധങ്ങളുടെ ലിസ്റ്റ് ശ്രീലങ്ക നല്‍കിയിട്ടുണ്ട്.
ആയുധങ്ങള്‍ പെട്ടെന്ന് തന്നെ കിട്ടിയില്ലെങ്കില്‍ തല്‍ക്കാലത്തേക്കെങ്കിലും ജാഫ്ന കൈവിടേണ്ടി വന്നേക്കുമെന്ന ആശങ്കയുണ്ടെന്ന് ഒരു സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു.
അതിനിടെ ഇന്ത്യയെ ബാധിക്കുന്ന എന്തു പ്രശ്നവും നേരിടാനായി തിരുവനന്തപുരത്തെ സതേണ്‍ എയര്‍ കമാന്റേഴ്സ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് ചരക്കുവിമാനം പോയിട്ടുണ്ടെന്ന് വ്യോമസേനാ വൃത്തങ്ങള്‍ പറഞ്ഞു. ശ്രീലങ്കയിലെ ഏത് അടിയന്തിരഘട്ടത്തെയും നേരിടാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. മാനുഷികസഹായം എന്ന നിലയില്‍ അടിയന്തിരഘട്ടത്തില്‍ മരുന്ന് എത്തിക്കുന്നതടക്കമുള്ള സേവനങ്ങള്‍ക്ക് വ്യോമസേന ഒരുങ്ങിയിരിക്കുകയാണ്.
വ്യോമസേനാ ചീഫ് എയര്‍ മാര്‍ഷല്‍ എ.വൈ.ടിപ്നിസിന്റെ നാലുദിവസത്തെ കൊളംബോ സന്ദര്‍ശനം തിങ്കളാഴ്ച്ച തുടങ്ങുകയാണ്. ചീഫ് എയര്‍ മാര്‍ഷലിന്റെ സന്ദര്‍ശനം നേരത്തെ തീരുമാനിച്ചിരുന്നതായിരുന്നെങ്കിലും ശ്രീലങ്കന്‍ ഉദ്യോഗസ്ഥരുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഒരു വ്യോമസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തമിഴ് പുലികളുമായുള്ള ശ്രീലങ്കന്‍ സൈന്യത്തിന്റെ യുദ്ധം നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കുകയാണ്. യുദ്ധത്തിന്റെ ഫലം എന്താവുമെന്ന് രണ്ടാഴ്ച്ചകള്‍ക്കുള്ളില്‍ അറിയാനാവുമെന്ന് നിരീക്ഷകര്‍ പറയുന്നു.
പുലികള്‍ നിയന്ത്രണം പിടിച്ചെടുത്തിരിക്കുന്ന തീരദേശറോഡില്‍ നിന്നും അവര്‍ക്ക് കുറച്ചു കിലോമീറ്ററുകള്‍ കൂടി മുന്നേറാന്‍ കഴിഞ്ഞാല്‍ പല്ലായിയിലെ പ്രധാനസൈനികതാവളവും കങ്കേശതുറൈ തുറമുഖവും എല്‍.ടി.ടി.ഇയുടെ കീഴിലാകും.
പുലികളുടെ താവളങ്ങള്‍ക്കു നേരെ ഹെലികോപ്ടറുകളില്‍ നിന്നും ബോംബ് വര്‍ഷിക്കാനുള്ള നീക്കത്തിലാണ് ശ്രീലങ്കന്‍ സൈന്യമെന്ന് നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ ജനവാസമുള്ള സ്ഥലങ്ങളിലേക്ക് പുലികള്‍ മുന്നേറികഴിഞ്ഞാല്‍ അവര്‍ക്ക് ആകാശമാര്‍ഗത്തിലുള്ള ആക്രമണം അസാധ്യമാവും.