ടെലികോം സമരം പിന്‍വലിച്ചു
ദില്ലി: നാലു ലക്ഷത്തോളം വരുന്ന ടെലികോം ജീവനക്കാര്‍ രണ്ടു ദിവസമായി നടത്തിവന്ന ദേശീയ പണിമുടക്ക് പിന്‍വലിച്ചു.
വിവിധ യൂണിയന്‍ നേതാക്കളുമായി കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് മന്ത്രി രാം വിലാസ് പാസ്വാന്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയുണ്ടായത്. സപ്തംബര്‍ എട്ട് വെള്ളിയാഴ്ച രാത്രി നടന്ന ചര്‍ച്ച ഒരു മണിക്കൂര്‍ നീണ്ടു.
ധാരണയനുസരിച്ച് ജീവനക്കാരുടെ പെന്‍ഷന്‍ പുതിയതായി രൂപീകരിക്കപ്പെടുന്ന ടെലികോം കോര്‍പറേഷനു പകരം സര്‍ക്കാര്‍ നേരിട്ടു തന്നെ വിതരണം ചെയ്യും. തങ്ങളുടെ ജോലി നഷ്ടപ്പെടുമോ എന്ന് ടെലികോം ജീവനക്കാര്‍ക്കുണ്ടായിരുന്ന ആശങ്കയും സര്‍ക്കാര്‍ ദുരീകരിച്ചിട്ടുണ്ട്.
ടെലികോം വകുപ്പില്‍ ഇപ്പോഴുള്ള താല്ക്കാലിക ജീവനക്കാരെയെല്ലാം കോര്‍പറേഷന്‍ രൂപീകരിക്കുമ്പോള്‍ സ്ഥിരപ്പെടുത്തുമെന്ന് മന്ത്രി പാസ്വാന്‍ പറഞ്ഞു.
കരാറല്ല മറിച്ച് അത് നടപ്പിലാക്കാനുള്ള മാന്യതയാണ് പ്രധാനമെന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ടെലികോം എംപ്ലോയീസ് സെക്രട്ടറി ഒ.പി.ഗുപ്ത പറഞ്ഞു.
ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നതോടെ ടെലികോം വകുപ്പ് കോര്‍പറേഷനാക്കുന്നതിനുള്ള കടമ്പകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ കടന്നു കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ ഒന്നിനാണ് ടെലികോം വകുപ്പ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്ന കോര്‍പറേഷനാവുന്നത്.












Click it and Unblock the Notifications