ബംഗാളില്‍ രാഷ്ട്രപതി ഭരണം നടപ്പില്ല : ബസു
കല്‍ക്കത്ത : പശ്ചിമബംഗാള്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് കേന്ദ്രം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയാല്‍ ജനങ്ങള്‍ ചുട്ട മറുപടി കൊടുക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി.
ഭരണഘടനാവിരുദ്ധമായി സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ ശക്തിയുക്തം പോരാടും. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിശദീകരിച്ചുകൊണ്ട് അയച്ച കത്തില്‍ ആഭ്യന്തര മന്ത്രി എല്‍.കെ.അദ്വാനി തൃപ്തനല്ലെങ്കില്‍ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ബസു വ്യക്തമാക്കി. സംസ്ഥാനത്തെ യഥാര്‍ത്ഥ സ്ഥിതിഗതികളെക്കുറിച്ചാണ് അദ്വാനിക്കുള്ള കത്തില്‍ വിശദീകരിച്ചിട്ടുള്ളത്. എന്തായാലും ഇനിയും അദ്വാനിക്ക് കത്തിലൂടെ മറുപടി നല്‍കുമെന്ന് ബസു വ്യക്തമാക്കി.
പ്രതിപക്ഷ കക്ഷികളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് കത്തില്‍ പറഞ്ഞിട്ടില്ലെന്ന് അദ്വാനി ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്വാനിക്കയച്ച കത്തില്‍ ബസു വ്യക്തമാക്കിയിരുന്നു. പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ ബംഗാള്‍ സന്ദര്‍ശനവേളയില്‍ മന്ത്രിമാരെയോ മുതിര്‍ന്ന ഉദ്യോഗസ്ഥരെയോ കാണാന്‍ കൂട്ടാക്കാത്ത ഫെര്‍ണാണ്ടസിന്റെ നടപടിയെ കത്തില്‍ വിമര്‍ശിക്കുന്നുമുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ താന്‍ വിരമിക്കാന്‍ തീരുമാനിച്ചിരുന്നതായി ബസു വെളിപ്പെടുത്തി. എത്ര നാള്‍ തുടരാനാവുമെന്നതിന് ഒരുറപ്പുമില്ല. ചുമതലകള്‍ മറ്റൊരാള്‍ ഏറ്റെടുക്കണമെന്ന് ഹര്‍കിഷന്‍ സിംഹ് സുര്‍ജിത്തിനോട് പറഞ്ഞിരുന്നതായി ബസു വ്യക്തമാക്കി. എന്നാല്‍ കുറച്ചു നാള്‍ കൂടി കാത്തിരിക്കാനായിരുന്നു സുര്‍ജിത്തിന്റെ നിര്‍ദ്ദേശം. വിരമിക്കാനുള്ള തീയതിയൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് ബസു പറഞ്ഞു .